ധര്‍മ്മടം മണ്ഡലം പ്രചരണത്തില്‍ അതിവേഗ മുന്നേറ്റവുമായി യുഡിഎഫ് സ്ഥാനാര്‍ത്ഥി വി.പി അബ്ദുള്‍ റഷീദ്; പിണറായിയെ വിറപ്പിച്ച മുന്നേറ്റത്തില്‍ വിറളി പൂണ്ട് സഖാക്കളും; യുഡിഎഫ് സ്ഥാനാര്‍ഥിയുടെ പ്രചരണ വാഹനം തടഞ്ഞ് കൈയ്യേറ്റത്തിന് ശ്രമം; കൊലവിളി മുഴക്കിയ പ്രതിയെ അറസ്റ്റു ചെയ്യാത്തതില്‍ പോലീസ് സ്റ്റേഷന് മുന്‍പില്‍ പ്രതിഷേധം

ധര്‍മ്മടം മണ്ഡലം പ്രചരണത്തില്‍ അതിവേഗ മുന്നേറ്റവുമായി യുഡിഎഫ് സ്ഥാനാര്‍ത്ഥി വി.പി അബ്ദുള്‍ റഷീദ്

Update: 2026-03-30 04:36 GMT

കണ്ണൂര്‍: ധര്‍മ്മടത്തെ ഐക്യജനാധിപത്യമുന്നണി സ്ഥാനാര്‍ത്ഥി അഡ്വ വി.പി അബ്ദുള്‍ റഷീദിന്റെ പ്രചരണ വാഹനം തടഞ്ഞ് കൈയ്യേറ്റം ചെയ്യാന്‍ ശ്രമിക്കുകയും കൊലവിളി നടത്തുകയും ചെയ്തതായി പരാതി. ഞായറാഴ്ച്ച രാത്രി ഒന്‍പതു മണിയോടെയാണ് സംഭവം. മുഴപ്പാല കൈ ത പ്രത്ത് വോട്ട് അഭ്യര്‍ത്ഥിക്കാനെത്തിയപ്പോഴാണ് സംഭവം. സി.പി.എം പ്രവര്‍ത്തകന്‍ ലിജുവിന്റെ നേതൃത്വത്തില്‍ സ്ഥാനാര്‍ത്ഥി സഞ്ചരിച്ച പ്രചരണ വാഹനം തടഞ്ഞു അക്രമിക്കുകയും പുറത്തിറങ്ങിയ അബ്ദുള്‍ റഷീദിനെതിരെ കൊലവിളി നടത്തുകയും ചെയ്തു വെന്നാണ് പരാതി.

സ്ഥലക്കുണ്ടായിരുന്ന പ്രവര്‍ത്തകര്‍ തടഞ്ഞതു കാരണമാണ് അക്രമി പിന്‍തിരിഞ്ഞത്. സ്ഥാനാര്‍ത്ഥി പരാതിപ്പെട്ടിട്ടും കൊലവിളി മുഴക്കിയ സി.പി.എം പ്രവര്‍ത്തകനെ സ്ഥലത്ത് എത്തിയ പൊലിസ് അറസ്റ്റു ചെയ്യാത്തതില്‍ പ്രതിഷേധിച്ചു വി.പി അബ്ദുള്‍ റഷീദിന്റെ നേതൃത്വത്തില്‍ പ്രവര്‍ത്തകര്‍ പൊലിസ് സ്റ്റേഷന് മുന്‍പിലെത്തി പ്രതിഷേധിച്ചു. സി.പി.എം ക്രിമിനല്‍ സംഘം ധര്‍മ്മടം മണ്ഡലത്തില്‍ പ്രചരണം നടത്തുന്ന തനിക്കും പ്രവര്‍ത്തകര്‍ക്കുമെതിരെ തുടര്‍ച്ചയായി തടസങ്ങളുണ്ടാക്കുകയാണെന്നും തന്റെ പ്രചരണ വാഹനത്തിന് കുറുകെ ബൈക്ക് ലോക്കാക്കി നിര്‍ത്തിയിട്ട് ലിജു അക്രമിക്കാന്‍ ശ്രമിച്ചു.

ഇറങ്ങി ചെന്ന തന്നെ പിടിച്ചു തള്ളുകയും കേട്ടാലറയ്ക്കുന്ന ഭാഷയില്‍ അസഭ്യം പറയുകയും എല്ലാത്തിനെയും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തതായി അബ്ദുള്‍ റഷീദ് പറഞ്ഞു. ഇതു പിണറായി വിജയന്റെ നിര്‍ദ്ദേശപ്രകാരമാണ്. ധര്‍മ്മടത്ത് പരാജയ ഭീതിയിലുള്ള പിണറായി കമല്‍ഹാസനെയും വേടനെയുമൊക്കെ പ്രചാരണത്തിന് കൊണ്ടുവരുമ്പോള്‍ ജനാധിപത്യപരമായി പ്രചാരണം നടത്തുന്ന തങ്ങളെ തടയുകയാണെന്നും ഇതില്‍ നിന്നും താനോ പ്രവര്‍ത്തകരോ അക്രമം ഭയന്ന് പിന്‍മാറില്ലെന്നും അബ്ദുള്‍ റഷീദ് പറഞ്ഞു. അക്രമിയെ അറസ്റ്റുചെയ്യുന്നവരെ പൊലിസ് സ്റ്റേഷന് മുന്‍പില്‍ നില്‍ക്കുമെന്നും അദ്ദേഹം പറഞ്ഞു.

ഇതേ സമയംസ്ഥാനാര്‍ത്ഥിക്കെതിരെയുള്ള കൈയ്യേറ്റത്തിലും കൊലവിളി ഭീഷണിയിലും കണ്ണൂര്‍ ഡി.സി.സി പ്രതിഷേധിച്ചു. പരാജയഭീതിയില്‍ സിപിഎം അവരുടെ അവസാനത്തെ അടവായ അക്രമത്തിലേക്ക് നീങ്ങിയിരിക്കുകയാണെന്ന് ഡിസിസി പ്രസിഡന്റ് അഡ്വ. മാര്‍ട്ടിന്‍ ജോര്‍ജ് ആരോപിച്ചു. ധര്‍മ്മടത്തെ യുഡിഎഫ് സ്ഥാനാര്‍ത്ഥി അബ്ദുല്‍ റഷീദിനെ പ്രചരണ വാഹനം തടഞ്ഞു കയ്യേറ്റം ചെയ്യാന്‍ ശ്രമിച്ച സംഭവം സമാധാനപരമായ തെരഞ്ഞെടുപ്പ് അട്ടിമറിക്കാനുള്ള സിപിഎമ്മിന്റെ ആസൂത്രിത നീക്കത്തിന്റെ ഭാഗമാണ്.

അക്രമം നടത്തി ജനങ്ങളില്‍ ഭീതി ഉണ്ടാക്കി പോളിംഗ് അട്ടിമറിക്കാനുള്ള ശ്രമമാണ് സിപിഎം നടത്തുന്നത്. സ്ഥാനാര്‍ത്ഥികളെ തടയുന്നതും പ്രചരണ വാഹനങ്ങള്‍ അക്രമിക്കുന്നതും ജനാധിപത്യ മര്യാദയ്ക്ക് ചേര്‍ന്നതല്ല. കനത്ത പരാജയം മുന്നില്‍ നില്‍ക്കെ സമനില തെറ്റിയ മട്ടിലാണ് സിപിഎം ക്രിമിനലുകളെ രംഗത്തിറക്കിയതെന്നും ഇത്തരം നെറികേടുകള്‍ക്ക് പൊതുജനം വോട്ടിലൂടെ മറുപടി നല്‍കുമെന്നും മാര്‍ട്ടിന്‍ ജോര്‍ജ് പറഞ്ഞു.

2026 നിയമസഭ തെരഞ്ഞെടുപ്പില്‍ ധര്‍മ്മടത്ത് പിണറായി വിജയന് എതിരാളിയായി യുഡിഎഫ് കളത്തിലിറക്കിയത് യൂത്ത് കോണ്‍ഗ്രസ് ജില്ലാ സെക്രട്ടറിയായ വി പി അബ്ദുള്‍ റഷീദിനെയാണ്. തളിപ്പറമ്പ് സീറ്റിലേക്ക് ഏറെ പറഞ്ഞുകേട്ട സ്ഥാനാര്‍ഥിയായ അബ്ദുള്‍ റഷീദ്, തളിപ്പറമ്പില്‍ സിപിഎമ്മിലുണ്ടായ പൊട്ടിത്തെറിയോടെയാണ് ധര്‍മ്മടത്തെ സ്ഥാനാര്‍ഥിയായി നിശ്ചയിക്കപ്പെട്ടത്.

സിപിഎമ്മിന്റെ കണ്ണൂര്‍ ജില്ലയിലെ ഉറച്ച കോട്ടകളിലൊന്നാണ് ധര്‍മ്മടം നിയമസഭ മണ്ഡലം. ധര്‍മ്മടത്ത് നിന്ന് മൂന്ന് വട്ടവും എംഎല്‍എമാരായി തെരഞ്ഞെടുക്കപ്പെട്ടത് സിപിഎം കരുത്തര്‍. 2011-ല്‍ കോണ്‍ഗ്രസിന്റെ കരുത്തനായ മമ്പറം ദിവാകരനെ തോല്‍പിച്ച് കെ കെ നാരായണന്‍ നിയമസഭയിലെത്തി. 2016-ലും 2021-ലും പിണറായി വിജയന്‍ എതിരാളികളില്ലാതെ ധര്‍മ്മടത്തെ ജേതാവായി. 2016-ല്‍ 36,905 വോട്ടുകളുടെ ഭൂരിപക്ഷമാണ് ധര്‍മ്മടത്ത് പിണറായിക്ക് ലഭിച്ചത്.

ബ്രണ്ണന്‍ കാലം തൊട്ടുള്ള എതിരാളി മമ്പറം ദിവാകരനെ തോല്‍പിച്ചതായിരുന്നു ധര്‍മ്മടത്ത് നിന്ന് പിണറായി വിജയന്‍ തേരോട്ടം തുടങ്ങിയത്. 2021-ല്‍ സി രഘുനാഥന്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായി വന്നപ്പോള്‍ പിണറായിയുടെ ഭൂരിപക്ഷം അരലക്ഷം (50,123) കടന്നു എന്നാണ് ചരിത്രം. ബിജെപി സ്ഥാനാര്‍ഥിയായിരുന്ന സി കെ പദ്മനാഭന്‍ 14,623 വോട്ടുകളില്‍ ഒതുങ്ങിയതിലുണ്ട് മണ്ഡലത്തിന്റെ ചിത്രം.

Tags:    

Similar News