വിഭാഗീയത തുടച്ചുനീക്കിയ നേതാവായി പിണറായി വിജയന്‍ പാര്‍ട്ടിയിലും സര്‍ക്കാരിലും കരുത്തനായി തുടരുമ്പോള്‍ എങ്ങും വിമത പടനീക്കം; സുധാകരനും ഐഷാ പോറ്റിയും വി കുഞ്ഞികൃഷ്ണനും; ശശിയും തലവേദന; ഇത് സി.പി.എമ്മിന്റെ ചരിത്രത്തില്‍ മുമ്പെങ്ങുമില്ലാത്ത വിധം മുതിര്‍ന്ന നേതാക്കളുടെയും അണികളുടെയും കൊഴിഞ്ഞുപോക്ക് കാലം; സിപിഎം സംഘടനാ വീഴ്ചയില്‍ ചര്‍ച്ച തുടരുന്നു

Update: 2026-03-13 02:50 GMT

തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പ് പടിവാതില്‍ക്കല്‍ എത്തിനില്‍ക്കെ, സി.പി.എമ്മിന്റെ ചരിത്രത്തില്‍ മുമ്പെങ്ങുമില്ലാത്ത വിധം മുതിര്‍ന്ന നേതാക്കളുടെയും അണികളുടെയും കൊഴിഞ്ഞുപോക്ക് പാര്‍ട്ടിയെ കടുത്ത പ്രതിസന്ധിയിലാക്കുന്നു. നിയമസഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ, നാല് മുന്‍ എം.എല്‍.എമാര്‍ പരസ്യമായി വെല്ലുവിളിച്ച് പാര്‍ട്ടി വിട്ടത് സി.പി.എമ്മിനെ അസാധാരണമായ പ്രതിസന്ധിയിലാക്കുന്നു. കൊട്ടാരക്കരയില്‍ ഐഷാ പോറ്റി, ദേവികുളത്ത് എസ്. രാജേന്ദ്രന്‍, പാലക്കാട് പി.കെ. ശശി, ആലപ്പുഴയില്‍ ജി. സുധാകരന്‍ എന്നിവരാണ് പാര്‍ട്ടിയുമായി കലഹിച്ച് വഴിപിരിഞ്ഞത്. ഇതില്‍ മൂന്ന് പേരുടെയും സ്ഥാനാര്‍ത്ഥിത്വം ഉറപ്പായതോടെ തിരഞ്ഞെടുപ്പ് ഗോദയില്‍ പാര്‍ട്ടിക്കെതിരെ മുന്‍ സാരഥികള്‍ തന്നെ അണിനിരക്കുന്ന കാഴ്ചയാണ് നിലവിലുള്ളത്.

സംസ്ഥാനതലം മുതല്‍ പ്രാദേശികതലം വരെയുള്ള പ്രമുഖ നേതാക്കള്‍ പാര്‍ട്ടി വിടുന്നത് തടയാന്‍ നേതൃത്വത്തിന് കഴിയാത്തത് വരാനിരിക്കുന്ന തിരഞ്ഞെടുപ്പില്‍ വലിയ തിരിച്ചടിയുണ്ടാക്കുമെന്ന ആശങ്ക ശക്തമാണ്. മുതിര്‍ന്ന നേതാവ് ജി. സുധാകരന്‍ പാര്‍ട്ടി ബന്ധം ഉപേക്ഷിച്ചതാണ് ഈ കൊഴിഞ്ഞുപോക്കിന്റെ ഒടുവിലത്തെയും ഏറ്റവും പ്രകമ്പനമുണ്ടാക്കിയതുമായ ഉദാഹരണം. പാര്‍ട്ടിക്കുള്ളിലെ അവഗണനയും വിഭാഗീയതയുമാണ് പല പ്രമുഖരെയും സി.പി.എം വിടാന്‍ പ്രേരിപ്പിക്കുന്നത്. കൊട്ടാരക്കരയില്‍ മുന്‍ എം.എല്‍.എ അയിഷ പോറ്റി പാര്‍ട്ടി വിട്ട് കോണ്‍ഗ്രസിലേക്ക് ചേക്കേറിയത് വര്‍ഷങ്ങളായുള്ള അവഗണനയെത്തുടര്‍ന്നാണ്. ഇടുക്കിയില്‍ മുന്‍ എം.എല്‍.എ എസ്. രാജേന്ദ്രന്‍ ബി.ജെ.പിയില്‍ എത്തിയതും പ്രാദേശിക നേതൃത്വവുമായുള്ള കലഹത്തെത്തുടര്‍ന്നായിരുന്നു.

കണ്ണൂരിലെ രക്തസാക്ഷി ഫണ്ട് ക്രമക്കേട് ഉയര്‍ത്തിക്കാട്ടി പി.വി. കുഞ്ഞികൃഷ്ണന്‍ പാര്‍ട്ടി വിട്ടത് സി.പി.എമ്മിന്റെ കോട്ടകളില്‍ വിള്ളലുണ്ടാക്കി. പാലക്കാട് പി.കെ. ശശിയും നേതൃത്വവുമായി ഇടഞ്ഞ് പുറത്തുപോയത് പാര്‍ട്ടിക്ക് വലിയ ആഘാതമായി. ചാനല്‍ ചര്‍ച്ചകളില്‍ പാര്‍ട്ടിയുടെ മുഖമായിരുന്ന റെജി ലൂക്കോസ് ഇപ്പോള്‍ ബി.ജെ.പി വക്താവാണ്. മറ്റൊരു ന്യായീകരണ നേതാവ് ബി.എന്‍. ഹസ്‌കര്‍ സി.പി.എം വിട്ട് ആര്‍.എസ്.പിയില്‍ ചേര്‍ന്നു. തിരുവനന്തപുരത്ത് ഏരിയാ സെക്രട്ടറിയായിരുന്ന മധു മുല്ലശ്ശേരി ബി.ജെ.പിയിലും, അഞ്ചല്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റായിരുന്ന സുജാ ചന്ദ്രബാബു മുസ്ലിം ലീഗിലുമെത്തി. വി.എസ് പക്ഷക്കാരനായിരുന്ന എ. സുരേഷിനെതിരെ നടപടി എടുത്തതും തിരിച്ചടിയായി. മലമ്പുഴയില്‍ സുരേഷ് യുഡിഎഫിനായി മത്സരിച്ചേക്കും. നിയമസഭാ തിരഞ്ഞെടുപ്പിന് മുന്‍പ് ഇനിയും പ്രമുഖര്‍ പാര്‍ട്ടി വിടുമോ എന്ന ഭീതിയിലാണ് സി.പി.എം നേതൃത്വം.

കൊട്ടാരക്കരയില്‍ യു.ഡി.എഫ് സ്ഥാനാര്‍ത്ഥിയായി ഐഷാ പോറ്റിയും, ദേവികുളത്ത് എന്‍.ഡി.എ സ്ഥാനാര്‍ത്ഥിയായി എസ്. രാജേന്ദ്രനും ജനവിധി തേടും. ആലപ്പുഴയില്‍ ജി. സുധാകരന്‍ സ്വതന്ത്ര സ്ഥാനാര്‍ത്ഥിത്വം പ്രഖ്യാപിച്ചുകഴിഞ്ഞു. പയ്യന്നൂരില്‍ വി. കുഞ്ഞികൃഷ്ണന്‍ ഉയര്‍ത്തിയ ഭീഷണി നിലനില്‍ക്കെ, അദ്ദേഹം സ്വതന്ത്രനായി മത്സരിക്കുമോ എന്ന കാര്യത്തില്‍ ചര്‍ച്ചകള്‍ പുരോഗമിക്കുകയാണ്. പി.കെ. ശശിയും തന്റെ രാഷ്ട്രീയ ഭാവി തേടി സജീവമായുണ്ട്. നേരത്തെ ഇടതു മുന്നണി വിട്ട പി.വി. അന്‍വര്‍ ബേപ്പൂരില്‍ മത്സരിക്കുന്നതും പാര്‍ട്ടിയെ സമ്മര്‍ദ്ദത്തിലാക്കുന്നു. വിഭാഗീയത തുടച്ചുനീക്കിയ നേതാവായി പിണറായി വിജയന്‍ പാര്‍ട്ടിയിലും സര്‍ക്കാരിലും കരുത്തനായി തുടരുമ്പോഴാണ് ഈ പടനീക്കമെന്നത് ശ്രദ്ധേയമാണ്.

പാര്‍ട്ടി അംഗത്വം പുതുക്കില്ലെന്ന് പ്രഖ്യാപിച്ച ജി. സുധാകരന്‍, മുന്‍ മന്ത്രി എളമരം കരീമിനെതിരെ ഗുരുതര ആരോപണങ്ങളുമായി വാര്‍ത്താസമ്മേളനത്തില്‍ രംഗത്തെത്തി. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ അമ്പലപ്പുഴയില്‍ ഭൂരിപക്ഷം കുറഞ്ഞതുമായി ബന്ധപ്പെട്ട് കരീം തയ്യാറാക്കിയ റിപ്പോര്‍ട്ട് കള്ളമാണെന്ന് സുധാകരന്‍ തുറന്നടിച്ചു. തന്നെ പുറത്താക്കുക എന്ന ലക്ഷ്യത്തോടെ നിര്‍മ്മിച്ച റിപ്പോര്‍ട്ടില്‍ തന്റെ വിശദീകരണങ്ങള്‍ ഉള്‍പ്പെടുത്തിയില്ലെന്നും 'കരീമിക്ക' എന്ന് കോഴിക്കോട് പോസ്റ്റര്‍ പതിപ്പിച്ച് രാജ്യസഭയില്‍ നിന്ന് നേരെ ലോക്‌സഭയിലേക്ക് മത്സരിച്ച കരീമിന്റേത് കള്ള റിപ്പോര്‍ട്ടാണെന്നും സുധാകരന്‍ പരിഹസിച്ചു. തിരഞ്ഞെടുപ്പ് കാലത്തെ ഈ കൂറുമാറ്റങ്ങളും വിയോജിപ്പുകളും പാര്‍ട്ടിയുടെ സംഘടനാ ശേഷിയെത്തുടര്‍ന്ന് അപ്രസക്തമാക്കാനാവില്ലെന്ന ആശങ്കയിലാണ് സി.പി.എം നേതൃത്വം.

Similar News