ക്യാപ്റ്റന്‍ പിണറായി തന്നെ; അധികാരം കിട്ടിയാല്‍ 'ഡ്രൈവറെ' അപ്പോള്‍ തീരുമാനിക്കും; ശൈലജയുടെ കാര്യത്തില്‍ അനുഭാവം വേണമെന്ന് പി.ബി; പോളിറ്റ് ബ്യൂറോയില്‍ നിന്നും മത്സരിക്കുക പിണറായി മാത്രം; ധര്‍മ്മടത്ത് മുഖ്യമന്ത്രിക്ക് പച്ചക്കൊടി; രണ്ടാമനില്‍ സസ്‌പെന്‍സ് തുടരും; മുഖ്യമന്ത്രിയെ നിശ്ചയിക്കുക ഭൂരിപക്ഷ ഉറപ്പിച്ച ശേഷമെന്ന് എംഎ ബേബി

Update: 2026-02-27 12:41 GMT

ന്യൂഡല്‍ഹി: നിയമസഭാ തിരഞ്ഞെടുപ്പില്‍ എല്‍.ഡി.എഫിനെ നയിക്കാന്‍ 'ക്യാപ്റ്റന്‍' പിണറായി വിജയന്‍ തന്നെ ഇറങ്ങുമെന്ന് സി.പി.എം കേന്ദ്ര നേതൃത്വം ഔദ്യോഗികമായി പ്രഖ്യാപിച്ചു. പോളിറ്റ് ബ്യൂറോ യോഗത്തിന് ശേഷം ജനറല്‍ സെക്രട്ടറി എം.എ. ബേബിയാണ് ഇക്കാര്യം അറിയിച്ചത്. എന്നാല്‍, ഭരണം ലഭിച്ചാല്‍ സര്‍ക്കാരിന്റെ 'ഡ്രൈവര്‍' അഥവാ മുഖ്യമന്ത്രി ആരാകുമെന്ന കാര്യത്തില്‍ ഇപ്പോള്‍ ഉറപ്പ് നല്‍കാന്‍ പാര്‍ട്ടി തയ്യാറായിട്ടില്ല. വിജയിച്ചതിന് ശേഷം പാര്‍ട്ടി ചര്‍ച്ച ചെയ്ത് മുഖ്യമന്ത്രിയെ തീരുമാനിക്കുമെന്നാണ് എം.എ. ബേബി വ്യക്തമാക്കിയത്.

സ്ഥാനാര്‍ത്ഥി നിര്‍ണ്ണയത്തെച്ചൊല്ലി കണ്ണൂര്‍ സി.പി.എമ്മില്‍ പുകയുന്ന തര്‍ക്കത്തില്‍ കേന്ദ്ര നേതൃത്വം ഇടപെട്ടു. ജനകീയ മുഖമായ കെ.കെ. ശൈലജയെ മട്ടന്നൂരില്‍ തന്നെ മത്സരിപ്പിക്കുന്നത് അനുഭാവപൂര്‍വ്വം പരിഗണിക്കണമെന്ന് പി.ബി നിര്‍ദ്ദേശിച്ചു. മട്ടന്നൂര്‍ കിട്ടിയില്ലെങ്കില്‍ രാഷ്ട്രീയ വിരമിക്കലിന് തയ്യാറെന്ന ശൈലജയുടെ നിലപാട് പാര്‍ട്ടിയെ പ്രതിസന്ധിയിലാക്കിയിരുന്നു. ശൈലജയെപ്പോലൊരു നേതാവിനെ മാറ്റിനിര്‍ത്തുന്നത് തെറ്റായ സന്ദേശം നല്‍കുമെന്നാണ് കേന്ദ്രത്തിന്റെ വിലയിരുത്തല്‍. എങ്കിലും അന്തിമ തീരുമാനം സംസ്ഥാന ഘടകത്തിന് വിട്ടിരിക്കുകയാണ്.

75 വയസ്സെന്ന പ്രായപരിധി ചട്ടത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന് പി.ബി ഇളവ് അനുവദിച്ചു. ഇതോടെ അദ്ദേഹം തന്റെ മണ്ഡലമായ ധര്‍മ്മടത്ത് നിന്ന് തന്നെ വീണ്ടും മത്സരിക്കും. ഭരണത്തുടര്‍ച്ചയ്ക്ക് പിണറായിയുടെ നേതൃത്വം അനിവാര്യമാണെന്ന കേരള ഘടകത്തിന്റെ റിപ്പോര്‍ട്ട് കേന്ദ്രം അംഗീകരിക്കുകയായിരുന്നു. കടകംപള്ളി സുരേന്ദ്രന്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് ഇളവ് നല്‍കിയ സാഹചര്യത്തില്‍ ശൈലജ ടീച്ചര്‍ക്കും എ.എന്‍ ഷംസീറിനും ടേം വ്യവസ്ഥയില്‍ ഇളവ് നല്‍കണമെന്ന ആവശ്യവും ശക്തമാണ്.

പിണറായിക്ക് ശേഷം പാര്‍ട്ടിയിലും ഭരണത്തിലും രണ്ടാമന്‍ ആരായിരിക്കും എന്ന കാര്യത്തില്‍ ഇപ്പോഴും അവ്യക്തത തുടരുകയാണ്. യുവത്വവും പ്രായവും ഒത്തുചേരുന്ന സ്ഥാനാര്‍ത്ഥി പട്ടിക മാര്‍ച്ച് ആദ്യവാരത്തോടെ പുറത്തിറങ്ങും. തദ്ദേശ തിരഞ്ഞെടുപ്പിലെ തിരിച്ചടി പാഠമായെടുത്ത് തികഞ്ഞ ജാഗ്രതയോടെയാണ് സി.പി.എം സ്ഥാനാര്‍ത്ഥി പട്ടിക തയ്യാറാക്കുന്നത്.

Similar News