ഉറങ്ങുന്നതിന് തൊട്ടുമുമ്പ് കഠിനമായ വ്യായാമങ്ങള്‍ ഒഴിവാക്കുന്നതാണ് നല്ലത്; ഹൃദ്രോഗവും ആ അസുഖത്തിന് കാരണം; മറവി രോഗത്തെ മറികടക്കാന്‍ നമുക്ക് സൈക്കില്‍ ചവിട്ടാം
മറവി രോഗം ഇന്ന് സര്‍വ്വസാധാരണമായി മാറിയിരിക്കുന്നു. ഇത് സംബന്ധിച്ച് നിരവധി ഗവേഷണങ്ങള്‍ ഇപ്പോഴും തുടരുന്നുണ്ടെങ്കിലും ഈ രോഗത്തിന്റെ കൃത്യമായ കാരണം എന്താണ് എന്നുള്ളത് സംബന്ധിച്ച് വ്യത്യസ്തമായ അഭിപ്രായങ്ങളാണ് പലപ്പോഴും ഗവേഷണ റിപ്പോര്‍ട്ടുകളായി പുറത്ത് വന്നിരുന്നത്. അമേരിക്കയിലെ ഒരു സംഘം ഗവേഷകര്‍ ഇപ്പോള്‍ മറവി രോഗത്തിലേക്ക് നയിക്കാവുന്ന ചില ആരോഗ്യപ്രശ്നങ്ങളെ കുറിച്ചുള്ള വിശദാംശങ്ങളാണ് പുറത്തു വിട്ടിരിക്കുന്നത്.
ഇരുപത്തിനാലായിരത്തിലധികം രോഗികളില്‍ നടത്തിയ പഠനത്തിന്റെ ഫലമായിട്ടാണ് അവര്‍ ഇത്തരം നിഗമനങ്ങളില്‍ എത്തിയിരിക്കുന്നത്. മനുഷ്യന്റെ മാനസികാവസ്ഥ, തലച്ചോറിന്റെ പ്രവര്‍ത്തന വൈകല്യ രോഗങ്ങള്‍, നേരിയ വൈജ്ഞാനിക വൈകല്യം, ഹൃദ്രോഗം എന്നിവയാണ് മറവിരോഗത്തിലേക്ക് എത്തിക്കുന്ന അടിസ്ഥാന കാരണങ്ങള്‍. ഇത്തരത്തിലുള്ള ഓരോ ആരോഗ്യ പ്രശ്നങ്ങള്‍ക്കും നിരവധി സ്വഭാവ സവിശേഷതകള്‍ ഉണ്ട്. ഇതിലൂടെ ഡോക്ടര്‍മാര്‍ക്ക് വളരെ വേഗത്തില്‍ ഈ രോഗം കണ്ടെത്താന്‍ കഴിയുമെന്നാണ് വിദഗ്ധര്‍ പറയുന്നത്.
മറവി രോഗം നേരത്തേ തന്നെ കണ്ടെത്താന്‍ കഴിഞ്ഞാല്‍ രോഗികള്‍ക്ക് ഏത് രീതിയിലാണ് ചികിത്സ നല്‍കേണ്ടത് എന്ന കാര്യത്തില്‍ പെട്ടെന്ന് തന്നെ തീരുമാനം എടുക്കാന്‍ കഴിയും. ഉദാഹരണമായി ഉയര്‍ന്ന രക്തസമ്മര്‍ദ്ദവും തുടര്‍ന്ന് വിഷാദരോഗവും ബാധിച്ച രോഗികള്‍ക്ക് അല്‍ഷിമേഴ്സ് രോഗം വരാനുള്ള സാധ്യത കൂടുതലാണ്. ഇതൊരു വളരെ പ്രധാനപ്പെട്ട കണ്ടെത്തലാണ്. കൊളസ്‌റ്റ്രോളും രക്തസമ്മര്‍ദ്ദവും കുറയാനായി മരുന്ന് കഴിക്കുന്നതും മറവി രോഗം വരുന്നതിനവെ ഒരു പരിധി വരെ തടയും. യു.കെയില്‍ പത്ത് ലക്ഷത്തോളം പേര്‍ മറവി രോഗവുമായി ജീവിക്കുന്നുണ്ട്.
എന്നാല്‍ അമേരിക്കയില്‍ ഇവരുടെ എണ്ണം എഴുപത് ലക്ഷം കവിയും. 2040 ആകുമ്പോഴേക്കും യു.കെയില്‍ മറവി രോഗം ബാധിച്ചവരുടെ എണ്ണം പതിനാല് ലക്ഷം കവിയുമെന്നാണ് കണക്കാക്കപ്പെടുന്നത്. ഡിമെന്‍ഷ്യയുടെ പ്രധാന കാരണം അല്‍ഷിമേഴ്‌സ് രോഗമാണ്. ഈ രോഗത്തിന്റെ ആദ്യകാല ലക്ഷണങ്ങള്‍ ഓര്‍മ്മക്കുറവ്, ശ്രദ്ധ കേന്ദ്രീകരിക്കാനുള്ള ബുദ്ധിമുട്ട്, ആശയവിനിമയ പ്രശ്നം, മാനസിക പ്രശ്നങ്ങള്‍ എന്നിവയാണ്. വ്യായാമം ചെയ്യുന്നത് മറവി രോഗം വരുന്നത് തടയും എന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്. ജോഗിംഗ് അല്ലെങ്കില്‍ സൈക്ലിംഗ് പോലുള്ള വ്യായാമങ്ങളാണ് ഇതിന് ഏറ്റവും ഉചിതം.
എന്നാല്‍ ഉറങ്ങുന്നതിന് തൊട്ടുമുമ്പ് കഠിനമായ വ്യായാമങ്ങള്‍ ഒഴിവാക്കുന്നതാണ് നല്ലത്. കാരണം ഇത് ഉറക്കത്തെ തടസപ്പെടുത്തുകയും മറവി രോഗത്തിനുള്ള സാധ്യത വര്‍ദ്ധിപ്പിക്കുകയും ചെയ്യും. 45നും 65 നും ഇടയ്ക്കുള്ള പ്രായത്തിലാണ് ഇത്തരം വ്യായാമങ്ങള്‍ ചെയ്യേണ്ടത് എന്നും വിദഗ്ധര്‍ പറയുന്നു.