ആകെയുള്ള 538 ഇലക്ടറല്‍ കോളജ് വോട്ടുകളില്‍ 270 എണ്ണം സ്വന്തമായാല്‍ കേവല ഭൂരിപക്ഷമാകും; ആദ്യ ഫല സൂചനകള്‍ ട്രംപിന് അനുകൂലം; പോരാട്ടം ശക്തമെന്ന സൂചന നല്‍കി ഡിക്സിവില്ലെ നോച്ചിലെ ഫലം; അമേരിക്കയില്‍ ആകാംഷ കൂട്ടി ആദ്യ വോട്ടെണ്ണല്‍ ഫലങ്ങള്‍; ട്രംപിസമോ കമലയോ? ഫലം തല്‍സമയം മറുനാടനില്‍
ന്യൂയോര്‍ക്ക്: അമേരിക്കന്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പിലെ ആദ്യ ഫല സൂചനകള്‍ ഡൊണാള്‍ഡ് ട്രംപിന് അനുകൂലം. പോളിങ് അവസാനനിമിഷങ്ങളിലേക്ക് കടന്നു. ഇതോടെയാണ് ഫല സൂചനകള്‍ വന്നു തുടങ്ങിയത്. വോട്ടെടുപ്പ് അവസാനിച്ച കെന്റക്കിയിലും ഇന്ത്യാനയിലും റിപ്പബ്ലിക്കന്‍ പാര്‍ട്ടി സ്ഥാനാര്‍ഥി ഡൊണാള്‍ഡ് ട്രംപിന് മുന്നേറ്റമെന്നാണ് ആദ്യവിവരങ്ങള്‍. വെര്‍മോണ്ടില്‍ ഡെമോക്രാറ്റിക് പാര്‍ട്ടി സ്ഥാനാര്‍ഥി കമലാ ഹാരിസ് വിജയിച്ചു. വെര്‍മോണ്ടിലെ മൂന്ന് ഇലക്ട്രറല്‍ വോട്ടുകളും കമലാ ഹാരിസിന് ലഭിച്ചു. അമേരിക്കന്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ ഡെമോക്രാറ്റിക് പാര്‍ട്ടിയുടെ സ്ഥാനാര്‍ഥിയും നിലവിലെ വൈസ് പ്രസിഡന്റുമായ കമലാ ഹാരിസും റിപ്പബ്ലിക്കന്‍ പാര്‍ട്ടിയുടെ സ്ഥാനാര്‍ഥിയും മുന്‍ പ്രസിഡന്റുമായ ഡൊണാള്‍ഡ് ട്രംപും തമ്മിലാണ് മത്സരം.
ഇന്‍ഡ്യാനയില്‍ 11 ഇലക്ടറല്‍ വോട്ടും കെന്റക്കിയില്‍ 8 വോട്ടുമാണ് ട്രംപ് ഇതുവരെ നേടിയത്. വെസ്റ്റ് വിര്‍ജീനിയയിലെ 4 ഇലക്ടറല്‍ വോട്ടും ട്രംപ് നേടി. വെര്‍മോണ്ടില്‍ കമല ഹാരിസാണ് മുന്നില്‍. 3 ഇലക്ടറല്‍ വോട്ട് ഇവിടെ കമല നേടി. ന്യൂഹാംപ്ഷെയര്‍ സംസ്ഥാനത്തെ ഡിക്സിവില്ലെ നോച്ചിലാണ് ആദ്യം പോളിങ് തുടങ്ങിയത്. ഇവിടെ കമലാ ഹാരിസിനും ഡൊണാള്‍ഡ് ട്രംപിനും മൂന്നുവീതം വോട്ട് ലഭിച്ചു. ഇത്തവണത്തെ പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ ശക്തമായ മത്സരം നടക്കുന്നുവെന്നതിന്റെ സൂചനയാണിത്. വിജയിച്ചാല്‍ യു.എസ്. പ്രസിഡന്റാകുന്ന ആദ്യ വനിതയും ആദ്യ ആഫ്രിക്കന്‍ വംശജയും ആദ്യ ഏഷ്യന്‍ വംശജയുമാകും കമല.
കമല ഹാരിസ് (60) ജയിച്ചാല്‍ ആദ്യത്തെ വനിതാ പ്രസിഡന്റാകും. ഡോണള്‍ഡ് ട്രംപ് (78) വീണ്ടും പ്രസിഡന്റായാല്‍ അതും വേറിട്ട ചരിത്രമാകും. 127 വര്‍ഷത്തിനുശേഷം, തുടര്‍ച്ചയായല്ലാതെ വീണ്ടും യുഎസ് പ്രസിഡന്റാകുന്ന വ്യക്തിയാകും ട്രംപ്. ജനപ്രതിനിധിസഭയിലെ എല്ലാ സീറ്റുകളിലേക്കും (435) സെനറ്റിലെ 34 സീറ്റുകളിലേക്കുമുള്ള തിരഞ്ഞെടുപ്പും പ്രസിഡന്റ് തിരഞ്ഞെടുപ്പിനൊപ്പം നടക്കുന്നുണ്ട്. 11 സംസ്ഥാനങ്ങളില്‍ ഗവര്‍ണര്‍ തിരഞ്ഞെടുപ്പും നടക്കുന്നു.
ട്രംപ് ഫ്ളോറിഡയിലെ പാംബീച്ചിലെ പോളിങ് ബൂത്തില്‍ വോട്ട് രേഖപ്പെടുത്തി. ഭാര്യ മെലാനിയ ട്രംപിനൊപ്പമെത്തിയാണ് അദ്ദേഹം വോട്ട് രേഖപ്പെടുത്തിയത്. തിരഞ്ഞെടുപ്പില്‍ വിജയിക്കുമെന്ന ആത്മവിശ്വാസമുണ്ടെന്ന് വോട്ട് രേഖപ്പെടുത്തിയശേഷം അദ്ദേഹം പ്രതികരിച്ചു. അതിനിടെ, ജോര്‍ജിയയിലെ രണ്ട് പോളിങ് സ്റ്റേഷനുകള്‍ക്ക് നേരേ ബോംബ് ഭീഷണിയുണ്ടായതായും റിപ്പോര്‍ട്ടുകളുണ്ട്. ബാലറ്റ് സ്‌കാനിങ്ങില്‍ സാങ്കേതിക തകരാര്‍ നേരിട്ടതിനാല്‍ കാംബ്രിയ, പെന്‍സില്‍വേനിയ എന്നിവിടങ്ങളിലെ പോളിങ് സമയം നീട്ടിനല്‍കി.
ഇന്ത്യന്‍ സമയം വൈകിട്ട് 5.30ഓടെയാണ് (ഏകദേശ സമയം) യുഎസില്‍ വോട്ടെടുപ്പ് ആരംഭിച്ചത്. സ്വിങ് സ്റ്റേറ്റുകളില്‍ കനത്ത പോരാട്ടമാണ് നടക്കുന്നത്. സ്വിങ് സ്റ്റേറ്റുകളായ നോര്‍ത്ത് കാരോലൈന, ജോര്‍ജിയ, മിഷിഗന്‍, പെന്‍സില്‍വേനിയ എന്നിവയ്ക്കു പുറമെ, ഫ്‌ലോറിഡ, ഇലിനോയ്, ലൂസിയാന, മേരിലാന്‍ഡ്, മസാച്യുസിറ്റ്‌സ്, മിസോറി, റോഡ് ഐലന്‍ഡ്, സൗത്ത് കാരോലൈന, വാഷിങ്ടന്‍ ഡിസി എന്നിവിടങ്ങളില്‍ പ്രാദേശിക സമയം 7 മണിയോടെ വോട്ടെടുപ്പ് ആരംഭിച്ചിരുന്നു. സ്വിങ് സ്റ്റേറ്റുകളില്‍ നോര്‍ത്ത് കാരോലൈനയിലും ജോര്‍ജിയയിലുമാണ് ആദ്യം വോട്ടെടുപ്പ് പൂര്‍ത്തിയാകുക. ഔദ്യോഗിക ഫലപ്രഖ്യാപനം 2025 ജനുവരി ആറിനാണ്.
ആകെ വോട്ടര്‍മാര്‍ 16 കോടിയാണ്. മുന്‍കൂര്‍ വോട്ട് ചെയ്തവര്‍ 7 കോടി. മാസങ്ങള്‍ നീണ്ട വാശിയേറിയ പ്രചാരണത്തിനൊടുവിലാണ് യുഎസ് ജനത വിധിയെഴുതുന്നത്. പ്രചാരണത്തിന്റെ അവസാനഘട്ടത്തില്‍ പെന്‍സില്‍വേനിയ കേന്ദ്രീകരിച്ചാണ് ഇരു സ്ഥാനാര്‍ഥികളുടെയും പ്രചാരണം നടന്നത്. തിരഞ്ഞെടുപ്പിലെ വിദേശ ഇടപെടലുകള്‍ക്കെതിരെ യുഎസ് ഇന്റലിജന്‍സ് ഏജന്‍സികളും ജാഗ്രതയിലാണ്. തിരഞ്ഞെടുപ്പിനെ അട്ടിമറിക്കാനും സ്വാധീനിക്കാനുമുള്ള റഷ്യന്‍, ഇറാന്‍ ഇടപെടലുകളെ ജാഗ്രതയോടെ കാണണമെന്ന് ഇന്റലിജന്‍സ് ഏജന്‍സികളുടെ നിര്‍ദേശമുണ്ട്.
ആരോട് ആഭിമുഖ്യം എന്നു വ്യക്തമാക്കാതെ ചാഞ്ചാടുന്ന 7 സംസ്ഥാനങ്ങളിലും (സ്വിങ് സ്റ്റേറ്റ്‌സ്) കമലയും ട്രംപും ഒപ്പത്തിനൊപ്പമാണെന്നാണ് സര്‍വേകള്‍. അരിസോന, നെവാഡ, ജോര്‍ജിയ, നോര്‍ത്ത് കാരോലൈന, പെന്‍സില്‍വേനിയ, മിഷിഗന്‍, വിസ്‌കോന്‍സെന്‍ എന്നിവയാണ് സ്വിങ് സ്റ്റേറ്റ്‌സ്. ആകെയുള്ള 538 ഇലക്ടറല്‍ കോളജ് വോട്ടുകളില്‍ 270 എണ്ണം സ്വന്തമായാല്‍ കേവല ഭൂരിപക്ഷമാകും.