ഐക്യമുന്നണി ജയിച്ചാല്‍ ലീഗിന്റെ ഭരണമെന്ന് പ്രചാരണം; ഇതോടെ ഹൈന്ദവവോട്ടുകള്‍ ഇടത്തേക്ക് ചായുന്നു; വേങ്ങരയില്‍ കോണ്‍ഗ്രസിലും പ്രശ്നങ്ങള്‍; വി ഡി സതീശനുവേണ്ടി വോട്ട് ചെയ്യാന്‍ ആഹ്വാനം; 'മതമാണ് മതമാണ് മതമാണ് പ്രശ്നം' പ്രസംഗം യുഡിഎഫിന് പാരയാവുമ്പോള്‍

'മതമാണ് മതമാണ് മതമാണ് പ്രശ്നം' പ്രസംഗം യുഡിഎഫിന് പാരയാവുമ്പോള്‍

Update: 2026-03-28 16:53 GMT

കോഴിക്കോട്: കേരളത്തിലുടനീളം നേരത്തെ തന്നെ ചര്‍ച്ചയായതാണ്, മുസ്ലീം ലീഗ് നേതാവ് കെ എം ഷാജിയുടെ 'മതമാണ് മതമാണ് മതമാണ് പ്രശ്നം' എന്ന വിവാദ പ്രസംഗം. കഴിഞ്ഞ പത്തുവര്‍ഷമായി സമുദായത്തിന് നഷ്ടപ്പെട്ട ആനുകൂല്യങ്ങള്‍ തിരിച്ചുപിടിക്കുമെന്ന ഷാജിയുടെ പ്രസ്താവന, വലിയ രീതിയിലുള്ള അസന്തുഷ്ടിയാണ് കേരളത്തിലെ മറ്റുമതസ്ഥര്‍ക്കിടയില്‍ ഉണ്ടായിരിക്കുന്നത്. തിരഞ്ഞടുപ്പ് കാലമായതോടെ ബിജെപിയും എല്‍ഡിഎഫും ഈ വിഷയം നന്നായി പ്രചാരണ വിഷയമാക്കുകയാണ്. ഇതോടെ ഹൈന്ദവവോട്ടുകളടക്കം വലിയ രീതിയില്‍ എല്‍ഡിഎഫിലേക്ക് ചായുന്ന അവസ്ഥയും ഉണ്ടാവുന്നുണ്ട്.

വിവാദം യുഡിഎഫിന് പാര

മുസ്ലിം ലീഗ് നേതാവ് കെ.എം. ഷാജി ഒരു പ്രസംഗത്തിനിടെ നടത്തിയ 'മതമാണ് മതമാണ് മതമാണ് പ്രശ്‌നം' എന്ന പരാമര്‍ശം വലിയ രാഷ്ട്രീയ വിവാദങ്ങള്‍ക്ക് വഴിതെളിച്ചിരുന്നു. 2026 ജനുവരിയില്‍ കണ്ണൂരില്‍ നടന്ന ഒരു പൊതുപരിപാടിയിലാണ് അദ്ദേഹം ഈ വാചകം ആവര്‍ത്തിച്ച് പറഞ്ഞത്.

ക്യാമ്പസുകളില്‍ 'മതമല്ല പ്രശ്നം' എന്ന് പറയുന്ന എസ്.എഫ്.ഐ നിലപാടിനെ വിമര്‍ശിച്ചുകൊണ്ടാണ് അദ്ദേഹം ഈ വാചകം പറഞ്ഞത്. മനുഷ്യജീവിതത്തില്‍ എല്ലാ കാര്യങ്ങളിലും മതം നിര്‍ണ്ണായക സ്വാധീനം ചെലുത്തുന്നുണ്ടെന്നും അത് നിഷേധിക്കാനാവില്ലെന്നും അദ്ദേഹം വാദിച്ചു. പത്തുവര്‍ഷമായി മുസ്ലീം സമുദായത്തിന് നഷ്ടപ്പെട്ടവ നേടിയെടുക്കണമെന്നം അദ്ദേഹം വാദിച്ചു.

ഷാജിയുടെ ഈ പ്രസ്താവന വര്‍ഗീയത വളര്‍ത്തുന്നതാണെന്ന് സി.പി.എം അടക്കമുള്ള രാഷ്ട്രീയ എതിരാളികള്‍ ആരോപിച്ചു. എന്നാല്‍ ഷാജി, തന്റെ നിലപാടില്‍ മാറ്റമില്ലെന്ന തരത്തിലുള്ള പ്രതികരണങ്ങളാണ് പിന്നീട് നല്‍കിയത്. സോഷ്യല്‍ മീഡിയയില്‍ ഈ പ്രസംഗത്തിന്റെ ഭാഗങ്ങള്‍ വലിയ തോതില്‍ പ്രചരിച്ചു. ഇതോടെ യുഡിഎഫ് അധികാരത്തില്‍വന്നാല്‍ വലിയ തോതിലുള്ള മതപ്രീണനമാണ് നടക്കുകയെന്നും, മുസ്ലീം ലീഗായിരിക്കും നിര്‍ണ്ണായക സ്ഥാനങ്ങളില്‍ വരികയെന്നും പ്രചാരണം നടന്നു. നേരത്തെ ഉമ്മന്‍ചാണ്ടി സര്‍ക്കാറിന്റെ കാലത്ത് അഞ്ചാം മന്ത്രിയുണ്ടായ സമയത്ത് എന്നപോലെ വലിയ രീതിയിലുള്ള സാമുദായിക ധ്രൂവീകരണത്തിനാണ് ഇത് വഴിമരുന്നിട്ടത്. അതോടെ ഹൈന്ദവ വോട്ടുകള്‍ വലിയ രീതില്‍ എല്‍ഡിഎഫിന് അനുകൂലമായി മാറുകയാണ്. സിപിഎം നേതാക്കള്‍പോലും സ്വപ്നം കാണാത്ത രീതിയിലുള്ള സോഷ്യല്‍ എഞ്ചിനീയറിങ്ങാണ് ഇത്. ഇതുമൂലം നായര്‍, ഈഴവ വോട്ടുകളുടെ കണ്‍സോളിഡേഷന്‍ ഇടതുമുന്നണിക്ക് അനുകൂലമായി തെക്കന്‍ ജില്ലകളില്‍ ഉണ്ടാവുമെന്നാണ് കരുതുന്നത്.

വേങ്ങരയിലും പ്രശ്നങ്ങള്‍

അതുപോലെ തന്നെ ഇനിയും ഒരുതവണ കൂടി സിപിഎം ഭരണം വരണം എന്നുതന്നെയാണ്് ഹാര്‍ഡ് കോര്‍ പരിവാറുകാര്‍ ആഗ്രഹിക്കുന്നത് എന്നും അഡ്വ ജയശങ്കറിനെപോലുള്ള രാഷ്ട്രീയ നിരീക്ഷകര്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. ഇനി ഒരുതവണ കൂടി ഭരണം കുട്ടിയാല്‍ സിപിഎം ബംഗാള്‍ മോഡലില്‍ സമ്പൂര്‍ണ്ണമായി നശിക്കുമെന്നും അവര്‍ സ്വപ്നം കാണുന്നു. ഒപ്പം, കോണ്‍ഗ്രസിന്റെ ഒരു വിഭാഗം ബിജെപിയിലെത്തുമെന്നും അവര്‍ പ്രതീക്ഷിക്കുന്നു. അതുകൊണ്ടുതന്നെ തങ്ങളുടെ എ ക്ലാസ് മണ്ഡലങ്ങളില്‍ അല്ലാത്തിടത്ത് ബിജെപിയുടെ വോട്ട്് എല്‍ഡിഎഫിന് പോകാന്‍ ഇടയുണ്ട്. ഇത് സ്വാഭവികമായി സംഭവിക്കുന്നതാണ്. അല്ലാതെ നേതാക്കള്‍ പറഞ്ഞുറപ്പിച്ച ഡീല്‍ അല്ല. ഈ സംഭവവികാസങ്ങള്‍ക്കിടയിലാണ് ഷാജിയുടെ മതമാണ് പ്രശ്നം പ്രസംഗം വീണ്ടും കുത്തിപ്പൊക്കപ്പെടുന്നത്.

രണ്ടുതവണ യുഡിഎഫിന് വേണ്ടി കണ്ണൂരിലെ അഴീക്കോട് മണ്ഡലത്തില്‍നിന്ന് ജയിച്ച കെ എം ഷാജി, കഴിഞ്ഞ തവണ അഴീക്കോട് മണ്ഡലത്തില്‍ നിന്ന് സിപിഎമ്മിലെ കെ വി സുമേഷിനോട് തോറ്റിരുന്നു. ഇത്തവണ ഷുവര്‍ സീറ്റായ, മലപ്പുറം ജില്ലയിലെ വേങ്ങരയാണ്, ഷാജിക്ക് ലീഗ് കൊടുത്തിരിക്കുന്നത്. പക്ഷേ ഷാജിയുടെ സ്ഥാനാര്‍ത്ഥിത്വം വേങ്ങരയിലും പ്രശ്നങ്ങള്‍ ഉണ്ടാക്കിയിട്ടുണ്ട്.

കെഎം ഷാജിയെ പരോക്ഷമായി വിമര്‍ശിച്ച് കോണ്‍ഗ്രസിന്റെ ഗ്രൂപ്പ് യോഗം ചേര്‍ന്നത് കഴിഞ്ഞ ദിവസം ലീക്കായി. വേങ്ങരയില്‍ കെ എം ഷാജിക്കല്ല, വി.ഡി. സതീശന് വേണ്ടി വോട്ട് ചെയ്യണമെന്ന് യോഗത്തില്‍ ആഹ്വാനമുണ്ടായി. 'ഷാജി നല്ലവനല്ലെങ്കിലും, കോണ്‍ഗ്രസിനെ എപ്പോഴും അധിക്ഷേപിക്കുന്ന ആളാണെങ്കിലും അദ്ദേഹത്തിന് വോട്ട് ചെയ്യും. ഈ വോട്ട് ഷാജിക്കല്ല, പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്റെ നേതൃത്വത്തിനുള്ള പിന്തുണയാണ്. സതീശനെ ശക്തിപ്പെടുത്തുക എന്ന ലക്ഷ്യത്തോടെയാകും വോട്ട് രേഖപ്പെടുത്തുകയെന്നും'' ഗ്രൂപ്പ് യോഗത്തില്‍ ഒരാള്‍ സംസാരിക്കുന്നതിന്റെ ഓഡിയോയാണ് പുറത്തായത്.

Tags:    

Similar News