ഇന്ത്യയിലും യുകെയിലും രണ്ട് പുതിയ എംപോക്‌സ് വൈറസ് വകഭേദം സ്ഥിരീകരിച്ചു; വൈറസ് ബാധിതരില്‍ തുടര്‍ച്ചയായ ജനിതക നിരീക്ഷണം വേണമെന്ന് ലോകാരോഗ്യ സംഘടന; രോഗലക്ഷണങ്ങളും പ്രതിരോധ മാര്‍ഗ്ഗങ്ങളും മനസ്സിലാക്കുക..
ഇന്ത്യയിലും യുകെയിലും രണ്ട് പുതിയ എംപോക്‌സ് വൈറസ് വകഭേദം സ്ഥിരീകരിച്ചു
ന്യൂഡല്‍ഹി: ഇന്ത്യയിലും യുകെയിലും രണ്ട് പുതിയ എംപോക്‌സ് വൈറസ് വകഭേദം സ്ഥിരീകരിച്ചു. ഇക്കാര്യം ലോകാരോഗ്യ സംഘടനയാണ് വ്യക്തമാക്കിയത്. ജനിതകമാറ്റം സംഭവിച്ച വകഭേദങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. പുതിയ വകഭേദത്തില്‍ നേരത്തെ റിപ്പോര്‍ട്ട് ചെയ്തിട്ടുള്ള രണ്ട് വകഭേദങ്ങളില്‍ നിന്നുള്ള ജനിതക വസ്തുക്കള്‍ അടങ്ങിയിട്ടുണ്ട്. വൈറസ് ബാധിതരില്‍ തുടര്‍ച്ചയായ ജനിതക നിരീക്ഷണം വേണമെന്ന് ലോകാരോഗ്യ സംഘടന ആവശ്യപ്പെട്ടു.
തെക്കുകിഴക്കന്‍ ഏഷ്യന്‍ രാജ്യത്ത് യാത്ര ചെയ്ത യുകെ സ്വദേശിയിലും, അറേബ്യന്‍ ഉപദ്വീപിയന്‍ രാഷ്ട്രത്തിലേക്ക് യാത്ര ചെയ്ത ഇന്ത്യക്കാരനിലുമാണ് പുതിയ വകഭേദം കണ്ടെത്തിയത്. യാത്രയ്ക്ക് ശേഷം ആഴ്ചകള്‍ക്കുള്ളിലാണ് ഇരുവര്‍ക്കും രോഗം സ്ഥിരീകരിച്ചത്. റിപ്പോര്‍ട്ട് ചെയ്യപ്പെടാത്ത സമാന കേസുകളുണ്ടാകാമെന്ന് ലോകാരോഗ്യ സംഘടന പറയുന്നു. അതേസമയം, പുതിയ വകഭേദം കാരണം രോഗികളില്‍ ഗുരുതരമായ പ്രത്യാഘാതങ്ങളൊന്നും ഇതുവരെ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.
രോഗ ലക്ഷണങ്ങള്‍
മങ്കിപോക്‌സ് എന്നറിയപ്പെട്ടിരുന്ന എംപോക്‌സ്, ഒരു വൈറല്‍ അണുബാധയാണ്. പ്രാരംഭ ലക്ഷണങ്ങള്‍ പലപ്പോഴും പനി പോലുള്ള രോഗങ്ങളായിരിക്കും. പനി, തലവേദന, പേശിവേദന, ക്ഷീണം എന്നിവയില്‍നിന്ന് ആരംഭിക്കും. പിന്നീട് മുഖം, ജനനേന്ദ്രിയം, മലദ്വാരം എന്നിവയുള്‍പ്പെടെ ശരീരത്തിലെവിടെയും ഒരുതരം പ്രത്യേക ചുണങ്ങ് പ്രത്യക്ഷപ്പെടും. ചുണങ്ങ് പല ഘട്ടങ്ങളിലൂടെ പുരോഗമിക്കുന്നു.
രോഗ പ്രതിരോധ മാര്‍ഗങ്ങള്‍
രോഗബാധിതനായ വ്യക്തിയില്‍നിന്ന് പ്രത്യേകിച്ച്, ചുണങ്ങുള്ളയാളില്‍നിന്ന് സമ്പര്‍ക്കംമൂലം പകരാന്‍ സാധ്യതയുണ്ട്. കിടക്ക, തൂവാലകള്‍, വസ്ത്രങ്ങള്‍ തുടങ്ങിയ മലിനമായ വസ്തുക്കളില്‍ സ്പര്‍ശിക്കുക. ശ്വസന തുള്ളികള്‍ വഴി ദീര്‍ഘനേരം മുഖാമുഖം സമ്പര്‍ക്കം പുലര്‍ത്തുക മുതലായവയും പകര്‍ച്ചയ്ക്ക് കാരണമാകും.
സോപ്പും വെള്ളവും ഉപയോഗിച്ച് കൈകള്‍ ഇടയ്ക്കിടെ കഴുകുക, ലക്ഷണങ്ങള്‍ പ്രകടിപ്പിക്കുന്നവരുമായി അടുത്ത ശാരീരിക സമ്പര്‍ക്കം ഒഴിവാക്കുക, മലിനമായ വസ്തുക്കളില്‍ സ്പര്‍ശിക്കുന്നത് ഒഴിവാക്കുക, ലക്ഷണങ്ങള്‍ കാണുന്നവര്‍ ഉടന്‍ വൈദ്യോപദേശം തേടണമെന്നും മുന്നറിയിപ്പില്‍ വ്യക്തമാക്കുന്നു. കൂടാതെ, മറ്റുള്ളവരിലേക്ക് പകരുന്നത് തടയാന്‍ സ്വയം നടപടികളും വേണം.
