മനുഷ്യ-വന്യജീവി സംഘര്‍ഷ മേഖലകളില്‍ വന്യജീവി സാന്നിദ്ധ്യം തിരിച്ചറിയാം; പാന്‍-ടില്‍റ്റ്-സും ക്യാമറകള്‍ക്കുള്ളത് ഏറ്റവും ആധുനിക സംവിധാനമുള്ള 360 ഡിഗ്രി റൊട്ടേഷന്‍; പെരിയാറിലെ വിസ്മയം പേപ്പാറയിലേക്കും; ബോണക്കാട്ടേയും അഗസ്ത്യാര്‍കൂടത്തേയും കാട്ടിനുള്ളില്‍ ഇനി റിയല്‍ ടൈം മോണിറ്ററിംഗ്; ഇത് പശ്ചിമഘട്ടമാകെ നടപ്പാക്കേണ്ട അനിവാര്യ പദ്ധതി
തിരുവനന്തപുരം: പേപ്പാറ വന്യജീവി സങ്കേതത്തില്‍ ആധുനിക റിയല്‍-ടൈം മോണിറ്ററിംഗ് ആന്‍ഡ് നെറ്റ്വര്‍ക്കിംഗ് (ആര്‍ടിഎം) സംവിധാനം സജ്ജമാക്കുമ്പോള്‍ വനം വകുപ്പിനും പ്രദേശവാസികള്‍ക്കും പ്രതീക്ഷകള്‍ ഏറെ. കേരളത്തിലുടനീളം വന്യജീവി ആക്രമണങ്ങള്‍ തുടര്‍ക്കഥയാകുമ്പോളാണ് പ്രതിരോധ സംവിധാനത്തിന് തുല്യമായ സംവിധാനം പേപ്പാറയില്‍ വരുന്നത്. ഈ സംവിധാനത്തിന്റെ അനിവാര്യത കേരളത്തിലുടനീളമുള്ള കാടുകളിലുണ്ടെന്നതാണ് യാഥാര്‍ത്ഥ്യം. പെരിയാറിന് പിന്നാലെ പേപ്പറായിലും വിജയം കണ്ടാല്‍ അത് മറ്റ് വനമേഖലകളിലേക്കും വ്യാപിപ്പിക്കും.
പെരിയാര്‍ ടൈഗര്‍ റിസര്‍വില്‍ പ്രവര്‍ത്തിക്കുന്ന പെരിയാര്‍ ടൈഗര്‍ കണ്‍സര്‍വേഷന്‍ ഫൗണ്ടേഷന്റെ നേതൃത്വത്തിലാണ് അധ്യാധുനിക സാങ്കേതിക സംവിധാനങ്ങള്‍ ആരംഭിക്കുന്നത്. വനസംരക്ഷണ ജീവനക്കാര്‍ക്ക് കൊടുംകാട്ടിനുള്ളില്‍ പോലും വാര്‍ത്താവിനിമയ സൗകര്യങ്ങള്‍ക്കായും, മനുഷ്യ-വന്യജീവി സംഘര്‍ഷ മേഖലകളില്‍ വന്യജീവി സാന്നിദ്ധ്യം കണ്ടെത്തുന്നതിനായി ഉപയോഗിക്കുന്നതിനും, വന്യജീവി നിരീക്ഷണം, കാട്ടുതി നിരീക്ഷണം, വനസംരക്ഷണം എന്നിങ്ങനെയുള്ള പ്രധാന മേഖലകളിലും ഉപയുക്തമാകുന്ന രീതിയിലുള്ള ആധുനിക വയര്‍ലെസ്സ് നെറ്റ് വര്‍ക്കിംഗ് സംവിധാനമാണ് പെരിയാര്‍ ടൈഗര്‍ റിസര്‍വില്‍ പ്രവര്‍ത്തിക്കുന്ന പെരിയാര്‍ ടൈഗര്‍ കണ്‍സര്‍വേഷന്‍ ഫൗണ്ടേഷന്‍ നടപ്പിലാക്കിവരുന്ന റിയല്‍ ടൈം മോനിറ്ററിംഗ് ആന്‍ഡ് നെറ്റ്വര്‍ക്കിംഗ് സിസ്റ്റം. ഇതാണ് പേപ്പറായിലും വരുന്നത്. പെരിയാറില്‍ ഇത് വലിയ വിജയമായിരുന്നു.
വാര്‍ത്താവിനിമയത്തിനു പുറമേ കാട്ടിനുള്ളില്‍ വളരെ ദൂരെയുമുള്ള പ്രദേശങ്ങളില്‍ നിന്നും ക്യാമറകളുടെ തത്സമയ സംപ്രേഷണം ഈ നെറ്റ്വര്‍ക്ക് വഴി സാധ്യമാണ്. ഇത് പ്രത്യേകിച്ച് മനുഷ്യ-വന്യജീവി സംഘര്‍ഷ മേഖലകളിലും വന്യജീവി നിരീക്ഷണം, കാട്ടുതീ നിരീക്ഷണം, വനസംരക്ഷണം എന്നീ പ്രധാന പ്രവര്‍ത്തനങ്ങളിലും വളരെ ഉപകാരപ്രദമാണ്. ഈ നെറ്റ് വര്‍ക്കിലെ ഏറിയ പങ്കും റേഡിയോ തരംഗ സാങ്കേതികവിദ്യ ഉപയോഗിച്ചാണ് പ്രവര്‍ത്തിക്കുന്നത്. പെരിയാര്‍ കടുവ സങ്കേതത്തില്‍ വിജയകരമായി നടപ്പിലാക്കിയതിന് ശേഷം പെരിയാറിനു പുറത്തുള്ള വനമേഖലയില്‍ ആദ്യമായി നടപ്പിലാക്കുന്നത് തിരുവനന്തപുരം വൈല്‍ഡ് ഡിവിഷനിലെ പേപ്പാറ വന്യജീവിസങ്കേതത്തിലാണ്. പേപ്പാറ വന്യജീവി സങ്കേതത്തില്‍ നടപ്പിലാക്കിയിരിക്കുന്ന ഈ സംവിധാനം, ഈ വന്യജീവിസങ്കേതത്തിലെ ആറ് പ്രധാന സ്ഥലങ്ങളില്‍ പ്രവര്‍ത്തിക്കുന്നു.
കാണിത്തടം, നാച്ചിയാര്‍മൊട്ട, പാണ്ടിപ്പത്ത് ടോപ്പ്, പാണ്ടിപ്പത്ത് ക്യാമ്പ്, പേപ്പാറ ഇന്‍സ്‌പെക്ഷന്‍ ബംഗ്ലാവ്, പേപ്പാറയിലെ റേഞ്ച് ആസ്ഥാനം, ബോണക്കാട് പിക്കപ്പ് സ്റ്റേഷന്‍ എന്നീ സ്ഥലങ്ങളെ വയര്‍ലെസ്സ് റേഡിയോ തരംഗ സാങ്കേതികവിദ്യയിലൂടെ ബന്ധിപ്പിച്ചാണ് കാട്ടിനുള്ളില്‍ വളരെ അകലെയുമുള്ള സ്ഥലങ്ങളിലെ ലൈവ് ക്യാമറകള്‍ ലഭ്യമാകുന്ന തരത്തില്‍ പദ്ധതി നടപ്പിലാക്കിയിരിക്കുന്നത്. അഗസ്ത്യാര്‍കൂടത്തിനു താഴെയായുള്ള പാണ്ടിപ്പത്ത് ടോപ്പിലും നാച്ചിയാര്‍മൊട്ടയിലും സ്ഥാപിച്ചിരിക്കുന്ന പാന്‍-ടില്‍റ്റ്-സും ക്യാമറകള്‍ ഏറ്റവും ആധുനിക രീതി സംവിധാനമുള്ള 360 ഡിഗ്രി റൊട്ടേഷനും, 45ഃ ഒപ്റ്റിക്കല്‍ സൂമും ഉള്ള ലൈവ് വീഡിയോ സ്ട്രീമിംഗ് ലഭ്യമാക്കുന്നു.
ഇത് കാണിത്തടം സെക്ഷന്‍ ഓഫീസ്, പേപ്പാറ റേഞ്ച് ആസ്ഥാനം എന്നിവിടങ്ങളിലുള്ള കണ്ട്രോളിംഗ് സംവിധാനത്തിലും കൂടാതെ തിരുവനന്തപുരത്തെ വൈല്‍ഡ് ലൈഫ് വാര്‍ഡന്റെ ഓഫീസില്‍ നിന്നും നിയന്ത്രിക്കാനും, റിയല്‍-ടൈം നിരീക്ഷണം നടത്താനും സാധിക്കുന്നു. പെരിയാര്‍ ടൈഗര്‍ കണ്‍സര്‍വേഷന്‍ ഫൗണ്ടേഷന്റെ ഇന്‍ഹൌസ് ടീം 2016-17-ല്‍ പെരിയാര്‍ ടൈഗര്‍ റിസര്‍വില്‍ ആദ്യമായി ഈ സാങ്കേതികവിദ്യ നടപ്പിലാക്കിയിരുന്നു. ഇത്തരമൊരു നൂതന സംവിധാനം നടപ്പിലാക്കിയ ഇന്ത്യയിലെ ആദ്യത്തെ കടുവ സംരക്ഷണ കേന്ദ്രമായിരുന്നു പെരിയാര്‍ ടൈഗര്‍ റിസര്‍വ്.
2020-ല്‍ പദ്ധതിയുടെ തുടര്‍ച്ചയായ രണ്ടാം ഘട്ടം പെരിയാര്‍ കടുവ സംരക്ഷണ കേന്ദ്രത്തില്‍ പൂര്‍ത്തിയായിരുന്നു. ഇതിന്റെ വിജയത്തെ തുടര്‍ന്നാണ് പെരിയാര്‍ ടൈഗര്‍ കണ്‍സര്‍വേഷന്‍ ഫൗണ്ടേഷന്‍ 2024-25-ല്‍ പെരിയാര്‍ കടുവ സംരക്ഷണ കേന്ദ്രത്തിന് പുറത്തേക്ക് പദ്ധതി വിപുലീകരണം ആരംഭിക്കുകയും ഇപ്പോള്‍ തിരുവനന്തപുരം വന്യജീവി ഡിവിഷനില്‍ വിജയകരമായി നടപ്പിലാക്കുകയും ചെയ്തിരിക്കുന്നത്. ഈ പദ്ധതിയുടെ വിജയകരമായ നടപ്പാക്കല്‍ വനം-വന്യജീവി സംരക്ഷണത്തിന് ആധുനിക സാങ്കേതികവിദ്യ പ്രയോജനപ്പെടുത്തുന്നതിലുള്ള പെരിയാര്‍ ടൈഗര്‍ കണ്‍സര്‍വേഷന്‍ ഫൗണ്ടേഷന്‍ നേതൃത്വവും വൈദഗ്ധ്യവും എടുത്തുകാണിക്കുന്നു.
വരും നാളുകളില്‍ മനുഷ്യ-വന്യജീവി സംഘര്‍ഷ മേഖലകളില്‍ കൂടുതലായി ഉപയോഗിക്കുന്നതിലൂടെയും, വന്യജീവി വിഭാഗത്തിലെ നിരീക്ഷണ ശേഷി വര്‍ദ്ധിപ്പിക്കുന്നതിനും, കാട്ടുതീ നിരീക്ഷണത്തിനും, വനസംരക്ഷണ പ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുത്തുന്നതിനും തിരുവനന്തപുരം വൈല്‍ഡ് ലൈഫ് ഡിവിഷന് ഈ സംരംഭം ഏറെ പ്രയോജനപ്രദമാവും. കൂടാതെ തേക്കടിയില്‍ ഇരുന്നും ഈ ക്യാമറകളെ നിയന്ത്രിക്കുവാനും നെറ്റ്വര്‍ക്ക് സംബന്ധമായ അടിയന്തിര പ്രശ്‌നങ്ങള്‍ പരിഹരിക്കുവാനും ഉതകുന്ന രീതിയിലാണ് ഈ പ്രൊജക്റ്റ് നടപ്പിലാക്കിയിരിക്കുന്നത്.
ഈ പ്രോജക്റ്റ് തികച്ചും വിജയകരമായി രൂപകല്‍പ്പന ചെയ്തത് പ്രമോദ് പി.പി. ഐഎഫ്എസ് (സിസിഎഫ് & ഫീല്‍ഡ് ഡയറക്ടര്‍, കോട്ടയം), കെ.എന്‍. ശ്യാം മോഹന്‍ലാല്‍ ഐഎഫ്എസ് (കണ്‍സര്‍വേറ്റര്‍, എബിപി), പാട്ടില്‍ സുയോഗ് സുബാഷ്‌റാവു ഐഎഫ്എസ് (ഡെപ്യൂട്ടി ഡയറക്ടര്‍, പെരിയാര്‍ കടുവ സംരക്ഷണ കേന്ദ്രം ഈസ്‌റ്), വിനോദ് എസ്.വി. (വൈല്‍ഡ് ലൈഫ് വാര്‍ഡന്‍, തിരുവനന്തപുരം), സുരേഷ് ബാബു ഐ.എസ്. (അസി. ഫീല്‍ഡ് ഡയറക്ടര്‍, പെരിയാര്‍ ഈസ്റ്റ്), സലിന്‍ ജോസ് ജെ.സി. (അസി. വൈല്‍ഡ് ലൈഫ് വാര്‍ഡന്‍, പേപ്പാറ വന്യജീവി സങ്കേതം) എന്നിവരുടെ നേതൃത്വത്തിലാണ്.
പെരിയാര്‍ കടുവ സംരക്ഷണ സെക്ഷന്‍ ഫോറസ്റ്റ് ഓഫീസറായ സിബു വി. യുടെ നേതൃത്വത്തില്‍ സെന്തില്‍കുമാര്‍ എം., അരുണ്‍ സി. ഗോപിനാഥ്, രഘു രവീന്ദ്രന്‍ എന്നിവരടങ്ങിയ പെരിയാര്‍ കടുവ സംരക്ഷണ റിയല്‍ ടൈം വിംഗ് ആണ് ഈ പ്രൊജക്റ്റ് പൂര്‍ണമായും പ്രവര്‍ത്തന സജ്ജമാക്കിയത്.