ന്യൂനപക്ഷ-ദളിത് വോട്ടുകളില്‍ കോണ്‍ഗ്രസ് വിള്ളലുണ്ടാക്കുമോ? സ്ത്രീ വോട്ടര്‍മാര്‍ ആംആദ്മിക്കൊപ്പമോ? നികുതി ഉയര്‍ത്തല്‍ മധ്യവര്‍ഗ്ഗത്തെ സ്വാധീനിക്കുമോ? ഡല്‍ഹിയില്‍ വോട്ടെടുപ്പ് തുടരുന്നു; ആംആദ്മിയും ബിജെപിയും ആത്മവിശ്വാസത്തില്‍; ശനിയാഴ്ചത്തെ ഫലം ആരെ തുണയ്ക്കും?
ന്യൂഡല്‍ഹി: ഡല്‍ഹി നിയമസഭാ തിരഞ്ഞെടുപ്പിന്റെ വോട്ടെടുപ്പ് തുടങ്ങി. സമാധാനപരമാണ് വോട്ടെടുപ്പ്. ദേശീയ രാഷ്ട്രീയത്തില്‍ ഏറെ നിര്‍ണ്ണായകമാകും വിധി. ഭരണ പാര്‍ട്ടിയ ആംആദ്മിയും ബിജെപിയും തമ്മിലാണ് പ്രധാന മത്സരം. കോണ്‍ഗ്രസും എല്ലാ മണ്ഡലങ്ങളിലും സജീവം. ത്രികോണ പോരിനെ അതിജീവിക്കാന്‍ ആംആദ്മിയ്ക്ക് കഴിയുമോ എന്നതാണ് ഉയരുന്ന ചോദ്യം. ബിജെപിയും പ്രതീക്ഷയിലാണ്. ബിജെപി വിരുദ്ധ വോട്ടുകള്‍ ചിന്നിചിതറുന്നതിലാണ് അവരുടെ പ്രതീക്ഷ. ബിജെപിക്ക് ഡല്‍ഹി പിടിക്കാനായാല്‍ അത് ദേശീയ രാഷ്ട്രീയത്തില്‍ മാറ്റങ്ങള്‍ക്ക് വഴിയൊരുക്കും. അല്ലെങ്കില്‍ കേന്ദ്ര സര്‍ക്കാരിനെതിരെ വീണ്ടും ആംആദ്മി ഇഫക്ട് ചര്‍ച്ചയാകും. അരവിന്ദ് കെജ്രാവാള്‍ ദേശീയ നേതാവായി ഉയരുകയും ചെയ്യും.
70 മണ്ഡലങ്ങളിലായി 699 സ്ഥാനാര്‍ഥികളാണുള്ളത്. ഒന്നരക്കോടി വോട്ടര്‍മാരാണ് വിധിയെഴുതുന്നത്. കഴിഞ്ഞ തവണത്തേക്കാള്‍ പോളിങ് വര്‍ധിക്കുമെന്നാണ് പാര്‍ട്ടികളുടെ കണക്കുക്കൂട്ടല്‍. പരമാവധി വോട്ടര്‍മാരെ ബൂത്തുകളെത്തിക്കാനാണ് ശ്രമം. ക്രമസമാധാനമുറപ്പാക്കാന്‍ പോലീസിനുപുറമേ കേന്ദ്രസേനകളും രംഗത്തുണ്ട്. വോട്ടുചെയ്തവര്‍ക്ക് ബുധനാഴ്ച പ്രത്യേക ഓഫറുകള്‍ നല്‍കാന്‍ ചേംബര്‍ ഓഫ് ട്രേഡ്സ് ആന്‍ഡ് ഇന്‍ഡസ്ട്രീസ് തീരുമാനിച്ചു. ആം ആദ്മി പാര്‍ട്ടി തുടര്‍ഭരണത്തിനും പ്രതിപക്ഷത്തെ ബി.ജെ.പി.യും കോണ്‍ഗ്രസും സര്‍ക്കാരുണ്ടാക്കാനും സര്‍വ ആയുധങ്ങളുമെടുത്താണ് കളത്തിലുള്ളത്. ശനിയാഴ്ചയാണ് വോട്ടെണ്ണല്‍.
നേരത്തേ പെരുമാറ്റച്ചട്ട ലംഘനത്തിന് മുഖ്യമന്ത്രി അതിഷിയുടെ പേരില്‍ ഡല്‍ഹി പോലീസ് കേസെടുത്തു. പോലീസുദ്യോഗസ്ഥന്റെ ഔദ്യോഗിക കൃത്യനിര്‍വഹണം തടസ്സപ്പെടുത്തിയതിനാണ് കേസ്. അതിനിടെ അതിഷിയുടെ ജീവനക്കാരെ അഞ്ചു ലക്ഷം രൂപയുമായി പിടികൂടിയെന്നും റിപ്പോര്‍ട്ടുണ്ട്. സ്ത്രീകള്‍ വോട്ടുചെയ്യുകയും വീട്ടിലെ പുരുഷന്മാരോട് ആം ആദ്മി പാര്‍ട്ടിക്കു വോട്ടുചെയ്യാന്‍ പറയുകയും ചെയ്താല്‍ പാര്‍ട്ടി 60 സീറ്റുകടക്കുമെന്ന് നേരത്തേ മുന്‍ മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍ സാമൂഹികമാധ്യമത്തില്‍ കുറിച്ചിരുന്നു. വോട്ടര്‍മാരെ ബി.ജെ.പി. ഭീഷണിപ്പെടുത്തുന്നത് തടയാന്‍ എ.എ.പി. രഹസ്യക്യാമറകള്‍ ഇറക്കിയിട്ടുണ്ടെന്ന് കെജ്രിവാള്‍ പറഞ്ഞു. ബി.ജെ.പി.യുടെ ഗുണ്ടായിസത്തിന് തിരഞ്ഞെടുപ്പ് കമ്മിഷന്‍ കൂട്ടുനില്‍ക്കുകയാണെന്നും കുറ്റപ്പെടുത്തി. ഇതെല്ലാം വലിയ വിവാദമായി മാറിയിട്ടുണ്ട്.
അതേസമയം കേന്ദ്രവുമായി പോരടിച്ച് എ.എ.പി. സര്‍ക്കാര്‍ വികസനം മുടക്കുകയാണെന്ന് കേന്ദ്രമന്ത്രി അമിത് ഷാ പറഞ്ഞു. ഡല്‍ഹിയിലും ബി.ജെ.പി. അധികാരത്തിലെത്തിയാല്‍ കാര്യങ്ങള്‍ വേഗത്തിലാകുമെന്ന് അദ്ദേഹം തിങ്കളാഴ്ച ബി.ജെ.പി. പ്രചാരണത്തില്‍ പറഞ്ഞു. ഡല്‍ഹിയുടെ തലവിധി മാറ്റുന്ന തിരഞ്ഞെടുപ്പാണിതെന്നും കെജ്രിവാളും പാര്‍ട്ടിയും തിരഞ്ഞെടുപ്പുഫലം വരുന്നതോടെ അപ്രസക്തരാകുമെന്നും ബി.ജെ.പി. അധ്യക്ഷന്‍ ജെ.പി. നഡ്ഡ പറഞ്ഞു.
ഭരണകക്ഷിയായ ആം ആദ്മി പാര്‍ടിയും പ്രതിപക്ഷമായ ബിജെപിയും തമ്മിലാണ് പ്രധാന മത്സരം. കഴിഞ്ഞ രണ്ട് നിയമസഭാ തെരഞ്ഞെടുപ്പുകളിലും ഒരു സീറ്റിലും ജയിക്കാത്ത കോണ്‍ഗ്രസ് ഇക്കുറി എല്ലാ സീറ്റിലും സജീവമായി മത്സരിക്കുന്നത് ബിജെപിക്ക് ഗുണമാകുമെന്ന വിലയിരുത്തലുണ്ട്. എഎപിയെയും അരവിന്ദ് കെജ്രിവാളിനെയും കടന്നാക്രമിച്ചാണ് രാഹുല്‍ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും അടക്കമുള്ള കോണ്‍ഗ്രസ് നേതാക്കള്‍ പ്രചാരണം നടത്തിയത്. ന്യൂനപക്ഷ- ദളിത് വോട്ടുകളില്‍ ഭിന്നിപ്പുണ്ടാക്കാന്‍ ഇത് കാരണമാകുമെന്ന വിലയിരുത്തല്‍ സജീവമാണ്.