അന്‍വര്‍ പോയ നിലമ്പൂര്‍ തിരിച്ചുപിടിച്ചു, ഇനി ലക്ഷ്യം താനൂരും തവനൂരും! മന്ത്രി അബ്ദുറഹിമാനും കെ ടി ജലീലിനും നെഞ്ചിടിപ്പ്; തദ്ദേശത്തില്‍ തൂത്തുവാരി, നിയമസഭയില്‍ 16 സീറ്റും ലക്ഷ്യമിട്ട് യുഡിഎഫിന്റെ ഒരുക്കങ്ങള്‍; മലപ്പുറത്ത് ആര് വാഴും ആര് വീഴും?

മലപ്പുറത്ത് ആര് വാഴും ആര് വീഴും?

Update: 2026-02-14 06:50 GMT

തിരുവനന്തപുരം: സംസ്ഥാനത്താകെ ഇടത് തരംഗമുണ്ടാകുമ്പോഴും യുഡിഎഫിന്റെ കൈപിടിച്ച മണ്ണാണ് മലപ്പുറം.അപൂര്‍വ്വവസരങ്ങളില്‍ ഇതിന് വ്യതിയാനം കാണാമെങ്കിലും മലപ്പുറത്തിന്റെ ഹൃദയം യുഡിഎഫിനൊപ്പമാണ്.ഈ ചരിത്രത്തിന് ഇക്കുറിയും വല്യ മാറ്റങ്ങള്‍ ഉണ്ടാകില്ലെന്നതാണ് തദ്ദേശത്തിലെ ഫലങ്ങള്‍ സൂചിപ്പിക്കുന്നതും. മലപ്പുറത്തെ 16 മണ്ഡലങ്ങളില്‍ പൊന്നാനി ഒഴികെ 15 മണ്ഡലങ്ങളില്‍ വിജയം കണ്ടെത്താമെന്ന പ്രതീക്ഷയിലാണ് യുഡിഎഫ്.

ഉപതെരഞ്ഞെടുപ്പില്‍ നിലമ്പൂര്‍ കൈവിട്ടെങ്കിലും മറ്റ് മൂന്ന് സിറ്റിങ്ങ് സീറ്റുകള്‍ നിലനിര്‍ത്തുന്നതിനൊപ്പം ലീഗിന്റെ കോട്ടയിലേക്ക് ഇടിച്ച് കയറാന്‍ ആണ് എല്‍ ഡി എഫിന്റെ ശ്രമം. ശക്തരായ സ്ഥാനാര്‍ത്ഥികളെ നിര്‍ത്തി വോട്ട് വിഹിതം കൂട്ടാനാണ് ബിജെപിയുടെ ശ്രമം.

സിറ്റിങ്ങ് സീറ്റ് നിലനിര്‍ത്തണം.. ലീഗിന്റെ കോട്ടകളില്‍ വിള്ളലും.. എല്‍ ഡി എഫിന്റെ ലക്ഷ്യങ്ങള്‍

ഉപതെരഞ്ഞെടുപ്പില്‍ നഷ്ടപ്പെട്ട നിലമ്പൂര്‍ ഉള്‍പ്പടെ 16 ല്‍ 4 മണ്ഡലങ്ങള്‍ മാത്രമാണ് കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പില്‍ ഇടതിനൊപ്പം നിന്നത്. അതിനാല്‍ തന്നെ നിലവിലെ ട്രെന്‍ഡ് വച്ച് കൈവശമുള്ള 3 മണ്ഡലങ്ങള്‍ നിലനിര്‍ത്താനാകും എല്‍ ഡി എഫിന്റെ ആദ്യ ശ്രമം.തദ്ദേശത്തിലെ കണക്ക് പരിശോധിക്കുമ്പോള്‍ ഇടതിന് ഒട്ടും ആശാവഹമല്ല കാര്യങ്ങള്‍. ഇടതുമുന്നണിക്ക് ഒരളവോളമെങ്കിലും ശക്തി നിലനിര്‍ത്താന്‍ കഴിഞ്ഞിട്ടുള്ളത് ശക്തികേന്ദ്രമായ പൊന്നാനിയില്‍ മാത്രമാണ്. മലപ്പുറം ജില്ലയിലെ 12 നഗരസഭകളില്‍ പൊന്നാനി മാത്രമാണ് എല്‍ഡിഎഫിന് നിലനിര്‍ത്താനായത്. ആകെയുള്ള 53-ല്‍ 32 വാര്‍ഡും എല്‍ഡിഎഫിനാണ്. കഴിഞ്ഞതവണ 38 അംഗങ്ങളുണ്ടായിരുന്നു.മുതിര്‍ന്ന സിപിഎം നേതാവ് പി. നന്ദകുമാറാണ് പൊന്നാനി എംഎല്‍എ.

മന്ത്രി വി. അബ്ദുറഹിമാന്റെ മണ്ഡലമായ താനൂരില്‍ നിറമരുതൂര്‍ പഞ്ചായത്തു മാത്രമാണ് എല്‍ഡിഎഫിനൊപ്പമുള്ളത്. അത് യുഡിഎഫില്‍നിന്ന് പിടിച്ചെടുത്തതാണ്.ഒപ്പം പൊന്നാനിയിലെ വെളിയങ്കോട്, കൊണ്ടോട്ടിയിലെ വാഴയൂര്‍ പഞ്ചായത്തുകളും ഈ ക്ഷീണത്തിനിടയില്‍ എല്‍ഡിഎഫ് പിടിച്ചെടുത്തു.മുന്‍മന്ത്രി കെ.ടി. ജലീലിന്റെ മണ്ഡലമായ തവനൂരിലെ കാലടി,എടപ്പാള്‍,തവനൂര്‍,പുറത്തൂര്‍, വട്ടംകുളം,മംഗലം, തൃപ്രങ്ങോട് പഞ്ചായത്തുകളെല്ലാം യുഡിഎഫിനൊപ്പമാണ്. ഇതില്‍ തവനൂരും എടപ്പാളും തൃപ്രങ്ങോടും പുറത്തൂരും എല്‍ഡിഎഫില്‍നിന്ന് യുഡിഎഫ് പിടിച്ചെടുത്തതാണ്.സിപിഎം ശക്തികേന്ദ്രമായ പുറത്തൂര്‍ എല്‍ഡിഎഫിന് നഷ്ടപ്പെടുന്നത് ദശാബ്ദങ്ങള്‍ക്കു ശേഷമാണ്.

പൊന്നാനി ഒഴികെയുള്ള സിറ്റിങ്ങ് സീറ്റുകളില്‍ സ്വതന്ത്ര സ്ഥാനാര്‍ത്ഥി പരീക്ഷണം സി പി എം ആവര്‍ത്തിച്ചേക്കും.പൊന്നാനി കേന്ദ്രീകരിച്ച് എം സ്വരാജ് സജീവമാണ്. തവനൂരില്‍ കെ ടി ജലീല്‍ മത്സരിച്ചേക്കും.മത്സരിക്കാനില്ലെന്ന് പറയുമ്പോഴും താനുരില്‍ നിന്ന് തിരൂരിലേക്ക് മന്ത്രി വി അബ്ദു റഹ്‌മാനും നോട്ടമുണ്ട്.

ലക്ഷം 16 ല്‍ 15.. തദ്ദേശം കരുത്താക്കി യു ഡി എഫ്

തദ്ദേശ തെരഞ്ഞെടുപ്പിലുണ്ടായ വന്‍വിജയം ആത്മവിശ്വാസമാക്കി 16 ല്‍ 15 സീറ്റും കൈപ്പിടിയിലൊതുക്കാനാണ് ഇക്കുറി യു ഡി എഫിന്റെ പടപ്പുറപ്പാട്.20 സിറ്റിങ്ങ് എം എല്‍ എമാര്‍ മത്സരിക്കും എന്ന് വ്യക്തമാക്കിയതോടെ മലപ്പുറം ജില്ലയില്‍ നിന്ന് എത്ര പേരുണ്ടാകും എന്നാണ് ഇനി അറിയേണ്ടത്.തദ്ദേശ തെരഞ്ഞെടുപ്പിലെ ഫലം പരിശോധിച്ചാല്‍ യു ഡി എഫിന് 6 ലക്ഷം വോട്ടിന്റെ ഭൂരിപക്ഷമുണ്ട്.122 തദ്ദേശ സ്ഥാപനങ്ങളില്‍ 116 ഇടത്തും വിജയം. ജില്ലപഞ്ചായത്തിലാകട്ടെ പ്രതിപക്ഷം പോലുമില്ല.

കഴിഞ്ഞ നിയമസഭ തെരഞ്ഞടുപ്പില്‍ 11 ഇടത്ത് മുസ്ലീം ലീഗും ഒരിടത്ത് കോണ്‍ഗ്രസ്സുമാണ് ജയിച്ചത്.2021 ല്‍ നഷ്ടപ്പെട്ട നിലമ്പൂര്‍ പി വി അന്‍വര്‍ രാജി വെച്ചതിനെതുടര്‍ന്നുണ്ടായ ഉപതെരഞ്ഞെടുപ്പില്‍ യുഡിഎഫ് തിരിച്ച് പിടിച്ചു.രണ്ട് വട്ടമായി മന്ത്രി അബ്ദുറഹ്‌മാന്‍ വിജയിച്ച് വരുന്ന താനൂര്‍ പിടിച്ചെടുക്കുകയാണ് ലീഗിന്റെ ഇത്തവണത്തെ പ്രധാന ലക്ഷ്യങ്ങളിലൊന്ന്.പൊന്നാന്നി ഉറച്ച ഇടത് കോട്ടയാണെങ്കില്‍ തദ്ദേശ തെരഞ്ഞെടുപ്പില്‍ ഉണ്ടായ മാറ്റം ഗുണകരമാകുമെന്നാണ് യുഡിഎഫ് നേതൃത്വത്തിന്റെ കണക്ക് കൂട്ടല്‍. സ്ഥാനാര്‍ത്ഥി നിര്‍ണ്ണയത്തിന്റെ അന്തിമ ഘട്ടത്തിലേക്ക് ലീഗും കോണ്‍ഗ്രസ്സും കടന്നു.

എം എസ് എഫിന് ഒന്നും യൂത്ത് ലീഗിന് മൂന്ന് സീറ്റുവരെയും നല്‍കിയേക്കും. യഥാക്രമം രണ്ടും അഞ്ചും സീറ്റുകളാണ് ഇരു സംഘടനകളുടെയും ആവിശ്യം.ലീഗ് ദേശീയ സെക്രട്ടറി ജയന്തി രാജന്‍,ജില്ല പഞ്ചായത്ത് മുന്‍ പ്രസിഡന്റ് സുഹ്‌റ മമ്പാട്,അഡ്വ നൂര്‍ബിന റഷീദ് എന്നിവര്‍ക്കാണ് വനിതകളില്‍ പ്രാമുഖ്യം. കോണ്‍ഗ്രസ്സില്‍ നിലമ്പൂരില്‍ ആര്യാടന്‍ ഷൗക്കത്തും,വണ്ടൂരില്‍ എ പി അനില്‍ കുമാറും തുടരും.തവന്നൂരില്‍ യൂത്ത് കോണ്‍ഗ്രസ്സിന് നോട്ടമുണ്ട്. പൊന്നാനിയില്‍ പി ടി അജയ് മോഹന്‍, കെ പി നൗഷാദ് അലി എന്നിവര്‍ പരിഗണനയിലുണ്ട്.

കരുത്തരായ സ്ഥാനാര്‍ത്ഥികള്‍..ബി ജെ പി യുടെ ലക്ഷ്യം വോട്ട് വിഹിതം

താഴെ തട്ടില്‍ സംഘടനയെ ശക്തിപ്പെടുത്തുന്ന പ്രവര്‍ത്തനങ്ങളിലാണ് ബി ജെ പി യുടെ ശ്രദ്ധ.അതിനാല്‍ തന്നെ ശക്തരായ സ്ഥാനാര്‍ത്ഥികളെ നിര്‍ത്തി വോട്ട് വിഹിതം കൂട്ടുകയാണ് നേതൃത്വം ലക്ഷ്യം വെക്കുന്നത്.

2021 ലെ കണക്കുകള്‍

യുഡിഎഫ്

1. ടി വി ഇബ്രാഹിം -കൊണ്ടോട്ടി -17,666

2. പി ഉബൈദുള്ള -മലപ്പുറം -35,208

3. എ പി അനില്‍ കുമാര്‍ - വണ്ടൂര്‍ -15,563

4. ആബിദ് ഹുസൈന്‍ തങ്ങള്‍ - കോട്ടക്കല്‍ - 16,558

5. പി കെ ബഷീര്‍ - ഏറനാട് - 22,546

6. അബ്ദുള്‍ ഹമീദ് - വള്ളിക്കുന്ന് -14,416

7. കെ പി എ മജീദ് -തിരൂരങ്ങാടി -9,578

8. കുറുക്കോളി മൊയ്തീന്‍ -തിരൂര്‍ -7,214

9. നജീബ് കാന്തപുരം-പെരിന്തല്‍മണ്ണ -38

10. യു എ ലത്തീഫ് -മഞ്ചേരി -14,573

11. മഞ്ഞളാംകുഴി അലി -മങ്കട-6,246

12. പി കെ കുഞ്ഞാലിക്കുട്ടി -വേങ്ങര -30, 596

എല്‍ ഡി എഫ്

1. പി വി അന്‍വര്‍ - നിലമ്പൂര്‍-2,700

2. കെ ടി ജലീല്‍ - തവന്നൂര്‍ - 2,564

3. വി അബ്ദുറഹ്‌മാന്‍ - താനൂര്‍ -985

4. പി നന്ദകുമാര്‍ - പൊന്നാനി -17,043

നാളെ വയനാട്

Tags:    

Similar News