മത്സരിക്കുന്ന 36 സീറ്റുകളിലും എസ് ഡി പി ഐയുടെ ചിഹ്നം കത്രിക; മലപ്പുറത്തെ മൂന്ന് ഇടതു സ്വതന്ത്രരുടെയും ചിഹ്നം ഇതു തന്നെ; മുഖ്യമന്ത്രി എസ് ഡിപിഐയെ തള്ളിപ്പറയാന്‍ തയ്യാറായില്ല: വോട്ട് വേണ്ടെന്ന് മുഖ്യമന്ത്രി പറയാതിരുന്നതിനെ സ്വാഗതം ചെയ്ത് ലത്തീഫ്; ഒരേ ചിഹ്നം... ഒരേ ലക്ഷ്യം? തിരഞ്ഞെടുപ്പില്‍ സി.പി.എം - എസ്.ഡി.പി.ഐ അവിശുദ്ധ കൂട്ടുകെട്ട് വ്യക്തമോ?
മലപ്പുറം: സംസ്ഥാന നിയമസഭാ തിരഞ്ഞെടുപ്പില്‍ സി.പി.എമ്മും എസ്.ഡി.പി.ഐയും തമ്മിലുള്ള രഹസ്യ ധാരണകള്‍ ആരോപണമായി ചര്‍ച്ചകളില്‍. എസ്.ഡി.പി.ഐ മത്സരിക്കുന്ന 36 സീറ്റുകളിലെയും ഔദ്യോഗിക ചിഹ്നമായ 'കത്രിക' തന്നെയാണ് മലപ്പുറത്തെ മൂന്ന് പ്രമുഖ എല്‍.ഡി.എഫ് സ്വതന്ത്ര സ്ഥാനാര്‍ത്ഥികള്‍ക്കും ലഭിച്ചിരിക്കുന്നത് എന്നത് ഈ അവിശുദ്ധ കൂട്ടുകെട്ടിന്റെ തെളിവായി യു.ഡി.എഫ് ചൂണ്ടിക്കാട്ടുന്നു. നിലമ്പൂരിലെ യു. ഷറഫലി, മഞ്ചേരിയിലെ വി.എം. മുസ്തഫ, വേങ്ങരയിലെ സബാഹ് കുണ്ടുപുഴക്കല്‍ എന്നിവരാണ് കത്രിക ചിഹ്നത്തില്‍ ജനവിധി തേടുന്നത്.
സ്വതന്ത്രര്‍ക്ക് അനുവദിക്കുന്ന ചിഹ്നമാണെന്ന് ഇരുപാര്‍ട്ടികളും വാദിക്കുമ്പോഴും, ഒരേ ജില്ലയിലെ മൂന്ന് നിര്‍ണ്ണായക സീറ്റുകളില്‍ എസ്.ഡി.പി.ഐയുടെ അതേ ചിഹ്നം സി.പി.എം സ്വതന്ത്രര്‍ക്ക് ലഭിച്ചത് യാദൃച്ഛികമല്ലെന്നാണ് രാഷ്ട്രീയ നിരീക്ഷകരുടെ വിലയിരുത്തല്‍. എസ്.ഡി.പി.ഐയെ പരസ്യമായി തള്ളിപ്പറയാന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ തയ്യാറാകാത്തത് ഈ ബന്ധത്തിന്റെ ആഴം വര്‍ദ്ധിപ്പിക്കുന്നു. കഴിഞ്ഞദിവസം തിരൂരില്‍ നടന്ന വാര്‍ത്താസമ്മേളനത്തില്‍ എസ്.ഡി.പി.ഐ വോട്ട് വേണ്ടെന്ന് പറയാന്‍ മുഖ്യമന്ത്രി വിസമ്മതിച്ചിരുന്നു. മുഖ്യമന്ത്രിയുടെ ഈ നിലപാടിനെ എസ്.ഡി.പി.ഐ സംസ്ഥാന പ്രസിഡന്റ് സി.പി.എ. ലത്തീഫ് പരസ്യമായി സ്വാഗതം ചെയ്തതോടെ എല്‍.ഡി.എഫ്-എസ്.ഡി.പി.ഐ ധാരണ മറനീക്കി പുറത്തുവന്നുവെന്നാണ് യുഡിഎഫ് വിലയിരുത്തല്‍.
തങ്ങളുടെ വോട്ട് വേണ്ടെന്ന് പ്രഖ്യാപിച്ച യു.ഡി.എഫിനെ തോല്‍പ്പിക്കുക എന്ന ലക്ഷ്യത്തോടെ മത്സരിക്കാത്ത 103 സീറ്റുകളിലും എല്‍.ഡി.എഫിനെ സഹായിക്കാനാണ് സംഘടനയുടെ നീക്കം. നേമത്ത് സി.പി.എം സ്ഥാനാര്‍ത്ഥി വി. ശിവന്‍കുട്ടിക്ക് എസ്.ഡി.പി.ഐ പരസ്യ പിന്തുണ പ്രഖ്യാപിച്ചു കഴിഞ്ഞു. ബി.ജെ.പിക്ക് ജയസാധ്യതയുള്ള മണ്ഡലങ്ങളില്‍ സി.പി.എമ്മിനെ സഹായിക്കുന്നതിലൂടെ 'രാഷ്ട്രീയ മര്യാദ' കാണിക്കുകയാണെന്നാണ് ഇവരുടെ പക്ഷം. മുന്‍പ് ലോക്‌സഭാ തിരഞ്ഞെടുപ്പിലും പാലക്കാട് ഉപതിരഞ്ഞെടുപ്പിലും യു.ഡി.എഫിനെ പിന്തുണച്ചിരുന്ന എസ്.ഡി.പി.ഐ, പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍ ഇവരുടെ വോട്ട് വേണ്ടെന്ന് കര്‍ക്കശ നിലപാട് എടുത്തതോടെയാണ് ഇടതുപക്ഷത്തേക്ക് ചേക്കേറിയത്.
തദ്ദേശ തിരഞ്ഞെടുപ്പില്‍ യു.ഡി.എഫിനെ പിന്തുണച്ചതിന്റെ പേരില്‍ കോണ്‍ഗ്രസ് പ്രതിനിധികള്‍ രാജിവെച്ചതും ഇവരെ ചൊടിപ്പിച്ചിട്ടുണ്ട്. 11 ജില്ലകളിലായി 36 സീറ്റുകളിലാണ് എസ്.ഡി.പി.ഐ ഇത്തവണ മത്സരിക്കുന്നത്. മലപ്പുറത്ത് എട്ടും എറണാകുളത്ത് ആറും പാലക്കാട്ട് അഞ്ചും സ്ഥാനാര്‍ത്ഥികളുണ്ട്. തൃശ്ശൂര്‍, കണ്ണൂര്‍ തുടങ്ങിയ ജില്ലകളിലും ഇവര്‍ക്ക് ശക്തമായ സാന്നിധ്യമുണ്ട്. എന്നാല്‍ ഈ മണ്ഡലങ്ങള്‍ക്ക് പുറത്ത് ഇടതുപക്ഷവുമായി ഉണ്ടാക്കിയിട്ടുള്ള രഹസ്യ ധാരണ വോട്ടര്‍മാര്‍ക്കിടയില്‍ വലിയ ചര്‍ച്ചയായിട്ടുണ്ട്. എസ്.ഡി.പി.ഐ ബന്ധം ബി.ജെ.പി-സി.പി.എം ഡീലിന്റെ ഭാഗമാണെന്ന ആരോപണവുമായി യു.ഡി.എഫ് രംഗത്തെത്തിയതോടെ കേരള രാഷ്ട്രീയത്തില്‍ വരുംദിവസങ്ങളില്‍ ഈ 'കത്രിക' ബന്ധം വലിയ വിവാദങ്ങള്‍ക്ക് വഴിമരുന്നിടും.
36 സീറ്റുകളില്‍ മത്സരിക്കുന്ന എസ്.ഡി.പി.ഐയുടെ ഔദ്യോഗിക ചിഹ്നം തന്നെ എല്‍.ഡി.എഫ് സ്വതന്ത്രര്‍ക്ക് ലഭിച്ചത് വെറുമൊരു യാദൃച്ഛികതയായി തള്ളിക്കളയാനാവില്ലെന്ന് പ്രതിപക്ഷം ചൂണ്ടിക്കാട്ടുന്നു. പോപ്പുലര്‍ ഫ്രണ്ടിന്റെ രാഷ്ട്രീയ രൂപമാണ് എസ് ഡി പി ഐ എന്നാണ് വിലയിരുത്തല്‍. യു.ഡി.എഫിനോടുള്ള കടുത്ത വിരോധമാണ് തങ്ങളെ സി.പി.എമ്മിനോട് അടുപ്പിച്ചതെന്ന് എസ്.ഡി.പി.ഐ വ്യക്തമാക്കുന്നു. അതേസമയം, ഈ ആരോപണങ്ങളെ 'കനഗോലു ക്യാപ്സ്യൂള്‍' എന്ന് വിളിച്ച് പ്രതിരോധിക്കാനാണ് സി.പി.എം ശ്രമിക്കുന്നത്.
എന്നാല്‍ താഴെത്തട്ടില്‍ എസ്.ഡി.പി.ഐ പ്രവര്‍ത്തകര്‍ സി.പി.എം സ്ഥാനാര്‍ത്ഥികള്‍ക്കായി രംഗത്തിറങ്ങുന്നത് ഇടതുപക്ഷത്തിന്റെ മതേതര മുഖംമൂടി അഴിച്ചുമാറ്റുന്നതാണെന്ന് യു.ഡി.എഫ് ആരോപിക്കുന്നു. തിരഞ്ഞെടുപ്പ് അടുത്തതോടെ 'കത്രിക' ചിഹ്നത്തെ ചൊല്ലിയുള്ള തര്‍ക്കം കേരള രാഷ്ട്രീയത്തില്‍ വലിയ ചര്‍ച്ചയായിരിക്കുകയാണ്.
