ബാങ്ക് വിളി സമയത്ത് ഉഗ്ര സ്ഫോടനം; വീട്ടുകാർ നിലവിളിച്ചോടി; പരിശോധനയിൽ ഞെട്ടൽ; അടുക്കളയിലെ ഗ്യാസ് സിലിണ്ടർ ചോർന്ന് വൻ അപകടം; പൊള്ളലേറ്റ ജോലിക്കാരിയുടെ നില അതീവ ഗുരുതരം
റാസൽഖൈമ: യുഎഇയിലെ റാസൽഖൈമയിൽ ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ച് വീട്ടുജോലിക്കാരിക്ക് ഗുരുതരമായി പൊള്ളലേറ്റു. വെള്ളിയാഴ്ച (സെപ്തംബർ 12) വാദി എസ്ഫിതയിലുള്ള ഒരു വീട്ടിലാണ് സംഭവം നടന്നത്. സ്ഫോടനത്തിൽ വീടിന് സാരമായ കേടുപാടുകൾ സംഭവിച്ചു. 40 വയസ്സുള്ള ഏഷ്യക്കാരിയായ വീട്ടുജോലിക്കാരിക്കാണ് പരിക്കേറ്റത്.
സംഭവസമയത്ത് കുടുംബാംഗങ്ങൾ മറ്റൊരു വീട്ടിൽ ഒത്തുകൂടിയിരുന്നതിനാൽ വൻ ദുരന്തമാണ് ഒഴിവായത്. ഗ്യാസ് സിലിണ്ടറിലെ ഹോസ് ഒരു എലി കടിച്ചു മുറിച്ചതാണ് ചോർച്ചയ്ക്കും തുടർന്നുണ്ടായ സ്ഫോടനത്തിനും കാരണമായതെന്ന് പ്രാഥമികാന്വേഷണത്തിൽ കണ്ടെത്തി. സ്ഫോടനത്തിൽ അടുക്കളയുടെ വാതിൽ 50 മീറ്ററോളം ദൂരേക്ക് തെറിച്ചുപോയി. പാത്രങ്ങൾ ഉരുകുകയും എയർ കണ്ടീഷണറും റെഫ്രിജറേറ്ററും ഉൾപ്പെടെയുള്ള വീട്ടുപകരണങ്ങൾ നശിപ്പിക്കപ്പെടുകയും ചെയ്തു.
സ്ഫോടനം നടന്നപ്പോൾ വീട്ടുജോലിക്കാരി അടുക്കളയിലായിരുന്നു. ശരീരത്തിന്റെ ഭൂരിഭാഗത്തും രണ്ടാം ഡിഗ്രിയും മൂന്നാം ഡിഗ്രിയും പൊള്ളലേറ്റ ഇവരെ ഫുജൈറ ആശുപത്രിയിൽ പ്രവേശിപ്പിച്ച ശേഷം കൂടുതൽ ചികിത്സയ്ക്കായി ശൈഖ് ഖലീഫ സ്പെഷ്യാലിറ്റി ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിലേക്ക് മാറ്റി. ഇവർക്ക് ഏകദേശം 20 ശസ്ത്രക്രിയകൾ വേണ്ടി വരുമെന്ന് ഡോക്ടർമാർ അറിയിച്ചു. വലിയ ശബ്ദം കേട്ടപ്പോൾ വാതിൽ അടയുന്നതാണെന്ന് ആദ്യം കരുതിയതായും പിന്നീട് തീയാണെന്ന് നിലവിളി കേട്ടതായും വീട്ടുടമസ്ഥൻ മുസബഹ് മുഹമ്മദ് അൽ-ലൈലി ഖലീജ് ടൈംസിനോട് പറഞ്ഞു.