സുധാകരന്റെ 'ക്ഷീണം' വെറും ശാരീരികമാണോ അതോ രാഷ്ട്രീയമാണോ എന്ന് തെളിയുക വരും ദിനങ്ങളില്‍ മാത്രം; ആന്റണിയുടെ ഇടപെടല്‍ ഫലിച്ചു; സുധാകരനെ താല്‍കാലികമായി അടക്കി എകെയുടെ നയതന്ത്രം; കോണ്‍ഗ്രസിന് ആശ്വാസം; പക്ഷേ കണ്ണൂരിലും പേരാവൂരിലും 'സുധാകരന്‍ ഇഫക്ട്' പ്രകമ്പനം കൊള്ളിക്കുമോ? ഇനിയും കണ്ണൂരില്‍ എന്തും സംഭവിക്കാം?

Update: 2026-03-20 01:55 GMT

കണ്ണൂര്‍: സ്ഥാനാര്‍ത്ഥി നിര്‍ണ്ണയത്തെച്ചൊല്ലി ഹൈക്കമാന്‍ഡിനെയും സംസ്ഥാന നേതൃത്വത്തെയും ഒരു പകല്‍ മുഴുവന്‍ മുള്‍മുനയില്‍ നിര്‍ത്തിയ കെ. സുധാകരന്‍ ഒടുവില്‍ അനുനയത്തിന് വഴങ്ങിയത് നേതൃത്വത്തെ പോലും അമ്പരപ്പിച്ചു. 'മത്സരിക്കാനില്ല, കോണ്‍ഗ്രസുകാരനായി തുടരും' എന്ന സുധാകരന്റെ പ്രഖ്യാപനം നേതൃത്വത്തിന് താല്‍ക്കാലിക ആശ്വാസം പകരുന്നതാണെങ്കിലും, തിരഞ്ഞെടുപ്പ് ഗോദയില്‍ ഇതിന്റെ പ്രതിഫലനം എന്താകുമെന്ന ആശങ്ക ഒഴിയുന്നില്ല. മുതിര്‍ന്ന നേതാവ് എ.കെ. ആന്റണി നേരിട്ട് നടത്തിയ ഇടപെടലാണ് സുധാകരനെ പിന്തിരിപ്പിച്ചത്. പക്ഷേ സുധാകരന്‍ ഏത് നിമിഷവും കടുത്ത നിലപാടുകളിലേക്ക് പോകുമെന്ന വിലയിരുത്തലും സജീവമാണ്. ഈ സാഹചര്യത്തില്‍ സുധാകരനെ കോണ്‍ഗ്രസ് പരമാവധി പ്രകോപിപ്പിക്കാതെ നോക്കും.

പാര്‍ട്ടിയെ പ്രതിസന്ധിയിലാക്കരുതെന്ന ആന്റണിയുടെ അഭ്യര്‍ത്ഥനയ്ക്ക് മുന്നില്‍ കണ്ണൂരിലെ കരുത്തന്‍ ആയുധം താഴെ വെക്കുകയായിരുന്നു. എങ്കിലും, വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പ് ഫലം കോണ്‍ഗ്രസിന് അനുകൂലമല്ലെങ്കില്‍ സുധാകരന്‍ വീണ്ടും പൊട്ടിത്തെറിക്കാനുള്ള സാധ്യത രാഷ്ട്രീയ നിരീക്ഷകര്‍ തള്ളിക്കളയുന്നില്ല. നിലവില്‍ കാറും കോളും ഒഴിഞ്ഞെങ്കിലും കണ്ണൂര്‍ ജില്ലയിലെ പോരാട്ടങ്ങളില്‍ സുധാകരന്റെ നിലപാട് നിര്‍ണ്ണായകമാകും. പ്രത്യേകിച്ച് പേരാവൂര്‍ മണ്ഡലത്തില്‍ സിറ്റിങ് എം.എല്‍.എ സണ്ണി ജോസഫ് വലിയ പ്രതിസന്ധിയാണ് നേരിടുന്നത്. സി.പി.എമ്മിന്റെ കരുത്തയായ സ്ഥാനാര്‍ത്ഥി കെ.കെ. ശൈലജയ്‌ക്കെതിരെയാണ് സണ്ണി ജോസഫിന്റെ പോരാട്ടം. ഈ ഘട്ടത്തില്‍ സുധാകരന്‍ സജീവമായി രംഗത്തിറങ്ങിയില്ലെങ്കില്‍ പേരാവൂരില്‍ യു.ഡി.എഫിന് കാര്യങ്ങള്‍ കൈവിട്ടുപോകും.

'സുധാകരന്‍ ഇഫക്ട്' വോട്ടായി മാറിയില്ലെങ്കില്‍ പേരാവൂരില്‍ അട്ടിമറി സംഭവിക്കുമെന്ന ഭീതി പ്രാദേശിക നേതൃത്വത്തിനുണ്ട്. കണ്ണൂര്‍ മണ്ഡലത്തില്‍ ടി.ഒ. മോഹനന് വേണ്ടി സുധാകരന്‍ വോട്ട് ചോദിക്കാന്‍ ഇറങ്ങുമോ എന്നതാണ് ഉയരുന്ന മറ്റൊരു പ്രധാന ചോദ്യം. സീറ്റ് നിഷേധിക്കപ്പെട്ടതില്‍ അമര്‍ഷമുള്ള സുധാകരന്‍ നിസ്സംഗത പാലിച്ചാല്‍ അത് കണ്ണൂര്‍ ജില്ലയിലാകെ കോണ്‍ഗ്രസിന് തിരിച്ചടിയാകും. എം.പി സ്ഥാനം രാജിവെച്ച് എം.എല്‍.എയാകാനുള്ള മോഹം പാര്‍ലമെന്ററി വ്യാമോഹമായി ചിത്രീകരിക്കപ്പെടുമോ എന്ന ഭയവും, വിമതനായി ഇറങ്ങിയാല്‍ അണികള്‍ എത്രത്തോളം ഒപ്പമുണ്ടാകുമെന്ന സംശയവുമാണ് സുധാകരനെ പിന്നോട്ട് വലിച്ചതെന്നാണ് സൂചന.

വി.ഡി. സതീശന്‍ അടക്കമുള്ള നേതാക്കള്‍ കര്‍ക്കശ നിലപാട് സ്വീകരിച്ചപ്പോള്‍ ആന്റണിയുടെ വാക്കുകള്‍ മാത്രമാണ് സുധാകരന് പിന്‍വാങ്ങാനുള്ള മാന്യമായ വഴി തുറന്നുകൊടുത്തത്. എന്നാല്‍, തിരഞ്ഞെടുപ്പിന് ശേഷം ശക്തി പ്രകടിപ്പിക്കാന്‍ സുധാകരന്‍ കാത്തിരിക്കുകയാണെന്ന സൂചനകള്‍ അണികള്‍ക്കിടയില്‍ സജീവമാണ്. സ്ഥാനാര്‍ത്ഥി നിര്‍ണ്ണയത്തെച്ചൊല്ലി ഡല്‍ഹിയില്‍ ദിവസങ്ങള്‍ നീണ്ട അനിശ്ചിതത്വങ്ങള്‍ക്കും നാടകീയ നീക്കങ്ങള്‍ക്കുമൊടുവില്‍ സുധാകരന്‍ കണ്ണൂരില്‍ മടങ്ങിയെത്തി. കണ്ണൂര്‍ വിമാനത്താവളത്തിലിറങ്ങിയ സുധാകരനെ റിജില്‍ മാക്കുറ്റി, മുഹമ്മദ് ഷമ്മാസ് തുടങ്ങിയ യുവനേതാക്കളുടെ നേതൃത്വത്തില്‍ പ്രവര്‍ത്തകര്‍ സ്വീകരിച്ചു. എന്നാല്‍, മാധ്യമങ്ങളുടെ ചോദ്യങ്ങളോട് പ്രതികരിക്കാന്‍ അദ്ദേഹം തയ്യാറായില്ല.

താന്‍ അതീവ ക്ഷീണിതനാണെന്നും ഇപ്പോള്‍ ഒന്നും പറയാനില്ലെന്നും വ്യക്തമാക്കിയ സുധാകരന്‍ വേഗത്തില്‍ മടങ്ങുകയായിരുന്നു. ഡല്‍ഹിയില്‍ തങ്ങി ഹൈക്കമാന്‍ഡിനെ മുള്‍മുനയില്‍ നിര്‍ത്തിയുള്ള സമ്മര്‍ദ്ദ തന്ത്രങ്ങള്‍ക്കൊടുവില്‍ മത്സരരംഗത്തുനിന്ന് പിന്മാറാന്‍ നിര്‍ബന്ധിതനായതിന്റെ നീരസം സുധാകരന്റെ വാക്കുകളില്‍ പ്രകടമായിരുന്നു. അതേസമയം, കണ്ണൂര്‍ നിയമസഭാ മണ്ഡലത്തിലെ യു.ഡി.എഫ് സ്ഥാനാര്‍ത്ഥി ടി.ഒ. മോഹനന്‍ വലിയ ആത്മവിശ്വാസത്തിലാണ്. സുധാകരന്‍ തന്റെയും നേതാവാണെന്നും അദ്ദേഹം മുന്നില്‍നിന്ന് നയിക്കുന്നതോടെ മണ്ഡലം കോണ്‍ഗ്രസ് തിരിച്ചുപിടിക്കുമെന്നും മോഹനന്‍ പറഞ്ഞു. സ്ഥാനാര്‍ത്ഥി നിര്‍ണ്ണയ വേളയില്‍ ചില ആശയക്കുഴപ്പങ്ങള്‍ ഉണ്ടാകുന്നത് സ്വാഭാവികമാണെന്നും എന്നാല്‍ ഹൈക്കമാന്‍ഡ് തീരുമാനം വന്നതോടെ എല്ലാം പഴയതുപോലെയായെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സുധാകരന്‍ ഉയര്‍ത്തിയ വെല്ലുവിളികള്‍ അവസാനിച്ചതോടെ ജില്ലയിലെ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ആശ്വാസത്തിലാണ്.

സ്ഥാനാര്‍ത്ഥി നിര്‍ണ്ണയത്തില്‍ നേരിട്ട കാലതാമസം വിജയത്തെ ബാധിക്കില്ലെന്നാണ് ടി.ഒ. മോഹനന്റെ നിലപാട്. പ്രചാരണ രംഗത്ത് അല്പം വൈകിയെങ്കിലും വോട്ടര്‍മാരിലേക്ക് വേഗത്തില്‍ എത്താന്‍ കഴിയുമെന്ന് അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു. കണ്ണൂര്‍ കോര്‍പ്പറേഷന്‍ മുന്‍ മേയര്‍ എന്ന നിലയിലുള്ള തന്റെ ജനസ്വാധീനം വോട്ടായി മാറുമെന്നും സുധാകരന്റെ പിന്‍ബലം വിജയമുറപ്പിക്കുമെന്നും അദ്ദേഹം വിശ്വസിക്കുന്നു. എന്നാല്‍, സുധാകരന്റെ 'ക്ഷീണം' വെറും ശാരീരികമാണോ അതോ രാഷ്ട്രീയമാണോ എന്നതാണ് വരുംദിവസങ്ങളില്‍ കേരളം ഉറ്റുനോക്കുന്നത്. കണ്ണൂരിലും പേരാവൂരിലും സുധാകരന്‍ എത്രത്തോളം സജീവമായി പ്രചാരണത്തിനിറങ്ങും എന്നതിനെ ആശ്രയിച്ചിരിക്കും ജില്ലയിലെ യു.ഡി.എഫിന്റെ ഭാവി.

Similar News