നൂറ് നൂറ്റിപ്പത്ത് സ്പീഡിൽ ഇരച്ചെത്തിയ കാർ; റോഡിലെ ചെറിയ ഒരു വളവ് എത്തിയതും ഉഗ്രശബ്ദം; കറക്കിയെടുത്ത് ഡ്രിഫ്ട് ചെയ്ത് അഭ്യാസം; പിന്നാലെ പണി കൊടുത്ത് ദുബായ് പോലീസ്
യു.എ.ഇ: ദുബായിൽ വാടകക്കെടുത്ത കാറുമായി അപകടകരമായ അഭ്യാസ പ്രകടനങ്ങൾ നടത്തിയ വിദേശ വിനോദസഞ്ചാരിയെ പോലീസ് അറസ്റ്റ് ചെയ്തു. എമിറേറ്റിലെ ഏറ്റവും തിരക്കേറിയ ഹൈവേകളിലൊന്നായ ശൈഖ് സായിദ് റോഡിലാണ് ഇയാൾ അശ്രദ്ധമായി വാഹനം ഓടിക്കുകയും സ്റ്റണ്ടുകൾ നടത്തുകയും ചെയ്തത്.
ഇയാളുടെ പ്രവൃത്തി സ്വന്തം ജീവനും മറ്റ് റോഡ് ഉപയോക്താക്കളുടെ സുരക്ഷയ്ക്കും ഭീഷണിയായിരുന്നുവെന്ന് ദുബായ് പോലീസ് അറിയിച്ചു. സംഭവം ശ്രദ്ധയിൽപ്പെട്ട ഉടൻ പട്രോളിംഗ് യൂണിറ്റുകൾ സ്ഥലത്തെത്തി ഇയാളെ കസ്റ്റഡിയിലെടുത്തു.
ഈ ഗുരുതരമായ ട്രാഫിക് നിയമലംഘനം വെച്ചുപൊറുപ്പിക്കില്ലെന്ന് അധികൃതർ വ്യക്തമാക്കി. ഇത്തരം കുറ്റങ്ങൾക്ക് ദുബായിൽ കടുത്ത ശിക്ഷകളാണ് നൽകുന്നത്. 2,000 ദിർഹം പിഴയും 23 ബ്ലാക്ക് പോയിന്റുകളും ഇയാൾക്ക് ലഭിക്കും. കൂടാതെ, വാടകക്കെടുത്ത ഈ വാഹനം 60 ദിവസത്തേക്ക് കണ്ടുകെട്ടുകയും ചെയ്തു.