ആരോപണങ്ങളെ രാഷ്ട്രീയമായി നേരിടുന്നതിന് പകരം വിഡി സതീശനെ വ്യക്തിപരമായി ലക്ഷ്യം വെക്കാന്‍ സിപിഎം; രാഷ്ട്രീയ കേരളത്തില്‍ 'ഡീല്‍' ബോംബ്; 10 മണ്ഡലങ്ങളില്‍ സിപിഎം- ബിജെപി ധാരണയെന്ന് കോണ്‍ഗ്രസ്; വിഡിക്കെതിരെ വ്യക്തിപരമായ കടന്നാക്രമണവുമായി ഗോവിന്ദന്‍; കോണ്‍ഗ്രസിന്റേത് ഇരട്ട മുനയുള്ള ആരോപണം; ലക്ഷ്യം ന്യൂനപക്ഷ വോട്ടുകള്‍

Update: 2026-03-23 03:14 GMT

തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തില്‍ സംസ്ഥാനത്ത് 'ഡീല്‍' വിവാദം കനക്കുന്നു. ഒരുകാലത്ത് വോട്ട് കച്ചവടമെന്നും അഡ്ജസ്റ്റ്മെന്റ് രാഷ്ട്രീയമെന്നും വിളിക്കപ്പെട്ട ആരോപണങ്ങള്‍ ഇപ്പോള്‍ 'ഡീല്‍' എന്ന പേരില്‍ തിരഞ്ഞെടുപ്പ് പ്രചാരണങ്ങളുടെ കേന്ദ്രബിന്ദുവായി മാറുകയാണ്. പാലക്കാടിന് പുറമെ സംസ്ഥാനത്തെ പത്തോളം മണ്ഡലങ്ങളില്‍ സി.പി.എമ്മും ബി.ജെ.പി.യും തമ്മില്‍ അവിശുദ്ധ കൂട്ടുകെട്ടുണ്ടെന്ന പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്റെ വെളിപ്പെടുത്തല്‍ രാഷ്ട്രീയ കേരളത്തില്‍ വലിയ പ്രകമ്പനമാണ് സൃഷ്ടിച്ചിരിക്കുന്നത്.

സി.പി.എമ്മും ബി.ജെ.പി.യും തമ്മില്‍ രഹസ്യധാരണയുണ്ടെന്ന് വരുത്തിത്തീര്‍ക്കുന്നതിലൂടെ മുസ്ലിം-ക്രിസ്ത്യന്‍ ന്യൂനപക്ഷ വോട്ടുകള്‍ യു.ഡി.എഫ്. പാളയത്തില്‍ ഉറപ്പിച്ചുനിര്‍ത്താനാണ് കോണ്‍ഗ്രസ് നീക്കം. ബി.ജെ.പി.യെ പ്രതിരോധിക്കാന്‍ ഇടതുപക്ഷത്തിനാകില്ലെന്ന സന്ദേശം ഈ വോട്ടര്‍മാരിലേക്ക് എത്തിക്കുകയാണ് ലക്ഷ്യം. സ്വര്‍ണ്ണക്കടത്ത്, ലാവലിന്‍ കേസുകളില്‍ കേന്ദ്ര ഏജന്‍സികളുടെ അന്വേഷണം മന്ദഗതിയിലായതും തൃശൂര്‍ പൂരം കലക്കലും ആര്‍.എസ്.എസ്. നേതാവുമായുള്ള എ.ഡി.ജി.പി.യുടെ കൂടിക്കാഴ്ചയുമെല്ലാം ഈ 'സി-ബി' (സി.പി.എം.- ബി.ജെ.പി.) ഡീല്‍ സിദ്ധാന്തത്തിന് അടിവരയിടാന്‍ കോണ്‍ഗ്രസ് ആയുധമാക്കുന്നു. കേരളത്തില്‍ ഇരട്ടച്ചങ്ക് കാണിക്കുന്ന മുഖ്യമന്ത്രി ഡല്‍ഹിയിലെത്തുമ്പോള്‍ മോദിക്കും അമിത് ഷാക്കും മുന്നില്‍ 90 ഡിഗ്രിയില്‍ കുനിയുകയാണെന്ന സതീശന്റെ പരിഹാസം ഇതിനോടകം ചര്‍ച്ചയായിക്കഴിഞ്ഞു.

ആരോപണങ്ങളെ രാഷ്ട്രീയമായി നേരിടുന്നതിന് പകരം വി.ഡി. സതീശനെ വ്യക്തിപരമായി ലക്ഷ്യം വെക്കാനാണ് സി.പി.എം. ശ്രമിക്കുന്നത്. രാവിലെ മുതല്‍ രാത്രി വരെ നുണ പറയുന്ന പ്രതിപക്ഷ നേതാവായി സതീശന്‍ മാറിയെന്നും നുണ പറയുന്നതില്‍ നൊബേല്‍ സമ്മാനത്തിന് അര്‍ഹതയുള്ളയാളാണ് അദ്ദേഹമെന്നും സി.പി.എം. സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍ തിരിച്ചടിച്ചു. യു.ഡി.എഫിലെ ആഭ്യന്തര പ്രശ്നങ്ങള്‍ മറയ്ക്കാനാണ് ഇത്തരമൊരു പുകമറ സൃഷ്ടിക്കുന്നതെന്നാണ് ഇടതുമുന്നണിയുടെ നിലപാട്.

പരാജയപ്പേടി കൊണ്ടാണ് കോണ്‍ഗ്രസ് ഇത്തരം നുണകള്‍ പടച്ചുവിടുന്നതെന്നാണ് ബി.ജെ.പി.യുടെ വാദം. എന്നാല്‍ ബി.ജെ.പി.ക്ക് മുന്‍തൂക്കമുള്ള മണ്ഡലങ്ങളില്‍ സി.പി.എം. മനഃപൂര്‍വ്വം ദുര്‍ബലരായ സ്ഥാനാര്‍ത്ഥികളെ നിര്‍ത്തി സഹായിക്കുന്നു എന്നതാണ് യു.ഡി.എഫ്. ഉന്നയിക്കുന്ന പ്രധാന തര്‍ക്കം. രാഹുല്‍ ഗാന്ധി മുന്‍പ് ഉയര്‍ത്തിയ 'സി.ജെ.പി.' (സി.പി.എം.+ ബി.ജെ.പി.) ആരോപണത്തിന്റെ തുടര്‍ച്ചയായാണ് ഇപ്പോഴത്തെ നീക്കങ്ങളെ രാഷ്ട്രീയ നിരീക്ഷകര്‍ കാണുന്നത്.

വിവാദം കൊഴുക്കുന്ന സാഹചര്യത്തില്‍ 1991-ലെ 'കോ-ലീ-ബി' സഖ്യവും നേമത്ത് ബി.ജെ.പി. അക്കൗണ്ട് തുറന്ന സാഹചര്യവും ഉയര്‍ത്തിക്കാട്ടി പ്രതിരോധം തീര്‍ക്കാനാണ് സി.പി.എം. നീക്കം. പഴയ ഒത്തുകളി ആരോപണങ്ങള്‍ പുതിയ കാലത്ത് വോട്ടര്‍മാര്‍ എത്രത്തോളം വിശ്വസിക്കുമെന്നതിനെ ആശ്രയിച്ചിരിക്കും വരാനിരിക്കുന്ന തിരഞ്ഞെടുപ്പ് ഫലം. എന്തായാലും 'ഡീല്‍' യുദ്ധം 2026-ലെ തിരഞ്ഞെടുപ്പിലെ മുഖ്യ പ്രചരണായുധമായി മാറുകയാണ്.

മറുപടി നല്‍കി വിഷയം കൂടുതല്‍ വഷളാക്കാതെ അവഗണനയിലൂടെ വിവാദത്തെ തണുപ്പിക്കാനാണ് ഇടതു ക്യാമ്പിന്റെ തന്ത്രം. എന്തായാലും 'ഡീല്‍' വിവാദം കത്തിപ്പടരുന്നതോടെ കേരളത്തിലെ തിരഞ്ഞെടുപ്പ് പോരാട്ടം പ്രവചനാതീതമായ ഘട്ടത്തിലേക്ക് കടക്കുകയാണ്. ന്യൂനപക്ഷ വോട്ടുകളുടെ ഏകീകരണമാണ് ഡീല്‍ ആരോപണത്തിലൂടെ കോണ്‍ഗ്രസ് പ്രധാനമായും ലക്ഷ്യമിടുന്നത്. ബി.ജെ.പിയെ പ്രതിരോധിക്കാന്‍ ഇടതുപക്ഷത്തിനാകില്ലെന്ന സന്ദേശം മുസ്ലിം-ക്രിസ്ത്യന്‍ വോട്ടര്‍മാരിലേക്ക് എത്തിക്കുകയാണ് യു.ഡി.എഫ് തന്ത്രം.

സ്വര്‍ണ്ണക്കടത്ത്, ലാവലിന്‍ കേസുകളില്‍ കേന്ദ്ര ഏജന്‍സികളുടെ അന്വേഷണം മന്ദഗതിയിലായതും, തൃശൂര്‍ പൂരം കലക്കലും, ആര്‍.എസ്.എസ് നേതാവുമായുള്ള എ.ഡി.ജി.പിയുടെ കൂടിക്കാഴ്ചയുമെല്ലാം ഈ 'സി-ബി' (സി.പി.എം - ബി.ജെ.പി) ഡീല്‍ സിദ്ധാന്തത്തിന് അടിവരയിടാന്‍ കോണ്‍ഗ്രസ് ആയുധമാക്കും.

Tags:    

Similar News