തിരുവനന്തപുരത്ത് ഏറ്റവും ദയനീയമായി നില്‍ക്കുന്ന പാറശാലയില്‍ പോലും ശശി തരൂരിനു ജയിക്കാനാകും; 3-4 സീറ്റിനു ഭരണം പോകുന്ന തിരിച്ചടി ഒഴിവാക്കാന്‍ ഇതാണു നല്ലത്; ഇനി ഭരണ സാധ്യത യുഡിഎഫിന് തന്നെ; പ്രൊ. തോമസ് ജോസഫിന്റെ നിരീക്ഷണങ്ങള്‍ ഇങ്ങനെ

Update: 2026-01-25 04:44 GMT

കോഴിക്കോട്: വരുന്ന നിയമസഭ പലവിധമാളുകള്‍ വരാനിരിക്കുന്ന തെരഞ്ഞെടുപ്പ് സാധ്യതകളെ വിലയിരുത്തുന്നത് എങ്ങനെയാണെന്ന് പരിശോധിക്കുകയാണ് ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്‌മെന്റ് (ഐ.എം.എം) സ്ട്രാറ്റജി പ്രഫസറും കേരള ഇന്നവേഷന്‍ കൗണ്‍സില്‍ മുന്‍ അംഗവുമായ പ്രഫസര്‍ തോമസ് ജോസഫ്. മുന്‍ കാല തെരഞ്ഞെടുപ്പുകളിലും സ്ട്രാറ്റജികള്‍ രൂപപ്പെടുത്തിയിട്ടുള്ള വ്യക്തികൂടിയാണ് അദ്ദേഹം. മാധ്യമമാണ് ഈ റിപ്പോര്‍ട്ട് പുറത്തുവിടുന്നത്. സിപിഎമ്മിന് തിരിച്ചിയുണ്ടാകുമെന്ന വിലയിരുത്തലാണ് ഇതിന് കാരണം. റിപ്പോര്‍ട്ട് ചുവടെ

മുന്നണി വോട്ടര്‍മാര്‍ ആറു വിധം

എല്‍.ഡി.എഫ്, യു.ഡി.എഫ്, എന്‍.ഡി.എ മുന്നണികളുമായി ബന്ധപ്പെട്ട് ആറ് തരത്തിലുള്ള ആളുകളാണ് നിലവില്‍ സജീവമായുള്ളത്. ഓരോ മുന്നണിയെയും അഗാധമായി വിശ്വസിക്കുന്ന അവരില്‍ കടുത്ത ആത്മവിശ്വാസമുള്ള VOTER-O (Optimist) ഒരു വശത്ത്. ഏതു സാഹചര്യത്തിലും തന്റെ മുന്നണിക്ക് വന്‍ ജയസാധ്യതയുണ്ടെന്നു വിശ്വസിക്കുന്നവരാണിവര്‍. അതേസമയം എല്ലാം കൈവിട്ടു പോയെന്നും ഇനിയും തിരിച്ചടിയാണു വരാനുള്ളതെന്നും വിശ്വസിക്കുന്ന VOTER-P (Pessimist) മറുവശത്ത്.

ഓരോ മുന്നണിക്കും VOTER-Oയും VOTER-Pയും ഉണ്ട്. ഇതൊന്നുമല്ലാത്ത ചെറിയ ചായ് വോടു കൂടി കാര്യങ്ങളെ കാണുന്നവരും തികച്ചും നിഷ്പക്ഷമായി കാര്യങ്ങളെ കൃത്യമായ കാഴ്ചയോടു കൂടി കാണുന്നവരുമുണ്ട്. ഇവരെല്ലാം കൂടി ചേരുന്നതാണ് യഥാര്‍ഥ ചിത്രം. വിവിധ വീക്ഷണ കോണുകളിലൂടെ കാര്യങ്ങളെ സമീപിച്ചാല്‍ നിയമസഭ തെരഞ്ഞെടുപ്പില്‍ ഓരോ മുന്നണിക്കും കിട്ടാന്‍ സാധ്യതയുള്ള സീറ്റുകളുടെ പ്രവചനം ഇങ്ങനെയായിരിക്കും:

1. എല്‍.ഡി.എഫ്

വോട്ടര്‍ O-85

വോട്ടര്‍ P- 25

2. എന്‍.ഡി.എ

വോട്ടര്‍ O -15

വോട്ടര്‍ P- 0

3. യു.ഡി.എഫ്

വോട്ടര്‍ O- 115

വോട്ടര്‍ P- 55

എന്‍.ഡി.എക്ക് 15 എവിടെ? പൂജ്യം എന്തു കൊണ്ട്?

VOTER-O

എന്‍.ഡി.എയുടെ ഒപ്റ്റിമിസ്റ്റിക് വോട്ടറുടെ അനാലിസിസ് പ്രകാരം അവര്‍ക്ക് 15 സീറ്റുകള്‍ കിട്ടും. എന്താണ് അതിന്റെ ലോജിക്. 30000 വോട്ടുകള്‍ കൂടുതലുണ്ടാകുകയും സി.പി.എം ഒന്നാം സ്ഥാനത്തും ബി.ജെ.പി മൂന്നാം സ്ഥാനത്തും നില്‍ക്കുകയും ചെയ്യുന്ന സ്ഥലങ്ങളില്‍ ബി.ജെ.പിക്ക് ജയ സാധ്യതയുണ്ട്.

ശബരിമല, സി.പി.എമ്മിനെതിരെയുള്ള ശക്തമായ എതിര്‍വികാരം എന്നിവ കണക്കാക്കുമ്പോള്‍ സി.പി.എമ്മിലെ കടുത്ത ഹിന്ദുവോട്ടുകള്‍ ബി.ജെ.പിയിലേക്കു വഴിമാറും. അങ്ങനെ ബി.ജെ.പി ജയിക്കും. ഈ വോട്ടര്‍മാര്‍ ഒരിക്കലും കോണ്‍ഗ്രസിന് വോട്ട് ചെയ്യില്ല. കോഴിക്കോട് നോര്‍ത്ത്, മലമ്പുഴ, ചെങ്ങന്നൂര്‍ തുടങ്ങിയ മണ്ഡലങ്ങള്‍ ഇതിന് ഉദാഹരണമാണ്.

ബി.ജെ.പി മൂന്നാം സ്ഥാനത്തുള്ള ആറ്റിങ്ങലില്‍ 10000-12000 വോട്ടുകള്‍ സി.പി.എമ്മില്‍ നിന്നു മറിഞ്ഞാല്‍ ബി.ജെ.പിക്കു ജയിക്കാം. ഇങ്ങനെ വന്നാല്‍ സി.പി.എമ്മിനു കിട്ടുന്ന സീറ്റുകള്‍ കുത്തനെ ഇടിയും. കഴിഞ്ഞ ലോക്‌സഭ തെരഞ്ഞെടുപ്പിന്റെ കണക്ക് അനുസരിച്ച് ആകെ 30 മണ്ഡലങ്ങളിലാണ് എല്‍.ഡി.എഫ് മുന്നിലുള്ളത്. ഇതില്‍ നിന്നു കുത്തനെ ഇടിയുക കൂടി ചെയ്താല്‍ 25ല്‍ കൂടുതല്‍ എന്തായാലും എല്‍.ഡി.എഫിനു കിട്ടില്ല.

VOTER-P

(ബിജെപിക്ക് പൂജ്യം. )

ബി.ജെ.പിക്ക് ഒറ്റ സീറ്റു പോലും കിട്ടില്ല. കാരണം ബി.ജെ.പിയുടെ വോട്ടുകളും വോട്ടു ബാങ്കുകളും എവിടെയെല്ലാമാണെന്ന് കേരളത്തില്‍ വെളിപ്പെട്ടു കഴിഞ്ഞു. ഓവര്‍ എക്‌സ്‌പോസ്ഡ് ആയ സ്ഥിതിക്ക് ഇത്തരം സ്ഥലങ്ങളില്‍ കേരളത്തിലെ മതേതര മനസ്സുകള്‍ ഒരുമിച്ചു നില്‍ക്കും. അവര്‍ അവിടെ ജയസാധ്യതയുള്ള എല്‍.ഡി.എഫിന്റെയോ യു.ഡി.എഫിന്റെയോ സ്ഥാനാര്‍ഥിക്കു വോട്ട് ചെയ്യും. നിലവിലെ സാഹചര്യത്തില്‍ അതു കോണ്‍ഗ്രസിലേക്കു ഷിഫ്റ്റ് ചെയ്യാനാണു സാധ്യത.

വട്ടിയൂര്‍കാവ്, നേമം എന്നിവിടങ്ങളില്‍ ബി.ജെ.പി ഒന്നാം സ്ഥാനത്താണ്. 'ആന്റി ബി.ജെ.പി'

സ്ട്രാറ്റജിക്ക് വോട്ട് ചെയ്യാന്‍ ഇവിടെയുള്ള ആളുകള്‍ തീരുമാനിച്ചാല്‍ വോട്ടുകള്‍ ഏകീകരിക്കപ്പെടും. ഇവിടെ ബി.ജെ.പിയെ തോല്‍പ്പിക്കാന്‍ ശക്തിയുള്ള സ്ഥാനാര്‍ഥി വന്നാല്‍ ആളുകള്‍ അങ്ങോട്ട് വോട്ട് ചെയ്യും.

ബി.ജെ.പി ഒന്നാമതുള്ള മണ്ഡലത്തില്‍ ആരാണോ ആദ്യം മികച്ച സ്ഥാനാര്‍ഥിയെ പ്രഖ്യാപിക്കുന്നത് അവര്‍ക്ക് വോട്ട് ചെയ്യാന്‍ അവിടെയുള്ള മതേതര വോട്ടര്‍മാര്‍ ആദ്യമേ തന്നെ തീരുമാനമെടുക്കും. ഉദാഹരണം, കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ നേമം. ബി.ജെ.പിക്കെതിരെ ക്രെഡിബിള്‍ ഫസ്റ്റ് കാന്‍ഡിഡേറ്റ് ആയി വന്നത് വി. ശിവന്‍കുട്ടിയാണ്. കെ. മുരളീധരന്‍ എത്തുമ്പോഴേക്കും ആര്‍ക്കു വോട്ട് ചെയ്യണമെന്നു ജനം തീരുമാനിച്ചു കഴിഞ്ഞിരുന്നു.

2. എല്‍.ഡി.എഫ്

എന്തുകൊണ്ട് 85? എന്തുകൊണ്ട് 25?

VOTER-O

(85ല്‍ കുറയില്ല)

നിലവിലെ സാഹചര്യത്തില്‍ 85 സീറ്റുകള്‍ എന്തായാലും ജയിക്കുമെന്നാണ് ഇവരുടെ അനാലിസിസ്. അതിനുള്ള കാരണം ഇതാണ്. കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പില്‍ 99 സീറ്റുകള്‍ ഉണ്ട്. വലിയ തിരിച്ചടിക്ക് ഇടയിലും പഞ്ചായത്ത് തെരഞ്ഞെടുപ്പ് കഴിഞ്ഞപ്പോഴും 58 സീറ്റുകള്‍ കൈവശമുണ്ട്. ബി.ജെ.പി കാര്യമായി വോട്ട് പിടിക്കുന്നുണ്ട്. അങ്ങനെ ബി.ജെ.പി പിടിക്കുന്ന സീറ്റുകളില്‍ 15 എണ്ണം മാത്രമാണ് സി.പി.എമ്മിനു മാക്‌സിമം നഷ്ടപ്പെടാന്‍ പോകുന്നത്. ബാക്കി ബി.ജെ.പി പിടിക്കാന്‍ പോകുന്നതു മുഴുവന്‍ കോണ്‍ഗ്രസ് വോട്ടുകളാണ്.

ഉദാരണത്തിന് കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് ജയിച്ച സ്ഥലങ്ങളിലെല്ലാം തദ്ദേശ തെരഞ്ഞെടുപ്പില്‍ വോട്ട് കിട്ടിയിരിക്കുന്നത് ബി.ജെ.പിക്കാണ്. അങ്ങനെ നോക്കിയാല്‍ 15 സീറ്റുകള്‍ ഒഴികെ ബാക്കി എല്ലായിടത്തും ബി.ജെ.പി പിടിച്ചിരിക്കുന്നത് കോണ്‍ഗ്രസ് വോട്ടുകളാണ്. അതുകൊണ്ട് എല്‍.ഡി.എഫ് സീറ്റുകള്‍ നഷ്ടപ്പെടില്ല. മാക്‌സിമം നഷ്ടപ്പെടാന്‍ പോകുന്നത് 15 സീറ്റുകളാണ്. അതിനാല്‍ 85 സീറ്റ് എന്തായാലും ലഭിക്കും. കുണ്ടറ, കോവളം എന്നിവ യു.ഡി.എഫ് ജയിച്ച മണ്ഡലങ്ങളാണ്. എന്നാല്‍, ഇവിടെ നിലവില്‍ എല്‍.ഡി.എഫ് മുന്നിലാണ്. കോട്ടയത്ത് യു.ഡി.എഫിന് 30000 വോട്ട് ലീഡ് ഉണ്ടായിരുന്നത് ഇപ്പോള്‍ 4000 വോട്ട് ആയി കുറഞ്ഞു.

ബി.ജെ.പി എവിടെയൊക്കെ എക്‌സ്ട്രാ വോട്ട് പിടിക്കുന്നുണ്ടോ അതൊക്കെ യു.ഡി.എഫിന്റെതാണ്. എല്‍.ഡി.എഫിന്റേത് വെറും 15 മണ്ഡലങ്ങളില്‍ മാത്രമാണ് പിടിക്കുന്നത്.

VOTER-P

( 25 കിട്ടിയാല്‍ ഭാഗ്യം)

തദ്ദേശ തെരഞ്ഞെടുപ്പിനെ നോക്കി വിലയിരുത്തണ്ട. പ്രാദേശികമായ ബന്ധങ്ങള്‍ കൊണ്ട് പലരും ജയിച്ചിട്ടുണ്ട്. ലോക്‌സഭ തെരഞ്ഞെടുപ്പ് പരിഗണിച്ചു നോക്കിയാല്‍ 30 സീറ്റില്‍ പോലും ലീഡ് ഇല്ല. അതിനേക്കാള്‍ നെഗറ്റീവ് ആണ് ഇപ്പോഴുള്ള പോപ്പുലര്‍ ഇമേജ്. അന്നത്തേക്കാള്‍ കൂടുതല്‍ വൈരാഗ്യത്തില്‍ ജനം വോട്ട്‌ചെയ്യാന്‍ സാധ്യതയുണ്ട്. അതിനുള്ള സൂചന മാത്രമാണ് പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ കിട്ടിയ തിരിച്ചടി.

സര്‍ക്കാറിനെതിരെയുള്ള ഭൂരിഭാഗം എതിര്‍വോട്ടുകളും ബി.ജെ.പിക്കു പോയാല്‍ ബി.ജെ.പി അഞ്ചോ ആറോ സീറ്റുകള്‍ കൂടി ജയിച്ചേക്കാം. അതോടെ 30 പിന്നെയും ഇടിഞ്ഞ് 25ല്‍ എത്തും. കൂടുതല്‍ സീറ്റ് നഷ്ടപ്പെടാന്‍ സാധ്യതയുണ്ട്. ലോക്‌സഭയില്‍ ഉള്ളതിനേക്കാളും ദയനീയമായിരിക്കും പ്രകടനം.

3. യു.ഡി.എഫ്

എന്തുകൊണ്ട് 115? എന്തുകൊണ്ട് 55?

VOTER-O

യു.ഡി.എഫിന് 115 സീറ്റുവരെ കിട്ടും. 1977ലെ വിജയത്തേക്കാള്‍ വലിയ വിജയമായിരിക്കും. 110 സീറ്റ് ലോക്‌സഭയില്‍ തെരഞ്ഞെടുപ്പ് കഴിഞ്ഞപ്പോള്‍ മുന്നിലെത്തി. ആലത്തൂരും തൃശൂരും തിരുവനന്തപുരത്തും ചില മണ്ഡലങ്ങളില്‍ അടി കിട്ടി. അതുകൂടി ഇനിയും പരിഹരിക്കാവുന്നതേ ഉള്ളൂ. പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ എക്‌സ്‌പോസ്ഡ് ആയിതനേക്കാള്‍ ജനങ്ങള്‍ക്കിടയില്‍ വീണ്ടും സി.പി.എം എക്‌സ്‌പോസ്ഡ് ആയി. ജനം കൂടുതല്‍ വെറുത്തു.

ലോക്‌സഭ തെരഞ്ഞെടുപ്പില്‍ വോട്ടര്‍പട്ടികയില്‍ ചേര്‍ക്കാത്ത യു.ഡി.എഫിന്റെ 20 ലക്ഷത്തോളം വോട്ടര്‍മാര്‍ ഇപ്പോഴും പുറത്തു നില്‍ക്കുന്നുണ്ട്. അതു പൂര്‍ണമായും ചേര്‍ക്കണം. ബീഹാറിലെയോ ഹരിയാനയിലെയോ പോലെയുള്ള തെരഞ്ഞെടുപ്പ് ഫ്രോഡുകള്‍ നടക്കാത്ത സുതാര്യമായ സത്യസന്ധമായ തെരഞ്ഞെടുപ്പ് നടക്കുക കൂടി ചെയ്താല്‍ ലോക്‌സഭയിലേക്കാള്‍ കൂടുതല്‍ സീറ്റുകള്‍ കൈയിലെത്തും.

കേരളത്തില്‍ ബി.ജെ.പിക്ക് ഒരിക്കലും അധികാരത്തില്‍ വരാനാവില്ല. അതിനാല്‍ സി.പി.എമ്മിലെ ആന്റി സര്‍ക്കാര്‍ വോട്ടുകള്‍ ഒരിക്കലും ബി.ജെ.പിയിലേക്കു പോകില്ല. ബൂത്ത് കൃത്യമായി മാനേജ് ചെയ്യാന്‍ കഴിഞ്ഞാല്‍, വിട്ടു പോയ 20 ലക്ഷം വോട്ടുകള്‍ ചേര്‍ക്കാന്‍ കഴിഞ്ഞാല്‍, കള്ളവോട്ട് തടയാന്‍ കഴിഞ്ഞാല്‍, ഇലക്ട്രല്‍ ഫ്രോഡ്‌സ് നടക്കില്ല എന്ന് ഉറപ്പാക്കിയാല്‍ - 115 സീറ്റിന്റെ മിന്നും ജയം ഉറപ്പ്.

VOTER-P

(എവിടുന്ന് കിട്ടാന്‍ 55?)

തദ്ദേശ തെരഞ്ഞെടുപ്പില്‍ ജയിച്ചതിന്റെ ആവേശത്തില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി നിര്‍ണയം നേരത്തെയാക്കും. എഴുപതോളം പുതിയ സ്ഥാനാര്‍ഥികളുണ്ടാകും. ഇതിന്റെ പേരില്‍ എന്തായാലും തര്‍ക്കമുണ്ടാകും.

അതോടെ പൊതുജനത്തിനു വിശ്വാസം കുറയും. സര്‍ക്കാര്‍ വിരുദ്ധ വോട്ടുകള്‍ ബി.ജെ.പിക്കു പോകും. അങ്ങനെ വന്നാല്‍ ബി.ജെ.പി സീറ്റുകള്‍ കൂടും. കോണ്‍ഗ്രസ് സീറ്റുകള്‍ 55ലേക്ക് കുറയും. ലീഗും സഖ്യകക്ഷികളും കൂടി 25 വാങ്ങും. ബാക്കി30 തനിച്ച കണ്ടെത്താന്‍ കോണ്‍ഗ്രസിനു കഴിയുമോ?<

..............

ഏഴാമന്‍ പപ്പാതിയില്‍ വിശ്വസിക്കുന്ന വോട്ടര്‍

ഈ പറഞ്ഞത് ഒന്നും സംഭവിക്കില്ല. എല്ലാം മിതമായ നിരക്കിലേ സംഭവിക്കു. ബാലന്‍സ്ഡ് ആയി യു.ഡി.എഫ് 80-എല്‍.ഡി.എഫ് 60 എന്ന നിലയില്‍ എത്തും. 2011ലെ പോലെ 72-68 എന്നതു പോലും ആവര്‍ത്തിക്കാം. ഒരുപക്ഷേ ബി.ജെ.പി ആഗ്രഹിക്കുന്ന 65-10-65 എന്നതും വന്നേക്കാം.

അങ്ങനെ ഘട്ടം വന്നാല്‍ കോണ്‍ഗ്രസിന്റെ ഏഴോളം എം.പിമാരെ മത്സരത്തിന് ഇറക്കണം. 2001ന് ശേഷം ഒരിക്കലും വിജയിക്കാത്ത മണ്ഡലങ്ങളില്‍ മത്സരിക്കാന്‍ അവരെ നിയോഗിക്കണം.

പാര്‍ട്ടിക്ക് 100 സീറ്റ് കിട്ടുകയാണെങ്കില്‍ അവര്‍ എം.പിയായി തുടരട്ടെ. അധിരാകാരത്തിലുള്ള യു.ഡി.എഫിന് ഇവിടെ പുതുമുഖങ്ങളെ ഉപതെരഞ്ഞെടുപ്പില്‍ ജയിപ്പിച്ചെടുക്കാന്‍ പ്രയാസമില്ല. അത്രയും സീറ്റ് കിട്ടിയില്ല, ചെറിയ വ്യത്യാസമേ ഉള്ളൂ എങ്കില്‍ അവര്‍ നിയമസഭയില്‍ തുടരുക. ലോക്‌സഭയയിലേക്ക് വേറെ തെരഞ്ഞെടുപ്പ് നടത്തുക.

എം.കെ.രാഘവന്‍, കെ.സുധാകരന്‍, ഷാഫി പറമ്പില്‍, ശശി തരൂര്‍, എന്‍.കെ.പ്രേമചന്ദ്രന്‍, അടൂര്‍ പ്രകാശ് എംപിമാരും പഴയപടക്കുതിരകളായ മുല്ലപ്പള്ളി, വി.എം.സുധീരന്‍ അടക്കമുള്ളവര്‍ക്ക് വിവിധ ജില്ലകളില്‍ 2001നു ശേഷം ജയിക്കാന്‍ കഴിയാത്ത മണ്ഡലങ്ങളില്‍ ജയിച്ചു കയറാന്‍ സാധിക്കും.

കണ്ണൂരിലോ തളിപ്പറമ്പിലോ സുധാകരനും, കോഴിക്കോട് നോര്‍ത്തിലോ പേരാമ്പ്രയിലോ എം.കെ. രാഘവനും നാദാപുരത്തും കൊയിലാണ്ടിയിലും മുല്ലപ്പള്ളി രാമചന്ദ്രനും ജയിക്കാന്‍ എളുപ്പമാണ്. ഷാഫി പറമ്പിലിന് ബാലുശ്ശേരിയിലോ വടകരയിലോ പേരാമ്പ്രയിലോ എവിടെ വേണമെങ്കിലും ജയിക്കാം.

ഇരവിപുരത്തോ കൊല്ലം ടൗണിലോ കൊട്ടാരക്കരയിലോ എന്‍.കെ.പ്രേമചന്ദ്രനു ജയിക്കാനാകും. തിരുവനന്തപുരത്തെ ബി.ജെ.പിയുടെ സൂപ്പര്‍ മണ്ഡലങ്ങളില്‍ പോലും ശശി തരൂരിനു ജയിക്കാം.

തിരുവനന്തപുരത്ത് ഏറ്റവും ദയനീയമായി നില്‍ക്കുന്ന പാറശാലയില്‍ പോലും ശശി തരൂരിനു ജയിക്കാനാകും. 3-4 ആ സീറ്റിനു ഭരണം പോകുന്ന തിരിച്ചടി ഒഴിവാക്കാന്‍ ഇതാണു നല്ലത്. പ്രത്യേകിച്ച് ഒന്നും ആവശ്യപ്പെടാതെ തന്നെ പാര്‍ട്ടിയെ അധികാരത്തില്‍ എത്തിക്കാന്‍ മത്സരിക്കാന്‍ ഇവര്‍ തയാറാകണം. ആ നിലപാടില്‍ മുന്നോട്ടു വന്നാല്‍ മൊത്തത്തിലുള്ള പാര്‍ട്ടി ഇമേജ് പോലും മാറും.

എട്ടാമന്‍: കൃത്യം, വ്യക്തം, ലോജിക് മുഖ്യം

കൃത്യമായ കാഴ്ചപ്പാടുകളുള്ള കാര്യങ്ങളെ നിലവിലെ സാഹചര്യത്തിന്റെ അടിസ്ഥാനത്തില്‍ കൃത്യമായി മനസിലാക്കുന്ന നിഷ്പക്ഷ കാഴ്ചപ്പാടുള്ള വോട്ടറാണ് എട്ടാമന്‍. അയാളുടെ അനാലിസിസ് പ്രകാരം ആരും പ്രതീക്ഷിക്കാത്ത ഒന്നോ രണ്ടോ സീറ്റുകള്‍ ബി.ജെ.പി പിടിക്കും. എ ക്ലാസ് മണ്ഡലങ്ങളെല്ലാം ജനങ്ങള്‍ക്ക് തിരിച്ചറിയാമെന്നതിനാല്‍ സ്ട്രാറ്റജി വോട്ടിങില്‍ ബി.ജെ.പി തോല്‍ക്കും. എന്നാല്‍, അപ്രതീക്ഷിതമായ ഒന്നോ രണ്ടോ മണ്ഡലത്തില്‍ ജയിച്ചു വന്നേക്കാം.

എല്‍.ഡി.എഫിന്റ കാര്യത്തില്‍ വളരെ സ്‌ട്രോങ് സെറ്റ്ബാക്കുള്ള സമയമാണ്. എന്നാലും, ആ സമയത്തു തന്നെ എങ്ങനെ വന്നാലും അവര്‍ക്ക് വളരെ അനുകൂലമായ സാഹചര്യമുണ്ട്. എസ്. സി, എസ്.ടി, ഈഴവ വോട്ടുകളിലെ ഉറച്ച പിന്തുണ ബലമായുണ്ട്.

അതേസമയം ക്രിസ്ത്യന്‍- മുസ്‌ലിം ബെല്‍റ്റുകളായ വയനാട്, മലപ്പുറം, എറണാകുളം, കോട്ടയം, ഇടുക്കി പത്തനംതിട്ട എന്നിങ്ങനെയുള്ള ആറ് ജില്ലകള്‍ യു.ഡി.എഫിനു നല്ല മേല്‍ക്കൈ ഉണ്ടാകും. കോണ്‍ഗ്രസിന്റെ സംഘടനാ സംവിധാനം മോശമായ ബാക്കിയുള്ള തിരുവനന്തപുരം, കൊല്ലം, പാലക്കാട് മുതലായ സ്ഥലങ്ങളില്‍ നല്ല തിരിച്ചടി നേരിടും. നല്ല തിരഞ്ഞെടുപ്പ് മാനേജ്‌മെന്റ് സംവിധാനമില്ലെങ്കില്‍ വലിയ തിരിച്ചടിയുണ്ടാകും. സ്ഥാനാര്‍ഥി നിര്‍ണയവും ഇലക്ഷന്‍ മാനേജ്‌മെന്റും വളരെ നിര്‍ണായകമാണ്.

കോണ്‍ഗ്രസിന്റെ വിജയം എന്നു പറയുന്നത് സ്ഥാനാര്‍ഥി നിര്‍ണയത്തെ അനുസരിച്ചാണ്. 140 മണ്ഡലങ്ങളിലും 1-5 വരെ എലിജിബിള്‍ കാന്‍ഡിഡേറ്റ് ഉണ്ടാകും. നേരത്തെ സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചാല്‍ സീറ്റ് കിട്ടാത്തവര്‍ എതിര്‍ ചേരിയുമായി അലയന്‍സ് ഉണ്ടാക്കിയാല്‍ ട്രാജഡി ഉണ്ടാകാന്‍ സാധ്യതയുണ്ട്.

പൊളിറ്റിക്കല്‍ കരിയര്‍ എന്നന്നേക്കുമായി നഷ്ടപ്പെടുമെന്ന ഭീതിയില്‍ സീറ്റ് നഷ്ടപ്പെടുന്നവര്‍ വലിയ പ്രശ്‌നമുണ്ടാക്കും. ഉദാഹരണത്തിന് സീറ്റ് കിട്ടാത്ത ടി.കെ. ഹംസ മറുവശത്തു പോയി ആര്യാടനെ തോല്‍പിച്ചത് ഓര്‍ക്കുക.

സമാന സാഹചര്യം ഇത്തവണയും ഉണ്ടാകാന്‍ സാധ്യതയുണ്ട്. അതിനാല്‍ സ്ഥാനാര്‍ഥി നിര്‍ണയം വളരെ പതിയെ നടത്തുക. സ്ഥാനാര്‍ഥി നിര്‍ണയം വേഗത്തിലാക്കിയാല്‍ 115ല്‍ നിന്ന് 85ലേക്ക് സീറ്റുകള്‍ ഇടിയും.

Similar News