മാമ്മോഗ്രാമില്‍ എല്ലാം ക്ലിയര്‍ ആയിട്ടും അപ്രതീക്ഷിതമായി ബ്രെസ്റ്റ് കാന്‍സര്‍ എത്തി; പണികിട്ടിയത് ഈ ലക്ഷണങ്ങള്‍ അവഗണിച്ചപ്പോള്‍
മാമ്മോഗ്രാമില്‍ എല്ലാം ക്ലിയര്‍ ആയിട്ടും അപ്രതീക്ഷിതമായി ബ്രെസ്റ്റ് കാന്‍സര്‍ എത്തി
ന്യൂജേഴ്‌സി: സ്തനാര്‍ബുദം വളരെ വ്യാപകമാകുന്ന ഈ കാലയളവില്‍ ഈ രോഗം നിര്‍ണയിക്കാന്‍ ഉപയോഗിക്കുന്ന മാമോഗ്രാം പരിശോധന പോലും പലപ്പോഴും കൃത്യമല്ലാതെ മാറുന്നതായി പരാതികള്‍ വ്യാപകമാകുന്നു. അമേരിക്കയിലെ ന്യൂജഴ്സിയില്‍ ജോലി ചെയ്യുന്ന ഒരു നഴ്സിനാണ് ഇപ്പോള്‍ മാമോഗ്രാം പരിശോധനയില്‍ രോഗമില്ല എന്ന് തെളിഞ്ഞിട്ടും രോഗബാധയുണ്ടായത്. ക്രിസ്റ്റി ഹാല്‍പ്പിന്‍ എന്ന 33 കാരിക്കാണ് മാമോഗ്രാം പരിശോധന നടത്തി കുഴപ്പമില്ലെന്ന് കണ്ടെത്തി ആഴ്ചകള്‍ക്കുള്ളില്‍ സ്തനാര്‍ബുദം സ്ഥിരീകരിച്ചത്.
നേരത്തേ കടുത്ത നടുവേദന, ശരീരഭാരം കുറയല്‍ ഉള്‍പ്പെടെയുളള ആരോഗ്യ പ്രശ്നങ്ങള്‍ കാരണമാണ് ആരോഗ്യ മേഖലയില്‍ തന്നെ പ്രവര്‍ത്തിക്കുന്ന ക്രിസ്റ്റി ഹാല്‍പ്പിന്‍ ബ്രസ്റ്റ്് ക്യാന്‍സറാണോ എന്ന സംശയത്തില്‍ മാമോഗ്രാം പരിശോധന നടത്തുകയായിരുന്നു. എന്നാല്‍ പരിശോധനാ ഫലം അനുസരിച്ച് അവര്‍ക്ക് സ്തനാര്‍ബുദം ഇല്ല എന്നാണ് കണ്ടെത്തിയത്. 2022 ലാണ് ഇവര്‍ മകനെ പ്രസവിച്ചത്.
ആ കാലത്തൊന്നും തന്നെ രോഗലക്ഷണങ്ങള്‍ കണ്ടിരുന്നില്ലെന്നും 9 മാസം മുമ്പാണ് ആരോഗ്യ പ്രശ്നങ്ങള്‍ തുടങ്ങിയതെന്നും ക്രിസ്റ്റി പറയുന്നു. രണ്ട്‌സ്തനങ്ങളിലും മാത്രമല്ല അവരുടെ നട്ടെല്ലിലും ശ്വാസകോശത്തിലും ഇടുപ്പിലും എല്ലാം അര്‍ബുദം മാരകമായ തോതില്‍ പടര്‍ന്നിരുന്നതായി അവര്‍ ടിക്ടോക്കിലൂടെ വെളിപ്പെടുത്തി.
കഴിഞ്ഞ വര്‍ഷമാണ് ക്രിസ്ററിനയുടെ ശരീരഭാരം അസാധാരണമായ തോതില്‍ കുറയാന്‍ തുടങ്ങിയത്. കൂടാതെ വല്ലാത്ത
ക്ഷീണവും അവര്‍ക്ക് അനുഭവപ്പെട്ട് തുടങ്ങി. മകന്‍ തീരെ ചെറിയ കുഞ്ഞായിരുന്നത് കാരണം പലപ്പോഴും രാത്രിയില്‍ ഉറങ്ങാന്‍ കഴിയാറില്ലായിരുന്നു. ഇതായിരിക്കും ക്ഷീണത്തിന് കാരണമെന്നാണ് ക്രിസ്റ്റീനക്ക് തോന്നിയത്. എന്നാല്‍ തൊട്ടു പിന്നാലെ അസഹ്യമായ രീതിയില്‍ നടുവേദനയും തുടങ്ങി. കൂടാതെ ശരീരത്തില്‍ മാന്തിയത് പോലെയുള്ള പാടുകളും കണ്ടു. ഇത് വീട്ടില്‍ വളര്‍ത്തുന്ന നായ്ക്കള്‍ മാന്തിയതാകാമെന്നാണ് അവര്‍ കരുതിയത്. തുടര്‍ന്ന് നടുവേദനക്ക് ചികിത്സ നടത്തിയെങ്കിലും ഫലം കണ്ടില്ല.
കഴിഞ്ഞ വര്‍ഷം ഒക്ടോബര്‍ മാസത്തില്‍ കുഞ്ഞിനെ കുളിപ്പിക്കാനായി ബാത്ത്റൂമില്‍ ഇരുന്ന ക്രിസ്റ്റിക്ക് എഴുന്നേല്‍ക്കാന്‍ കഴിയാത്ത സ്ഥിതിയായി. തൊട്ടടുത്തുള്ള ഒരാശുപത്രിയിലെ ഡോക്ടറുടെ അടുത്ത് ചികിത്സക്കായി പോയി എങ്കിലും രക്ത പരിശോധനക്ക് ശേഷം ഡോക്ടര്‍
പറഞ്ഞത് അവരുടെ ബ്ലാഡറില്‍ ചില പ്രശ്നങ്ങള്‍ ഉണ്ടെന്നാണ്. മരുന്നുകള്‍ നല്‍കിയ ഡോക്ടര്‍ ഏതാനും ആഴ്ചകള്‍ക്ക് ശേഷം വന്ന് കാണാന്‍ നിര്‍ദ്ദേശിച്ചു. എന്നാല്‍ പിന്നീട് ക്രിസ്റ്റി തന്റെ സ്തനങ്ങളില്‍ ചില മാറ്റങ്ങള്‍ വന്നിട്ടുള്ളതായി കണ്ടെത്തി. തുടര്‍ന്ന് അവര്‍ മാമോഗ്രഫിക്ക് വിധേയയാകുകയായിരുന്നു.
പരിശോധനക്ക് ശേഷം റേഡിയോളജിസ്റ്റ് പറഞ്ഞത് ക്രിസ്റ്റിക്ക് അര്‍ബുദ ബാധ ഇല്ലെന്നാണ്. എന്നാല്‍ ഈ വിശദീകരണത്തില്‍ തൃപ്തയാകാതെ അവര്‍ ഒരു ക്യാന്‍സര്‍ വിദഗ്ധനെ സമീപിക്കുകയായിരുന്നു. തുടര്‍ന്ന് ബയോപ്സി നടത്തിയ ഡോക്ടറാണ് ക്രിസ്റ്റിക്ക് സ്തനാര്‍ബുദമാണെന്ന് കണ്ടെത്തിയത്. പിന്നീട് എം.ആര്‍.ഐ സ്‌കാനിംഗ് നടത്തിയപ്പോഴാണ് ക്യാന്‍സര്‍ ശരീരത്തിന്റെ മറ്റു ഭാഗങ്ങളിലേക്ക് പടര്‍ന്നതായി കണ്ടെത്തിയത്. ഇപ്പോള്‍ കീമോതെറാപ്പി ഉള്‍പ്പെടയുള്ള ചികിത്സകള്‍ നടക്കുകയാണ്.