മുഖംമൂടി ധരിച്ചെത്തിയ കള്ളന്മാർ സൂപ്പർമാർക്കറ്റിൽ നിന്ന് മോഷ്ടിച്ചത് ഒന്നരക്കോടിയിലധികം രൂപ; എഐ സഹായത്തോടെ പ്രതികളെ മണിക്കൂറുകൾക്കുള്ളിൽ പൊക്കി പോലീസ്
ദുബായ്: സൂപ്പർമാർക്കറ്റിൽ നിന്ന് 6,60,000 ദിർഹം (ഏകദേശം ഒന്നരക്കോടിയിലധികം ഇന്ത്യൻ രൂപ) മോഷ്ടിച്ച് വിദേശത്തേക്ക് കടക്കാൻ ശ്രമിച്ച രണ്ട് പ്രതികളെ പിടികൂടി ദുബായ് പോലീസ്. വിമാനത്താവളത്തിൽ വെച്ചാണ് ഇവരെ പിടികൂടിയത്. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിന്റെ സഹായത്തോടെയാണ് പ്രതികളെ തിരിച്ചറിഞ്ഞത്.
ദുബായിലെ ഒരു സൂപ്പർമാർക്കറ്റിൽ നിന്നാണ് മോഷ്ടാക്കൾ പണം കവർന്നത്. കഴിഞ്ഞ ദിവസം പുലർച്ചെ സൂപ്പർമാർക്കറ്റിന്റെ പിൻവാതിൽ തകർത്ത് അകത്തു കടന്ന പ്രതികൾ പണം മോഷ്ടിച്ച ശേഷം രക്ഷപ്പെടുകയായിരുന്നു. രാവിലെ ജീവനക്കാർ എത്തിയപ്പോഴാണ് മോഷണവിവരം ശ്രദ്ധയിൽപ്പെട്ടതും ഉടൻ പോലീസിൽ വിവരമറിയിച്ചതും.
വിവരം ലഭിച്ചതിന് പിന്നാലെ രണ്ട് മണിക്കൂറിനുള്ളിൽ ദുബായ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ വെച്ച് പ്രതികളെ പോലീസ് സംഘം പിടികൂടി. മോഷ്ടാക്കൾ മുഖംമൂടി ധരിച്ചതിനാൽ ആദ്യം തിരിച്ചറിയാൻ പ്രയാസം നേരിട്ടിരുന്നു. എന്നാൽ, ആർട്ടിഫിഷ്യൽ ഇൻ്റലിജൻസ് സാങ്കേതികവിദ്യ ഉപയോഗിച്ച് മുഖംമൂടി നീക്കം ചെയ്ത ശേഷമുള്ള പ്രതികളുടെ മുഖം പുനഃസൃഷ്ടിക്കുകയും ഇതിലൂടെ നടത്തിയ അന്വേഷണത്തിൽ ഇവരെ കണ്ടെത്തുകയുമായിരുന്നു. വിമാനത്തിൽ കയറാൻ നിമിഷങ്ങൾ ബാക്കിനിൽക്കെയാണ് ഇവരെ പോലീസ് വലയിലാക്കിയത്. മോഷ്ടിച്ച പണം ഇവരിൽ നിന്ന് കണ്ടെടുത്തതായി പോലീസ് അറിയിച്ചു.