മഞ്ചേശ്വരം പിടിച്ച് കാസര്‍കോടിന്റെ രാഷ്ട്രീയ തലവര മാറ്റുമോ സുരേന്ദ്രന്‍; അഞ്ചില്‍ മൂന്ന് ഇടതിനും രണ്ട് വലതിനുമെന്ന ആ സമവാക്യം ഇത്തവണ മാറി മറിയുമോ? തൃക്കരിപ്പൂരും ഉദുമയും കാഞ്ഞങ്ങോട്ടും മഞ്ചേശ്വരത്തും കാസര്‍കോടും ഇത്തവണ പോരാട്ടം തീപാറും; പുതുമുഖങ്ങള്‍ വാഴുമോ ഈ തിരഞ്ഞെടുപ്പ് കാലത്ത്; കാസര്‍കോട്ടെ ത്രികോണ ചൂട് അതിശക്തം

Update: 2026-02-20 09:18 GMT

തിരുവനന്തപുരം: അഞ്ച് നിയമസഭ മണ്ഡലങ്ങളില്‍ വര്‍ഷങ്ങളായി മൂന്ന് സീറ്റ് എല്‍ ഡി എഫും രണ്ട് സീറ്റ് യു ഡി എഫും കൈവശം വെക്കുന്ന ജില്ലയാണ് കാസര്‍കോട്.വീണ്ടുമൊരു തെരഞ്ഞെടുപ്പിന് കളമൊരുങ്ങുമ്പോള്‍ പുതുമുഖങ്ങളെ ഉള്‍പ്പടെ രംഗത്തിറക്കി വിജയം കൊയ്യാനാണ് മുന്നണികളുടെ ശ്രമം.കപ്പിനും ചുണ്ടിനും ഇടയില്‍ നഷ്ടപ്പെട്ട മഞ്ചേശ്വരം പിടിക്കാന്‍ ബി ജെ പിയും രംഗത്ത് വരുമ്പോള്‍ കാസര്‍കോടും ഇക്കുറി തീപാറുമെന്ന് ഉറപ്പാണ്.

തൃക്കരിപ്പൂരും ഉദുമയും കാഞ്ഞങ്ങാടും ഇടതിന്റെ ഉറച്ച കോട്ടകള്‍ തന്നെയാണ്. കാസര്‍കോടും മഞ്ചേശ്വരവും മുസ്ലീം ലീഗിന് മേല്‍ക്കൈയുള്ള മണ്ഡലങ്ങളും. തദേശത്തില്‍ യുഡിഎഫ് കരുത്ത് കാട്ടിയെങ്കിലും ജില്ലപഞ്ചായത്ത് പിടിക്കാന്‍ കഴിയാത്തതില്‍ നേതൃത്വം നിരാശയിലാണ്.എന്നാല്‍ സി പി എമ്മിനാകട്ടെ ഭാഷാ ന്യൂനപക്ഷങ്ങള്‍ കൂടുതലായുള്ള പ്രദേശങ്ങളിലും കര്‍ണ്ണാടക അതിര്‍ത്തി പങ്കിടുന്ന പഞ്ചായത്തുകളിലും ശോഭിക്കാനാവാത്തത് തലവേദനയാണ്.

തങ്ങള്‍ക്ക് കരുത്തുണ്ടെന്ന് ബിജെപി കരുതുന്ന അതിര്‍ത്തി പഞ്ചായത്തുകളില്‍ ഉണ്ടായ വോട്ട് ചോര്‍ചയും ഒപ്പം യുഡിഎഫിന്റെ കുതിപ്പും എന്‍ഡിയെയും ചിന്തിപ്പിക്കുന്നുണ്ട്. നറുകെടുപ്പിലൂടെ ഉള്‍പടെ അഞ്ച് പഞ്ചായത്തിന്റെ ഭരണം കിട്ടിയെങ്കിലും ജില്ല, ബ്ലോക്ക് പഞ്ചായത്ത് ഡിവിഷനുകളും നിരവധി വാര്‍ഡുകള്‍ നഷ്ടപെട്ടതും ബി ജെ പിക്ക് തിരിച്ചടിയായി.

വരുമോ പുതുമുഖങ്ങള്‍ ?.. കരുത്തുറ്റ സ്ഥാനാര്‍ത്ഥികളെ ഇറക്കാന്‍ എല്‍ ഡി എഫ്

പതിവില്‍ നിന്ന് മാറി ഇക്കുറി കുറച്ച് മണ്ഡലങ്ങളിലെങ്കിലും സി പി എം പുതുമുഖങ്ങളെ പരീക്ഷിച്ചേക്കും. തൃക്കരിപ്പൂരില്‍ തുടര്‍ച്ചയായി രണ്ട് ടേം പൂര്‍ത്തിയാക്കിയ ജില്ല സെക്രട്ടറികൂടിയായ എം രാജഗോപാലിന് ഇത്തവണ കൂടി ഇളവ് നല്‍കുമോ എന്നത് സംശയമാണ്. മാറ്റം വരികയാണെങ്കില്‍ പുതുമുഖങ്ങളുടെ പേരും പരിഗണനയിലുണ്ട്.കാഞ്ഞങ്ങാട് മൂന്ന് തവണ പൂര്‍ത്തിയാക്കിയ സി പി ഐ യുടെ ഇ ചന്ദ്രശേഖരന്‍ ഇക്കുറി മത്സരിച്ചേക്കില്ല.പകരം പാര്‍ട്ടി ദേശീയ സമിതിയംഗം ഗോവിന്ദന്‍ പള്ളിക്കാപിലിനെ പരീഗണിചേക്കും.

ഉദുമയില്‍ ഇക്കുറിയും സി എച്ച് കുഞ്ഞമ്പു തന്നെ കളത്തിലിറങ്ങും. മൂന്നാമതും ഭരണത്തിലെത്തിയാല്‍ മന്ത്രി സ്ഥാനത്തേക്ക് വരെ പരിഗണിച്ചേക്കുമെന്ന് വിവരങ്ങളുമുണ്ട്. മഞ്ചേശ്വരത്തെയും കാസര്‍കോടെയും സ്ഥാനാര്‍ത്ഥികളുടെ കാര്യത്തിലാണ് വ്യക്തത വരാത്തത്.വിജയത്തിനായി പുതുമുഖങ്ങളെ പരിക്ഷിച്ചേക്കുമെന്ന് സുചനകളുണ്ട്.

സീറ്റ് നില ഉയര്‍ത്തണം..വച്ച് മാറ്റത്തിനുള്‍പടെ ഒരുങ്ങി യുഡിഎഫ്

വര്‍ഷങ്ങളായി തുടരുന്ന 2 എന്ന സീറ്റ് നില ഉയര്‍ത്താനാണ് യു ഡി എഫിന്റെ ശ്രമം.ഇതിനായി കരുത്താകുന്നത് തദ്ദേശത്തിലെ കണക്കുകളാണ്. ഒപ്പം മുസ്ലിം ലീഗുമായി സീറ്റ് വച്ച് മാറുന്നതിന് ചര്‍ച്ചകളും നടക്കുന്നുണ്ട്. മഞ്ചേശ്വരത്ത് മാറ്റത്തിന് സാധ്യതയില്ല.നിലവിലെ എം എല്‍ എ കെ എം അഷ്‌റഫ് തന്നെ ഇക്കുറിയും ജനവിധി തേടിയേക്കും.

കാസര്‍കോട് മൂന്ന് തവണ പൂര്‍ത്തിയാക്കിയ എന്‍ എ നെല്ലിക്കുന്ന് മത്സരിക്കാന്‍ ചാന്‍സില്ല.പകരം ശക്തനായ സ്ഥാനാര്‍ത്ഥിയെ ലീഗ് ജില്ലക്കകത് നിന്നോ പുറത്ത് നിന്നോ കണ്ടെത്തും.കെ എം ഷാജിയുടെ പേര് ഉയരുന്നുണ്ടെങ്കിലും പാണക്കാട് തങ്ങളുമായി അടുത്ത് നില്‍ക്കുന്ന ജില്ല പ്രസിഡന്റ് കൂടിയായ കല്ലട്ര മാഹിന്‍ ഹാജിയുടെ പേരും സജീവ ചര്‍ച്ചയില്‍ ഉണ്ട്. ഉദുമയിലും കാഞ്ഞങ്ങാടും കോണ്‍ഗ്രസ്സിലെ കരുത്തര്‍ തന്നെ സ്ഥാനാര്‍ത്ഥിയാകും.

തൃക്കരിപ്പൂരിലേക്ക് വന്നാല്‍ കേരള കോണ്‍ഗ്രസ്സ് ജോസഫ് വിഭാഗത്തിനാണ് സീറ്റ് നല്‍കിയത്.ഇക്കുറി അത് ഏറ്റെടുക്കണമെന്ന വാദം കോണ്‍ഗ്രസ്സില്‍ ശക്തമാണ്.എന്നാല്‍ മുസ്ലീം ലീഗും ഇതേ സീറ്റിനായി രംഗത്ത് വന്നിട്ടുണ്ട്.മണ്ഡലം രൂപീകരിച്ച കാലം തൊട്ട് സി. പി.എമ്മിന്റെ കുത്തക സീറ്റായ തൃക്കരിപ്പൂര്‍ വിജയക്കൊടി പാറിക്കുവാന്‍ ഇക്കുറി മുസ്ലിം ലീഗിന് അവസരം നല്‍കണമെന്ന് മണ്ഡലം ലീഗ് കമ്മിറ്റി സംസ്ഥാന നേതൃത്വത്തില്‍ സമ്മര്‍ദ്ദം ചെലുത്തിയതായും റിപ്പോര്‍ട്ടുണ്ട് . ഈ ആവശ്യവുമായി മണ്ഡലത്തിലെ നിവേദക സംഘം സംസ്ഥാന നേതാക്കളെ ധരിപ്പിച്ചതായും സൂചനയുണ്ട്. തുടര്‍ച്ചയായി പരാജയം ഏറ്റ് വാങ്ങുന്ന മണ്ഡലത്തില്‍ മുസ്ലിം ലീഗ് മത്സരിച്ചാല്‍ പ്രവാസികളടക്കം സജീവമായാല്‍ വിജയം കൈവരിക്കാനാകുമെന്ന ആത്മ വിശ്വാസം ലീഗ് മുമ്പേ ശ്രദ്ധയില്‍ പ്പെടുത്തിയിരുന്നുവെങ്കിലും ഫലം കണ്ടിരുന്നില്ല.

തുടര്‍ച്ചയായി കോണ്‍ഗ്രസ് പരാജയപ്പെട്ടിരുന്ന മണ്ഡലത്തില്‍ കഴിഞ്ഞ തവണ കോണ്‍ഗ്രസ് ജോസഫ് ഗ്രൂപ്പിലെ എം.പി ജോസഫ് 25000 ല്‍പരം വോട്ടിനാണ് പരാജയപ്പെട്ടത്.കഴിഞ്ഞ പാര്‍ലമെന്റ് തെരെഞ്ഞെടുപ്പില്‍.രാജ് മോഹന്‍ ഉണ്ണിത്താന് ലഭിച്ച വോട്ട് കണക്കില്‍ തൃക്കരിപ്പൂര്‍ മണ്ഡലത്തില്‍ നേരിയ ഭൂരിപക്ഷത്തിന്റെ ബലമാണ് ലീഗിനുള്ള പ്രതിക്ഷക്ക് കാരണം. ഈ ട്രെന്റ് നിയമസഭയിലും ലീഗ് മത്സരിച്ചാല്‍ നില നിര്‍ത്താനാകുമെന്നാണ് കരുതുന്നത്.

ലീഗിന് സീറ്റ് ലഭിക്കുകയാണെങ്കില്‍ മുന്‍ ജില്ല പഞ്ചായത്ത് പ്രസിഡണ്ട് എ.ജി.സി ബഷീര്‍, ശുചിത്വ പ്രവര്‍ത്തന മികവില്‍ ഡല്‍ഹിയില്‍ സ്വാതന്ത്ര്യ ദിന പരിപാടിയില്‍ പങ്കെടുക്കുവാന്‍ അവസരം ലഭിച്ച തൃക്കരിപ്പൂര്‍ ഗ്രാമ പഞ്ചായത്ത് മുന്‍ പ്രസിഡണ്ട് വി കെ ബാവ,തൃക്കരിപ്പൂര്‍ പഞ്ചായത്ത് മുന്‍ പ്രസിഡണ്ടും മണ്ഡലം ലിഗ് ജന :സെക്രട്ടറി സത്താര്‍ വടക്കുമ്പാട് പടന്ന ഗ്രാമ പഞ്ചായത്ത് മുന്‍ പ്രസിഡണ്ടും സംസ്ഥാന ലീഗ് കൗണ്‍സില്‍ അംഗവുമായ പി വി മുഹമ്മദ് അസ്ലം ജില്ലാ സെക്രട്ടറി ടി സി എ റഹിമാന്‍ തുടങ്ങിയവരുടെ പേരുകളും സജീവ പരിഗണന്നയില്‍ വരുവാനാണ് സാധ്യത.

അതേ സമയം കോണ്‍ഗ്രസിന് തന്നെ വീണ്ടും സിറ്റ് ലഭിക്കുമെന്ന പ്രതീക്ഷയില്‍ യൂത്ത് കോണ്‍ഗ്രസ് നേതാവ് ജോമോന്‍ ജോസഫിന്റെ പേരുകളും ഉയര്‍ന്ന് വന്നിട്ടുണ്ട്.കേരള കോണ്‍ഗ്രസ് ജോസഫ് ഗ്രൂപ്പിനേക്കാള്‍ മണ്ഡലത്തില്‍ വിജയ സാധ്യത ലീഗിനുണെന്ന വാദം കോണ്‍ഗ്രസിനിടയിലും ഉണ്ട്.

മഞ്ചേശ്വരത്തില്‍ കണ്ണും നട്ട് ബി ജെ പി

ഇഞ്ചോടിഞ്ച് പോരാട്ടം കൊണ്ട് കാസര്‍കോട് ജില്ലയില്‍ തന്നെ ഏവരും ഉറ്റ് നോക്കുന്ന മണ്ഡലമാണ് മഞ്ചേശ്വരം. ഇവിടെ തന്നെയാണ് ബി ജെ പിയും കണ്ണ് വെക്കുന്നത്.കഴിഞ്ഞ ദിവസം എ ക്ലാസ് മണ്ഡലങ്ങളിലേക്കുള്ള സ്ഥാനാര്‍ത്ഥികളുടെ സാധ്യത ലിസ്റ്റ് ബി ജെ പി പുറത്ത് വിട്ടപ്പോള്‍ മഞ്ചേശ്വരത്തേക്ക് പരിഗണിച്ചത് കെ സുരേന്ദ്രനെയാണ്.മുന്‍പ് കപ്പിനും ചുണ്ടിനും ഇടയില്‍ നഷ്ടപ്പെട്ട വിജയം ഈ മാറിയ രാഷ്ട്രിയ സാഹചര്യത്തില്‍ കൈപ്പിടിയിലൊതുക്കാന്‍ തന്നെയാണ് ബി ജെ പിയുടെ പരിശ്രമം.

2016ല്‍ 89 വോട്ടിനാണ് മഞ്ചേശ്വരം ബിജെപിക്ക് നഷ്ടമായത്. 2021ല്‍ 745 വോട്ടിനും നഷ്ടമായി.ബിജെപി വിജയ പ്രതീക്ഷ വച്ചുപുലര്‍ത്തുന്ന മണ്ഡലങ്ങളിലൊന്നായ മഞ്ചേശ്വരത്തിനായി നേതാക്കള്‍ പിടിമുറുക്കുന്നതിനിടെയാണ് സുരേന്ദ്രന്റെ പേര് തന്നെ ഉയര്‍ന്ന് വന്നത്. രണ്ട് തവണ കൈവിട്ട മണ്ഡലം സുരേന്ദ്രന്‍ തന്നെ മത്സരിച്ചു പിടിച്ചെടുക്കണമെന്നാണ് കേന്ദ്രനേതൃത്വം നിര്‍ദേശിച്ചിരിക്കുന്നത്.

മറ്റ് മണ്ഡലങ്ങളില്‍ ഇക്കുറി പുതുമുഖ സ്ഥാനാര്‍ത്ഥികള്‍ക്ക് അവസരം നല്‍കിയേക്കും.

2021 ലെ കണക്കുകള്‍

എല്‍ ഡി എഫ്

1. എം രാജഗോപാലന്‍-തൃക്കരിപ്പൂര്‍ -26, 137

2. ഇ ചന്ദ്രശേഖരന്‍-കാഞ്ഞങ്ങാട് -27,139

3. സി എച്ച് കുഞ്ഞമ്പു - ഉദുമ - 13,322

യു ഡി എഫ്

1. എന്‍ എ നെല്ലിക്കുന്ന് - കാസര്‍കോഡ് - 12,901

2.എ കെ എം അഷ്‌റഫ് -മഞ്ചേശ്വരം - 855

അവസാനിച്ചു

Similar News