എസ്ഡിപിഐ- സിപിഎം ധാരണ മുഖ്യമന്ത്രി നേരിട്ട് ഇടപെട്ട്; വികസനം സിപിഎമ്മുകാര്‍ക്ക് മാത്രം: സിപിഎമ്മുകാരുടെ ദാരിദ്ര്യം മാറി എന്നല്ലാതെ സാധാരണക്കാരുടെ ദാരിദ്ര്യത്തിന് ഒരു മാറ്റവും ഉണ്ടായിട്ടില്ല: രമേശ് ചെന്നിത്തല

എസ്ഡിപിഐ- സിപിഎം ധാരണ മുഖ്യമന്ത്രി നേരിട്ട് ഇടപെട്ട്; വികസനം സിപിഎമ്മുകാര്‍ക്ക് മാത്രം

Update: 2026-03-29 12:23 GMT

കൊച്ചി: ഭരണപക്ഷത്തിനെതിരെ വിമര്‍ശനവുമായി മുന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. വികസനം എന്നത് സിപിഎമ്മുകാര്‍ക്ക് മാത്രമുള്ളതായി മാറിയെന്ന് ചെന്നിത്തല വിമര്‍ശിച്ചു. അതിദരിദ്രര്‍ ഇല്ലാതായി എന്നാണ് പറയുന്നത്. സിപിഎമ്മുകാരുടെ ദാരിദ്ര്യം മാറി എന്നല്ലാതെ സാധാരണക്കാരുടെ ദാരിദ്ര്യത്തിന് ഒരു മാറ്റവും ഉണ്ടായിട്ടില്ലെന്നും രമേശ് ചെന്നിത്തല കൊച്ചിയില്‍ പറഞ്ഞു.

സംസ്ഥാനത്ത് സിപിഎമ്മും എസ്ഡിപിഐയും തമ്മില്‍ പരസ്യധാരണ ഉണ്ടാക്കിയിരിക്കുകയാണ്. മുഖ്യമന്ത്രി നേരിട്ട് ഇടപെട്ടാണ് എസ്ഡിപിഐയുമായി ധാരണയുണ്ടാക്കിയിരിക്കുന്നതെന്നും ചെന്നിത്തല പറഞ്ഞു. വേങ്ങര, മങ്കട എന്നിവിടങ്ങളില്‍ എസ്ഡിപിഐ സ്ഥാനാര്‍ത്ഥികളായിരുന്നവരാണ് ഇപ്പോള്‍ സിപിഎമ്മിന്റെ സ്ഥാനാര്‍ത്ഥികള്‍. എസ്ഡിപിഐ, പിഡിപി തുടങ്ങിയവരുമായി ബന്ധമുണ്ടാക്കിയതു സിപിഎമ്മാണെന്നും ചെന്നിത്തല പറഞ്ഞു.

എസ്ഡിപിഐയുടെ പിന്തുണ വേണ്ടെന്ന് മഞ്ചേശ്വരത്തെ യുഡിഎഫ് സ്ഥാനാര്‍ത്ഥി തന്നെ പറഞ്ഞിട്ടുണ്ടെന്ന് രമേശ് ചെന്നിത്തല വ്യക്തമാക്കി. സ്ഥാനാര്‍ത്ഥിത്വം പിന്‍വലിച്ചതിനു പിന്നില്‍ യുഡിഎഫ് മതസംഘടനകളുടെ മേല്‍ സമ്മര്‍ദ്ദം ചെലുത്തിയാണെന്ന് സ്ഥാനാര്‍ത്ഥിയായിരുന്ന കെ എം അഷ്‌റഫ് ആരോപിച്ചിരുന്നു.

വയനാട്ടിലെ ദുരന്തബാധിതര്‍ക്കുള്ള വീടുകളുടെ പുനര്‍നിര്‍മാണം പൂര്‍ത്തീകരിക്കുമെന്നും ചെന്നിത്തല പറഞ്ഞു. രാഹുല്‍ ഗാന്ധിയാണ് അവിടെ വീടുകള്‍ക്ക് കല്ലിട്ടത്. അത് പൂര്‍ത്തീകരിക്കാനുള്ള ഉത്തരവാദിത്തം കോണ്‍ഗ്രസിനുണ്ട്. വയനാട്ടിലെ ദുരന്തബാധിതര്‍ക്ക് നല്‍കിയ വാഗ്ദാനം കോണ്‍ഗ്രസ് പാലിക്കുമെന്നും രമേശ് ചെന്നിത്തല വ്യക്തമാക്കി.

Tags:    

Similar News