'മാധ്യമപ്രവര്‍ത്തകര്‍ അജണ്ട സെറ്റ് ചെയ്തു വന്നിരിക്കുന്നു; എസ്ഡിപിഐയെക്കുറിച്ച് എന്നോടല്ല, അവരോട് പോയി ചോദിക്കണം; എല്ലാ വര്‍ഗീയ ശക്തികളോടും ഒരേ നിലപാട്'; എസ്ഡിപിഐ പിന്തുണയെക്കുറിച്ചുള്ള ചോദ്യങ്ങളോട് ക്ഷുഭിതനായി മുഖ്യമന്ത്രി; ആരോപണം കനഗോലു ക്യാപ്‌സ്യൂള്‍ എന്ന് എം എ ബേബി; എല്ലാവരുടെയും വോട്ട് സ്വീകരിക്കുമെന്ന് മങ്കടയിലെ ഇടത് സ്വതന്ത്രന്‍

Update: 2026-03-29 06:24 GMT

മലപ്പുറം: എസ്ഡിപിഐ പിന്തുണയെക്കുറിച്ച് തുടര്‍ച്ചയായുള്ള ചോദ്യങ്ങളോട് ക്ഷുഭിതനായി മുഖ്യമന്ത്രി പിണറായി വിജയന്‍. മാധ്യമപ്രവര്‍ത്തകര്‍ അജണ്ട സെറ്റ് ചെയ്തു വന്നിരിക്കുകയാണെന്നും പിണറായി പറഞ്ഞു. എല്ലാകാലത്തും വര്‍ഗീയതയുമായി വിട്ടുവീഴ്ച ഇല്ലാത്ത സമീപനമാണ് എല്‍ഡിഎഫ് സ്വീകരിച്ചത്. എസ്ഡിപിഐയെ കുറിച്ച് താന്‍ അല്ല മറുപടി പറയേണ്ടത് ,അത് എസ്ഡിപിഐക്കാരോട് പോയി ചോദിക്കണമെന്നും പിണറായി വിജയന്‍ പറഞ്ഞു. മരുമോനിസത്തിനെതിരെയാണ് തന്റെ പോരാട്ടമെന്ന തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് പി.വി അന്‍വറിന്റെ ആരോപണം സംബന്ധിച്ച ചോദ്യത്തോടും മുഖ്യമന്ത്രി ക്ഷുഭിതനായി. നാവിന് എല്ലില്ലാത്തയാള്‍ പറയുന്നത് ഇവിടെ വന്ന് ചോദിക്കരുതെന്നും അന്‍വറിന്റെ മെഗാഫോണ്‍ ആയി മാധ്യമപ്രവര്‍ത്തകര്‍ മാറരുതെന്നും മുഖ്യമന്ത്രി പറഞ്ഞു. കേരളത്തില്‍ ഇടതുപക്ഷ ജനാധിപത്യമുന്നണിക്ക് ലഭിച്ച തുടര്‍ഭരണം കേവലം ഏതെങ്കിലും തരത്തിലുള്ള ഗിമ്മിക്കുകള്‍ കൊണ്ടല്ല, മറിച്ച് നാടിന്റെ പുരോഗതിക്കും ജനക്ഷേമത്തിനുമായി എല്‍ഡിഎഫ് നടത്തിയ ആത്മാര്‍ഥമായ പ്രവര്‍ത്തനങ്ങള്‍ കൊണ്ടാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. തിരഞ്ഞെടുപ്പ് പ്രചരണത്തിന്റെ ഭാഗമായി മലപ്പുറത്ത് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

കഴിഞ്ഞ പത്തുവര്‍ഷത്തിനിടയില്‍ വിദ്യഭ്യാസം, ആരോഗ്യം, സാമ്പത്തികം തുടങ്ങി എല്ലാ മേഖലകളിലും കൈവരിച്ച നേട്ടങ്ങള്‍ ഇതിന് തെളിവാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. കഴിഞ്ഞ ഒരു പതിറ്റാണ്ടിനിടെ കേരളം കൈവരിച്ച മാറ്റങ്ങള്‍ യാദൃശ്ചികമല്ലെന്നും അത് കൃത്യമായ രാഷ്ട്രീയ നൈതികതയുടെ ഭാഗമാണെന്നും അദ്ദേഹം പറഞ്ഞു. വര്‍ഗീയതയോട് വിട്ടുവീഴ്ചയില്ലാത്ത നിലപാട് സ്വീകരിച്ചത് വഴി സംസ്ഥാനത്ത് സമാധാനപരമായ അന്തരീക്ഷം നിലനിര്‍ത്താന്‍ സര്‍ക്കാരിന് സാധിച്ചു. വസ്തുതകള്‍ മറച്ചുവെച്ച് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാന്‍ പ്രതിപക്ഷം നുണപ്രചാരണങ്ങള്‍ നടത്തുകയാണെന്ന് അദ്ദേഹം വിമര്‍ശിച്ചു. വികസനത്തിലൂടെയും ദാരിദ്ര്യനിര്‍മ്മാര്‍ജ്ജനത്തിലൂടെയും കേരളം കൈവരിച്ച ആഗോള ശ്രദ്ധ വരാനിരിക്കുന്ന തിരഞ്ഞെടുപ്പിലും പ്രതിഫലിക്കുമെന്ന് മുഖ്യമന്ത്രി പ്രത്യാശ പ്രകടിപ്പിച്ചു.

വിദ്യാഭ്യാസവും ആരോഗ്യവും ഉള്‍പ്പെടെയുള്ള എല്ലാ മേഖലകളും അഭിവൃദ്ധി പ്രാപിച്ചു. കേരളം അതിദാരിദ്ര്യ മുക്തമായത് ലോകം തന്നെ ശ്രദ്ധിച്ച കാര്യമാണ്. സംസ്ഥാനത്തിന്റെ തനത് നികുതി വരുമാനവും നികുതിയേതര വരുമാനവും വര്‍ധിക്കുകയും മൊത്തം ആഭ്യന്തര ഉത്പാദനത്തില്‍ വലിയ വളര്‍ച്ച ഉണ്ടാവുകയും ചെയ്തു. രാജ്യത്തെ വികസിച്ചുവരുന്ന സംസ്ഥാനങ്ങളില്‍ മുന്‍പന്തിയില്‍ കേരളം ഇന്ന് പരിഗണിക്കപ്പെടുന്നുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

കഴിഞ്ഞ 10 വര്‍ഷമായി കേരളത്തില്‍ വര്‍ഗീയ കലാപങ്ങളോ വര്‍ഗീയ സംഘര്‍ഷങ്ങളോ ഉണ്ടായിട്ടില്ല എന്നത് എല്‍ഡിഎഫ് ഭരണത്തിന്റെ വലിയ നേട്ടമായി അദ്ദേഹം ചൂണ്ടിക്കാട്ടുന്നു. വര്‍ഗീയ ശക്തികളെ ഒരു തരത്തിലും പ്രോത്സാഹിപ്പിക്കാത്ത വിട്ടുവീഴ്ചയില്ലാത്ത സമീപനമാണ് സര്‍ക്കാര്‍ സ്വീകരിക്കുന്നത്. ഇത് കേരളത്തെ ഇന്ത്യയില്‍ തന്നെ സമാധാനപരമായി ജീവിക്കാന്‍ പറ്റിയ സ്ഥലമാക്കി മാറ്റിയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

പ്രതിപക്ഷമായ യുഡിഎഫ് ഉന്നയിക്കുന്ന ആരോപണങ്ങള്‍ വസ്തുതകളിലല്ല, മറിച്ച് നുണകളിലാണ് അധിഷ്ഠിതമായിരിക്കുന്നത്. തിരഞ്ഞെടുപ്പ് സമയത്ത് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാനാണ് ഇത്തരം ദുരാരോപണങ്ങള്‍ ഉന്നയിക്കുന്നതെന്നും, എന്നാല്‍ ജനങ്ങള്‍ വസ്തുതകള്‍ നേരിട്ടറിയുന്നവരായതിനാല്‍ ഇത്തരം ശ്രമങ്ങള്‍ വിജയിക്കില്ലെന്നും മുഖ്യമന്ത്രി ഉറപ്പിച്ചു പറയുന്നു.

സര്‍ക്കാരിന്റെ വികസന നേട്ടങ്ങള്‍ എണ്ണിപ്പറഞ്ഞ് കൊണ്ടായിരുന്നു മുഖ്യമന്ത്രിയുടെ വാര്‍ത്താസമ്മേളനം. ദീര്‍ഘവീക്ഷണത്തോടെയുള്ള നയങ്ങളുടെ പ്രയോഗവും ജനകീയ പ്രതിബദ്ധതയും ഒത്തുചേര്‍ന്നാണ് സംസ്ഥാനത്ത് വലിയ മാറ്റങ്ങള്‍ കൈവരിക്കാന്‍ കഴിഞ്ഞുവെന്നും മുഖ്യമന്ത്രി പറഞ്ഞു. സര്‍ക്കാര്‍ പ്രഖ്യാപിച്ച പദ്ധതികള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കിയെന്നും അദ്ദേഹം വ്യക്തമാക്കി. പൊതുവിദ്യാഭ്യാസ രംഗത്തെ നവീകരണം, ആരോഗ്യ മേഖലയിലുണ്ടായ വികസനം, സാമൂഹ്യ സുരക്ഷാ പദ്ധതികളുടെ വ്യാപനം എന്നിവയാണ് സര്‍ക്കാരിന്റെ പ്രധാന നേട്ടങ്ങളെന്ന് മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.

യുവാക്കളുടെ സ്വപ്നങ്ങള്‍ക്കും നാടിന്റെ വളര്‍ച്ചയ്ക്കും അനുകൂലമായ സാഹചര്യം സംസ്ഥാനത്ത് രൂപപ്പെട്ടുത്താന്‍ കഴിഞ്ഞെന്നും അദ്ദേഹം പറഞ്ഞു. പ്രവാസികള്‍ക്ക് സര്‍ക്കാര്‍ ശക്തമായ പിന്തുണയാണ് നല്‍കുന്നതെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. പ്രവാസി വിരുദ്ധ നിലപാടാണ് യുഡിഎഫ് സ്വീകരിക്കുന്നത്. രാജ്യത്ത് ആദ്യമായി പ്രവാസികളെ ക്ഷേമ പെന്‍ഷന്‍ പദ്ധതിയില്‍ ഉള്‍പ്പെടുത്തിയത് ഇടത് സര്‍ക്കാരാണെന്നും മുഖ്യമന്ത്രി പറഞ്ഞു. 2009-ല്‍ പ്രവാസി ക്ഷേമ ബോര്‍ഡ് രൂപീകരിച്ചതും ഈ രംഗത്തെ പ്രധാന നേട്ടമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കനഗോലു ക്യാപ്‌സൂള്‍

എസ്ഡിപിഐ - സിപിഎം ബന്ധം എന്നത് അടിസ്ഥാന രഹിതമായ ആരോപണമാണെന്നും കനഗോലു ക്യാപ്‌സൂളാണതെന്നും സിപിഎം സംസ്ഥാന സെക്രട്ടറി എം എ ബേബി പറഞ്ഞു. ആദ്യം പറഞ്ഞത് സിപിഎം - ബിജെപി ഡീല്‍ എന്നാണ്. എസ്ഡിപിഐയോട് വര്‍ഗീയ നിലപാട് തിരുത്തണമെന്നാണ് പറയാനുള്ളതെന്നും എം എ ബേബി പറഞ്ഞു. എസ്ഡിപിഐ പിന്തുണയ്ക്കും എന്ന് പറയുന്നത് അവരുടെ അനുഭവത്തില്‍ നിന്നുള്ള പ്രതികരണമാണ്. സിപിഎം വര്‍ഗീയ ശക്തികളോട് ചര്‍ച്ച നടത്താറില്ല. എസ്ഡിപിഐ അവരുടെ നിലപാട് വ്യക്തമാക്കട്ടെ. പിന്തുണ പ്രഖ്യാപിച്ചാല്‍ പോളിങ് ബൂത്തില്‍ പോയി വോട്ട് ചെയ്യരുതെന്ന് പറയാന്‍ കഴിയില്ലല്ലോ എന്നും എം എ ബേബി പറഞ്ഞു.

സ്ത്രീകളെ ജനറല്‍ സീറ്റില്‍ മത്സരിപ്പിക്കരുതെന്ന ഉമര്‍ ഫൈസി മുക്കത്തിന്റെ പ്രസ്താവന എം എ ബേബി തള്ളി. അത്തരം നിലപാടുകളോട് സിപിഎമ്മിന് യോജിപ്പില്ല. കേരള സമൂഹത്തില്‍ സ്ത്രീ തുല്യതാ ബോധം ഇല്ല. സിപിഎമ്മില്‍ നിന്ന് കൂടുതല്‍ സ്ത്രീകള്‍ സ്ഥാനാര്‍ത്ഥികള്‍ ആകണമായിരുന്നു. പി കെ ശ്യാമള സ്ഥാനാര്‍ത്ഥിയായപ്പോള്‍ നേതാവിന്റെ ഭാര്യയായി വെട്ടിച്ചുരുക്കി ആക്ഷേപിച്ചെന്നും എം എ ബേബി വിമര്‍ശിച്ചു.

എല്ലാവരുടെയും വോട്ട് സ്വീകരിക്കുമെന്ന് മങ്കടയിലെ ഇടത് സ്വതന്ത്രന്‍

അതേസമയം എല്ലാവരുടെയും വോട്ട് സ്വീകരിക്കുമെന്ന് മങ്കടയിലെ എല്‍ ഡി എഫ് പിന്തുണയുള്ള സ്വതന്ത്ര സ്ഥാനാര്‍ഥി കുന്നത്തു മുഹമ്മദ് പറഞ്ഞു. എല്ലാവരോടും വോട്ട് ചോദിച്ചിട്ടുണ്ട്. എസ്ഡിപിഐ പിന്തുണച്ചാല്‍ സ്വീകരിക്കുമോ എന്ന ചോദ്യത്തിന് നല്ല വോട്ട് ചീത്ത വോട്ട് എന്നൊന്നില്ല എന്നായിരുന്നു കുന്നത്തു മുഹമ്മദിന്റെ മറുപടി. എല്ലാ ജനാധിപത്യ വിശ്വാസികളുടെയും വോട്ട് വേണം. അല്ലാതെ പാകിസ്ഥാന്റെയും അമേരിക്കയുടെയും വോട്ട് പോയി സ്വീകരിക്കാന്‍ കഴിയില്ലല്ലോ എന്നും സ്ഥാനാര്‍ഥി പറഞ്ഞു. മങ്കടയിലെ എസ് ഡി പി ഐ സ്ഥാനാര്‍ഥിയെ എന്തുകൊണ്ടു പിന്‍വലിച്ചു എന്നറിയില്ല. ഇടതു സ്ഥാനാര്‍ത്ഥിയെ മാറ്റി തന്നെ പിന്തുണയ്ക്കാനുള്ള തീരുമാനത്തില്‍ എല്‍ ഡി എഫ് അണികള്‍ക്കുണ്ടായ ആശയക്കുഴപ്പം മാറിയോ എന്നറിയില്ല. ഇടതുപക്ഷം പിന്തുണച്ചതില്‍ സന്തോഷം. അവരോടൊത്തുള്ള പോക്കില്‍ ആത്മവിശ്വാസമുണ്ട്. ലീഗില്‍ നിന്നും അടിയൊഴുക്ക് ഉണ്ടാകുമെന്നാണ് പ്രതീക്ഷയെന്നും കുന്നത്തു മുഹമ്മദ് പറഞ്ഞു.

നിയമസഭാ തെരഞ്ഞെടുപ്പില്‍ ഡീല്‍ ആരോപണം കത്തുന്നതിനിടെ സിപിഎം - എസ്ഡിപിഐ ഡീല്‍ ആരോപണം ശക്തമാക്കുകയാണ് യുഡിഎഫ്. എസ്ഡിപിഐ സംസ്ഥാന വ്യാപകമായി സിപിഎമ്മിന് പിന്തുണ നല്‍കുന്നുണ്ടെന്നാണ് കോണ്‍ഗ്രസ് ആരോപണം. അതേസമയം വോട്ട് ആര്‍ക്ക് എന്നതില്‍ ഔദ്യോഗിക തീരുമാനമായിട്ടില്ലെന്നാണ് എസ്ഡിപിഐ നേതാക്കളുടെ പരസ്യ നിലപാട്.

Similar News