ഡീല്‍ വിട്ട് വീണ്ടും ശബരിമല; 'പോറ്റിയെ കേറ്റിയ' പാട്ടുമായി യുഡിഎഫ്; വികസനത്തില്‍ മുന്നേറാന്‍ എല്‍ഡിഎഫ്; മോദിയും വികസിത കേരളവും ബിജെപി പ്രതീക്ഷ; ത്രികോണ ചൂട് മുറുകുമ്പോള്‍ അജണ്ടകളും മാറി മറിയുന്നു; കേരളം ആവേശപ്പോരിലേക്ക്

Update: 2026-03-28 07:18 GMT

തിരുവനന്തപുരം: കേരളത്തില്‍ തിരഞ്ഞെടുപ്പ് പ്രചാരണം രണ്ടാം ഘട്ടത്തിലേക്ക് കടക്കുമ്പോള്‍ രാഷ്ട്രീയ അജണ്ടകളില്‍ പുതു വഴി. ആദ്യഘട്ടത്തില്‍ 'ഡീല്‍' രാഷ്ട്രീയമുയര്‍ത്തി പ്രചാരണത്തിന്റെ ഗതി നിശ്ചയിച്ച യുഡിഎഫ്, ഇപ്പോള്‍ ചര്‍ച്ചകളെ തന്ത്രപരമായി ശബരിമലയിലേക്കും വിശ്വാസ സംരക്ഷണത്തിലേക്കും തിരിച്ചുവിട്ടിരിക്കുകയാണ്. ഇതിന് ആക്കം കൂട്ടാന്‍ 'പോറ്റിയേ കേറ്റിയേ' എന്ന ഗാനം കൂടി എത്തിയതോടെ രാഷ്ട്രീയ കേരളം വീണ്ടും ശരണംവിളികളാല്‍ മുഖരിതമാവുകയാണ്.

പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍ നേരിട്ടാണ് ശബരിമല വിഷയം വീണ്ടും ചര്‍ച്ചാപ്പട്ടികയില്‍ ഒന്നാമതെത്തിച്ചത്. സി.പി.എം നേതാക്കള്‍ക്കെതിരെ ഉയര്‍ന്ന പുരാവസ്തു തട്ടിപ്പ് ആരോപണങ്ങളും അയ്യപ്പന്റെ സ്വര്‍ണം മോഷ്ടിച്ചെന്ന പരാതികളും ഉയര്‍ത്തിക്കാട്ടിയാണ് യുഡിഎഫ് നീക്കം. ദ്വാരപാലക ശില്പം കടത്തിയെന്ന ഗൗരവകരമായ ആരോപണം രാഷ്ട്രീയ ആയുധമാക്കുന്നതിലൂടെ സര്‍ക്കാരിന്റെ 'വിശ്വാസ വിരുദ്ധ' പ്രതിച്ഛായ ഉറപ്പിക്കാനാണ് പ്രതിപക്ഷം ശ്രമിക്കുന്നത്. ബിജെപിയാകട്ടേ മോദി തരംഗത്തിലാണ് പ്രതീക്ഷ അര്‍പ്പിക്കുന്നത്.

വൈകാരിക വിഷയങ്ങളില്‍ വീഴാതെ വികസന ചര്‍ച്ചകളില്‍ ഉറച്ചുനില്‍ക്കാനാണ് എല്‍ഡിഎഫ് തീരുമാനം. പത്തുവര്‍ഷത്തെ ഭരണനേട്ടങ്ങളും അതിദാരിദ്ര്യ നിര്‍മ്മാര്‍ജ്ജനവും ആരോഗ്യ-വിദ്യാഭ്യാസ മേഖലകളിലെ കുതിപ്പും ഉയര്‍ത്തിക്കാട്ടി മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രതിരോധം തീര്‍ക്കുന്നു. നുണപ്രചാരണങ്ങളിലൂടെ എല്‍ഡിഎഫിനെ തകര്‍ക്കാമെന്ന് പ്രതിപക്ഷം കരുതേണ്ടെന്നും ജനങ്ങള്‍ അവരുടെ ജീവിതാനുഭവങ്ങള്‍ക്കനുസരിച്ചാണ് വോട്ട് ചെയ്യുന്നതെന്നും മുഖ്യമന്ത്രി വ്യക്തമാക്കുന്നു.

'പോറ്റിയേ കേറ്റിയേ'; പാട്ടില്‍ കുരുങ്ങുന്ന പ്രചാരണം

പഴകുളം മധുവിന്റെ 'പോറ്റിയേ കേറ്റിയേ' എന്ന ഗാനം യുഡിഎഫിന് നല്‍കുന്ന മൈലേജ് ചെറുതല്ല. ശബരിമലയിലെ പഴയ മുറിപ്പാടുകളെ ഓര്‍മ്മിപ്പിക്കുന്ന ഈ പാട്ട് സോഷ്യല്‍ മീഡിയയില്‍ വൈറലായതോടെ, ശബരിമല വിഷയം തങ്ങളുടെ കുത്തകയാണെന്ന് കരുതിയ ബിജെപിയും പ്രതിരോധത്തിലായിട്ടുണ്ട്. വിശ്വാസികള്‍ക്കിടയില്‍ യുഡിഎഫിന്റെ സ്വാധീനം വര്‍ദ്ധിപ്പിക്കാന്‍ ഈ സംഗീത തന്ത്രം സഹായിക്കുമെന്ന് കോണ്‍ഗ്രസ് കണക്കുകൂട്ടുന്നു.

ശബരിമല കൊടിമര നിര്‍മ്മാണത്തില്‍ അഴിമതിയില്ലെന്ന വിജിലന്‍സ് കണ്ടെത്തല്‍ കോണ്‍ഗ്രസിന് ഇരട്ടി ഊര്‍ജ്ജമാണ് നല്‍കിയിരിക്കുന്നത്. സര്‍ക്കാരിന്റെ വേട്ടയാടല്‍ രാഷ്ട്രീയത്തിന് ലഭിച്ച തിരിച്ചടിയായാണ് യുഡിഎഫ് ഇതിനെ കാണുന്നത്. അഴിമതി ആരോപണങ്ങള്‍ ഓരോന്നായി പൊളിയുമ്പോള്‍, വിശ്വാസസംരക്ഷണത്തിന്റെ പുതിയ പോര്‍മുഖം തുറക്കുകയാണ് സതീശനും സംഘവും.

എല്‍ഡിഎഫും ബിജെപിയും തമ്മില്‍ അവിശുദ്ധ കൂട്ടുകെട്ടുണ്ടെന്ന ആരോപണം ആദ്യഘട്ടത്തില്‍ ഉയര്‍ത്തിയത് യുഡിഎഫാണ്. ഇതിനെ പ്രതിരോധിക്കാന്‍ മുഖ്യമന്ത്രി നേരിട്ട് രംഗത്തെത്തിയിരുന്നു. 'ഞങ്ങള്‍ക്ക് ഒരു ഡീലിന്റെയും ഗതികേടില്ല' എന്ന മുഖ്യമന്ത്രിയുടെ പ്രസ്താവന ഈ ആരോപണങ്ങള്‍ എത്രത്തോളം സര്‍ക്കാരിനെ അലോസരപ്പെടുത്തുന്നു എന്നതിന്റെ തെളിവാണ്.

വിഷയങ്ങള്‍ വൈകാരിക തലത്തിലേക്ക് മാറുന്നതിനെതിരെ രാഷ്ട്രീയ കേന്ദ്രങ്ങളില്‍ നിന്ന് വിമര്‍ശനം ഉയരുന്നുണ്ട്. വ്യക്തിപരമായ അധിക്ഷേപങ്ങളും വിശ്വാസത്തെ മുന്‍നിര്‍ത്തിയുള്ള പ്രചാരണങ്ങളും തിരഞ്ഞെടുപ്പ് കമ്മീഷന്‍ നിയന്ത്രിക്കണമെന്നാണ് ഒരു വിഭാഗത്തിന്റെ ആവശ്യം. സതീശനെതിരെയും സര്‍ക്കാരിനെതിരെയും ഉയരുന്ന ആരോപണങ്ങള്‍ അതിരുകടക്കുന്നു എന്ന പരാതിയും ശക്തമാണ്.

മാറുന്ന അജണ്ടകള്‍; ആര്‍ക്ക് നേട്ടം?

വികസന ചര്‍ച്ചകള്‍ക്ക് പകരം ശബരിമലയും വിശ്വാസവും ചര്‍ച്ചയാകുന്നത് ആരെ സഹായിക്കും എന്നതാണ് പ്രധാന ചോദ്യം. ന്യൂനപക്ഷ വോട്ടുകളില്‍ വിള്ളലുണ്ടാക്കാതെ തന്നെ ഹൈന്ദവ വോട്ടുകള്‍ കൂടി ഉറപ്പിക്കാനുള്ള യുഡിഎഫിന്റെ ഈ 'ബാലന്‍സിങ് ആക്ട്' വിജയിക്കുമോ എന്ന് കാത്തിരുന്നു കാണണം. വികസനത്തിന്റെ കരുത്തില്‍ ഈ തരംഗത്തെ തടയാനാകുമെന്ന് എല്‍ഡിഎഫ് വിശ്വസിക്കുന്നു.

ശബരിമല വിഷയം കോണ്‍ഗ്രസ് ഏറ്റെടുത്തതോടെ ബിജെപി ക്യാമ്പും അതിന് പിന്നാലെ പോകും. തങ്ങള്‍ പാകപ്പെടുത്തിയ മണ്ണില്‍ കോണ്‍ഗ്രസ് വിളവെടുക്കുന്നു എന്ന തോന്നല്‍ അവരെ സജീവമായി പ്രതികരിക്കാന്‍ പ്രേരിപ്പിക്കുന്നു. എന്നാല്‍, കേന്ദ്ര സര്‍ക്കാരിന്റെ ഭരണനേട്ടങ്ങള്‍ ഉയര്‍ത്തിക്കാട്ടി ഈ വോട്ടുകള്‍ തിരിച്ചുപിടിക്കാനാണ് എന്‍ഡിഎയുടെ ശ്രമം.

പോസ്റ്ററുകളെക്കാള്‍ റീല്‍സുകളും പാട്ടുകളും വോട്ട് നിശ്ചയിക്കുന്ന രീതിയിലേക്ക് പ്രചാരണം മാറിയിരിക്കുന്നു. 'പോറ്റിയേ കേറ്റിയേ' എന്ന വരികള്‍ക്കൊപ്പം പഴയ സമരചിത്രങ്ങള്‍ കൂടി ചേര്‍ത്തുള്ള പ്രചാരണം യുവാക്കള്‍ക്കിടയില്‍ തരംഗമാണ്. ഇതിനെ കൗണ്ടര്‍ ചെയ്യാന്‍ ലൈഫ് മിഷന്‍ വീടുകളുടെയും കെ-റെയില്‍ മാതൃകകളുടെയും വീഡിയോകളുമായി എല്‍ഡിഎഫ് സൈബര്‍ വിങ്ങും സജീവമാണ്.

സഹകരണ മേഖലയിലെ സോഫ്റ്റ്വെയര്‍ തട്ടിപ്പ് മുതല്‍ പുരാവസ്തു തട്ടിപ്പ് വരെ നീളുന്ന ആരോപണ പ്രത്യാരോപണങ്ങള്‍ പ്രചാരണത്തിന്റെ മാറ്റ് കുറയ്ക്കുന്നു എന്ന ആക്ഷേപവുമുണ്ട്. ജനങ്ങളുടെ നിത്യജീവിതത്തിലുണ്ടായ മാറ്റങ്ങളാണ് തിരഞ്ഞെടുപ്പ് ഫലത്തെ സ്വാധീനിക്കുക എന്ന് മുഖ്യമന്ത്രി പറയുമ്പോള്‍, ഭരണവിരുദ്ധ വികാരവും വിശ്വാസത്തോടുള്ള സര്‍ക്കാരിന്റെ സമീപനവും വോട്ടായി മാറുമെന്ന് പ്രതിപക്ഷം കരുതുന്നു. അതിദാരിദ്ര്യ മുക്തമായ കേരളം എന്ന യാഥാര്‍ത്ഥ്യം വോട്ടര്‍മാര്‍ കാണാതിരിക്കില്ലെന്ന് എല്‍ഡിഎഫ് ഉറച്ചു വിശ്വസിക്കുന്നു.

പ്രചാരണം ഇനി അവസാന വട്ടത്തിലേക്ക് കടക്കുകയാണ്. വരും ദിവസങ്ങളില്‍ കൂടുതല്‍ വെളിപ്പെടുത്തലുകളും വിവാദങ്ങളും പ്രതീക്ഷിക്കാം. കേരളം ഇതുവരെ കാണാത്ത തരത്തിലുള്ള വാശിയേറിയ ത്രികോണ പോരാട്ടത്തിനാണ് മിക്ക മണ്ഡലങ്ങള്‍ സാക്ഷ്യം വഹിക്കുന്നത്. വികസനം ചര്‍ച്ചയാക്കാന്‍ എല്‍ഡിഎഫും, വിശ്വാസം ആയുധമാക്കാന്‍ യുഡിഎഫും, അക്കൗണ്ട് തുറക്കാന്‍ ബിജെപിയും കിണഞ്ഞു പരിശ്രമിക്കുകയാണ്. കേരളത്തിന്റെ പ്രബുദ്ധരായ വോട്ടര്‍മാര്‍ വികസനത്തിനൊപ്പം നില്‍ക്കുമോ അതോ വൈകാരികതയെ വോട്ടാക്കുമോ എന്നത് കേരള രാഷ്ട്രീയത്തില്‍ അതി നിര്‍ണ്ണായകമാകും.

Tags:    

Similar News