മുടികൊഴിച്ചിലൊക്കെ ഇനി പമ്പ കടക്കും..; ശരീരഭാരം കുറയ്ക്കാനും കേമൻ..; 'റാഗി'യുടെ ആരോഗ്യഗുണങ്ങൾ അറിയാം
ആരോഗ്യ സംരക്ഷണത്തിന് ഏറെ ഗുണകരമായ 'റാഗി' വിവിധ രോഗങ്ങളെ അകറ്റി നിർത്താൻ സഹായിക്കുമെന്ന് പഠനങ്ങൾ പറയുന്നു. കാൽസ്യം, നാരുകൾ, കുറഞ്ഞ ഗ്ലൈസെമിക് സൂചിക എന്നിവ അടങ്ങിയ റാഗി മൊത്തത്തിലുള്ള ആരോഗ്യത്തിന് ഉത്തമമാണ്.
ശക്തമായ എല്ലുകൾക്കും പല്ലുകൾക്കും ആവശ്യമായ കാൽസ്യം റാഗിയിൽ ധാരാളമായി അടങ്ങിയിട്ടുണ്ട്. ഇത് എല്ലുകളുടെ ബലം വർദ്ധിപ്പിക്കുകയും ഒടിവുകൾ, ഓസ്റ്റിയോപൊറോസിസ് പോലുള്ള രോഗങ്ങൾ വരാനുള്ള സാധ്യത കുറയ്ക്കുകയും ചെയ്യുന്നു. ശരീരഭാരം നിയന്ത്രിക്കാനും റാഗി സഹായിക്കും. ഉയർന്ന അളവിലുള്ള നാരുകളും പ്രോട്ടീനും ദീർഘനേരം വിശപ്പില്ലാത്ത പ്രതീതി നൽകുകയും അതുവഴി അമിതമായി ഭക്ഷണം കഴിക്കുന്നത് ഒഴിവാക്കാൻ സഹായിക്കുകയും ചെയ്യുന്നു.
പ്രമേഹ രോഗികൾക്കും റാഗി ഗുണകരമാണ്. ഇതിന്റെ കുറഞ്ഞ ഗ്ലൈസെമിക് സൂചിക രക്തത്തിലെ പഞ്ചസാരയുടെ അളവ് പെട്ടെന്ന് കൂടുന്നത് തടയുന്നു. ഇരുമ്പിന്റെ അംശം ഹീമോഗ്ലോബിൻ ഉത്പാദനത്തെ ത്വരിതപ്പെടുത്തുകയും വിളർച്ചയെ പ്രതിരോധിക്കുകയും ചെയ്യുന്നു.
ദഹനസംബന്ധമായ പ്രശ്നങ്ങൾ ലഘൂകരിക്കാനും മലബന്ധം ഒഴിവാക്കാനും റാഗിയിലെ നാരുകൾ സഹായിക്കും. ഹൃദയാരോഗ്യത്തിനും റാഗി നല്ലതാണ്. ഇതിലെ കുറഞ്ഞ കൊളസ്ട്രോൾ, ഉയർന്ന നാരുകൾ എന്നിവ ഹൃദയത്തിന് അനുയോജ്യമാണ്. കൂടാതെ, ആന്റിഓക്‌സിഡന്റുകൾ അടങ്ങിയതിനാൽ ശരീരത്തിലെ ഓക്സിഡേറ്റീവ് സമ്മർദ്ദം കുറയ്ക്കാനും ഹൃദയ സംബന്ധമായ രോഗ സാധ്യതയെ ചെറുക്കാനും ഇത് സഹായകമാകും.
ചർമ്മത്തിന്റെ ഇലാസ്തികത മെച്ചപ്പെടുത്താനും മുടിയുടെ ആരോഗ്യത്തിനും റാഗിയിലെ അവശ്യ അമിനോ ആസിഡുകളും വിറ്റാമിനുകളും സഹായിക്കുന്നു. ഗർഭകാലത്തും മുലയൂട്ടുന്ന സമയത്തും ആവശ്യമായ കാൽസ്യം, ഇരുമ്പ്, നാരുകൾ എന്നിവയുടെ ഉറവിടമെന്ന നിലയിൽ റാഗി ഏറെ പ്രയോജനകരമാണ്. കഞ്ഞി, പുട്ട്, ദോശ തുടങ്ങിയ വിവിധ രൂപങ്ങളിൽ റാഗി ഭക്ഷണത്തിൽ ഉൾപ്പെടുത്താം.