യുഎഇ യിൽ കൊടും തണുപ്പ്; ഏറ്റവും കുറഞ്ഞ താപനില അൽ ഐനിൽ; പുറത്തിറങ്ങുമ്പോൾ മുൻകരുതലുകൾ പാലിക്കണമെന്ന് അധികൃതർ
അബുദാബി: യുഎഇയിൽ ശൈത്യകാലം ശക്തമാകുന്നതിനിടെ, ഏറ്റവും കുറഞ്ഞ താപനില അൽ ഐനിൽ രേഖപ്പെടുത്തി. ഇന്ന് രാവിലെ 9.8 ഡിഗ്രി സെൽഷ്യസാണ് നാഷണൽ സെന്റർ ഓഫ് മെറ്റീരിയോളജിയുടെ (NCM) കണക്കുകൾ പ്രകാരം അൽ ഐനിലെ രക്‌നയിൽ രാവിലെ 6:30ന് രേഖപ്പെടുത്തിയത്. ഇത് ഈ ശൈത്യകാലത്ത് രാജ്യത്ത് രേഖപ്പെടുത്തിയ ഏറ്റവും കുറഞ്ഞ താപനിലയാണ്.
ശൈത്യകാലം സാധാരണയായി നവംബർ മുതൽ മാർച്ച് വരെയാണ് യുഎഇയിൽ അനുഭവപ്പെടുന്നത്. ഈ കാലയളവിൽ, കഠിനമായ വേനൽക്കാലത്തിൽ നിന്ന് വലിയ ആശ്വാസം ലഭിക്കാറുണ്ട്. പകൽ സമയത്ത് മിക്കയിടത്തും താപനില 15°C നും 25°C നും ഇടയിൽ ആയിരിക്കും.
നേരത്തെ, യുഎഇയിൽ രേഖപ്പെടുത്തിയ ഏറ്റവും താഴ്ന്ന താപനില 2017 ഫെബ്രുവരി മൂന്നിന് റാസൽ ഖൈമയിലെ ജബൽ ജൈസ് പർവതത്തിൽ -5.7°C ആയിരുന്നു. രാജ്യത്തെ ഏറ്റവും ഉയർന്ന കൊടുമുടിയാണ് ജബൽ ജൈസ്. 2025-ൽ ജനുവരി നാലിന് ജബൽ ജൈസിൽ 1.9°C രേഖപ്പെടുത്തിയതും താഴ്ന്ന താപനിലയുടെ പട്ടികയിൽപ്പെടുന്നു.