തൂവെള്ള ഗൗൺ ധരിച്ച് വിവാഹ വേദിയിലേക്ക് നടന്നു കയറുന്ന മണവാട്ടി; പൂക്കള്‍ എറിഞ്ഞ് വരവേൽക്കുന്ന ആളുകൾ; ഷാർജ ഭരണാധികാരിയുടെ കൊച്ചുമകൾ വിവാഹിതയായി; സന്തോഷം പങ്കിട്ട് കുടുംബം

Update: 2025-09-25 06:39 GMT

ഷാർജ: ഷാർജ ഭരണാധികാരി ശൈഖ് ഡോ. സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖാസിമിയുടെ കൊച്ചുമകൾ വിവാഹിതയായി. ബന്ധുക്കളും സുഹൃത്തുക്കളും പങ്കെടുത്ത ചടങ്ങിൽ രാജകീയ പ്രൗഡിയോടെയാണ് വിവാഹം നടന്നത്.

വിവാഹത്തിന്റെ ചിത്രങ്ങൾ സാമൂഹ്യ മാധ്യമങ്ങളിൽ പ്രചരിച്ചതോടെയാണ് വിവരം പുറത്തറിഞ്ഞത്. യുഎഇയുടെ സാംസ്കാരിക, സാഹിത്യ മേഖലകളിലെ പ്രമുഖ വ്യക്തിത്വവും ഷാർജ ഭരണാധികാരിയുടെ മകളുമായ ശൈഖ ബൊദൂർ ബിൻത് സുൽത്താൻ അൽ ഖാസിമിയുടെ മകളാണ് വിവാഹിതയായത്. ശൈഖ ബൊദൂർ തന്നെയാണ് തന്റെ മകളുടെ വിവാഹ ചിത്രങ്ങൾ ഇൻസ്റ്റാഗ്രാം വഴി പങ്കുവെച്ചത്.

"ഇന്നലെ എൻ്റെ മകൾ അവളുടെ വിവാഹ വേഷത്തിൽ മണ്ഡപത്തിലേക്ക് നടന്നുപോകുന്നത് കണ്ട നിമിഷം, എൻ്റെ ജീവിതത്തിലെ ഏറ്റവും വികാരനിർഭരവും ഹൃദയസ്പർശിയായതുമായ ഒന്നായിരുന്നു. ഞാൻ കൈകളിൽ കോർത്തുപിടിച്ചിരുന്ന ആ കൊച്ചുമിടുക്കി ഇന്ന്, സ്വന്തമായ ഒരു പുതിയ യാത്ര ആരംഭിക്കുന്ന അതിസുന്ദരിയും തേജസ്സുള്ളവളായ സ്ത്രീയുമായി മാറിയിരിക്കുന്നു.

അവളുടെ അമ്മ എന്ന നിലയിൽ, അവൾ വളർന്ന വഴികളിലെല്ലാം ഞാൻ ഒപ്പമുണ്ടായിരുന്നു. ദയയും, കരുണയും, സ്നേഹവും, സൗന്ദര്യവും നിറഞ്ഞ അവൾ ഇന്ന് എത്തിനിൽക്കുന്ന ഈ വ്യക്തിത്വത്തിന് സാക്ഷ്യം വഹിക്കുമ്പോൾ പറഞ്ഞറിയിക്കാനാവാത്ത അഭിമാനവും കൃതജ്ഞതയുമാണ് എൻ്റെ ഹൃദയം നിറയെ," ശൈഖ ബൊദൂർ കുറിച്ചു.

തൻ്റെ മകളുടെ ജീവിതത്തിലെ പുതിയ അധ്യായത്തെക്കുറിച്ചുള്ള ആകാംഷയും സന്തോഷവും അവർ പങ്കുവെച്ചു. "ഇന്ന് അവൾ ഒരു മണവാട്ടിയായിരിക്കാം, പക്ഷേ അവൾ എന്നും എൻ്റെ കുഞ്ഞി പെണ്ണായിരിക്കും," അവർ വികാരഭരിതയായി കൂട്ടിച്ചേർത്തു. വിവാഹ ചടങ്ങുകളുടെ ചിത്രങ്ങൾ ഇതിനോടകം തന്നെ നിരവധി പേർ ഷെയർ ചെയ്യുകയും അഭിനന്ദനങ്ങൾ അറിയിക്കുകയും ചെയ്തിട്ടുണ്ട്.

Tags:    

Similar News