കണ്ണിന്റെ വെള്ളയില്‍ ഉണ്ടാകുന്ന ചില അടയാളങ്ങള്‍ സൂചിപ്പിക്കുന്നത് ഒരുപക്ഷെ മരണകാരണം വരെയാകാവുന്ന രോഗങ്ങളുടെ വരവിനെ; നിങ്ങളുടെ ഭക്ഷണത്തില്‍ ഒളിച്ചിരിക്കുന്ന ചില പ്രോട്ടീനുകള്‍ പ്രായാധിക്യം പെട്ടെന്ന് പ്രകടമാക്കിയേക്കാം; ചിലപ്പോള്‍ കാന്‍സറിനു വരെ കാരണമായേക്കാം; ഭക്ഷണക്രമം മാറ്റി ഇതിനെ വലിയൊരു പരിധിവരെ തടയാം
പഞ്ചസാര ആരോഗ്യത്തിന് നല്ലതല്ലെന്ന് എല്ലാവരും പറയും. അത് ചര്‍മ്മത്തെ, മസ്തിഷ്‌ക്കത്തെ, അതുപോലെ മറ്റ് അവയവ വ്യവസ്ഥകളെയെല്ലാം പ്രതികൂലമായി ബാധിക്കാറുണ്ടെന്നും നമുക്ക് അറിയാം. എന്നാല്‍ ഇത് എങ്ങനെയാണ് സംഭവിക്കുന്നതെന്ന് ചിന്തിച്ചിട്ടുണ്ടോ ? അഡ്വാന്‍സ്ഡ് ഗ്ലൈക്കേഷന്‍ എന്‍ഡ് പ്രൊഡക്റ്റ്‌സ് അഥവാ എ ജി ഇ കള്‍ എന്നറിയപ്പെടുന്ന ഒരു കൂട്ടം വിഷലിപ്തമായ വസ്തുക്കളുടെ ഉത്പാദനത്തെ പഞ്ചസാര പ്രോത്സാഹിപ്പിക്കുന്നതാണ് ഇതിന് കാരണമെന്ന് ന്യൂറോ സയന്റിസ്റ്റും ഹെല്‍ത്ത് ജേര്‍ണലിസ്റ്റുമായ പ്രൊഫസര്‍ പങ്കജ് കപാഹി പറയുന്നു. ഒരുപക്ഷെ ഏറ്റവും അപകടകാരികളായ വിഷവസ്തുക്കളായ എ ജി കളെ കുറിച്ച് ആരോഗ്യ രംഗത്തെ വിദഗ്ധര്‍ക്കു പോലും പരിമിതമായ അറിവേ ഉണ്ടാകാന്‍ ഇടയുള്ളു എന്നും അദ്ദേഹം പറയുന്നു.
പഴച്ചാറുകളിലും, മധുരപലഹാരങ്ങളിലും, സോഫ്റ്റ് ഡ്രിങ്കുകളിലും, പ്രാതലിനുള്ള സെറിള്‍സിലും മറ്റും കാണുന്ന ഫ്രക്ടോസ്, ടേബിള്‍ ഷുഗര്‍ എന്നുകൂടി അറിയപ്പെടുന്ന, കുക്കികളിലും, കേക്കുകളിലും, പല മിഠായികളിലും കാണപ്പെടുന്ന സുക്രോസ്, കാര്‍ബോഹൈഡ്രേറ്റുകളില്‍ സ്വാഭാവികമായി കാണപ്പെടുന്നതും പലപ്പോഴും സംസ്‌കരിച്ച ഭക്ഷണപദാര്‍ത്ഥങ്ങളില്‍ ഡെക്‌സ്‌ട്രോസ് ആയി ചേര്‍ക്കാറുള്ളതുമായ ഗ്ലൂക്കോസ് തുടങ്ങി പഞ്ചസാരയുടെ ഏത് രൂപമായാലും ഗ്ലൈക്കേഷന്‍ എന്ന രാസപ്രവര്‍ത്തനം വഴി എ ജി ഇകള്‍ ഉദ്പാദിപ്പിക്കും എന്നാണ് പ്രൊഫസര്‍ പങ്കജ് കപാഹി പറയുന്നത്.
രക്തത്തിലൂടെ സംവഹനം ചെയ്യപ്പെടുന്ന സമയത്താണ് ഈ രാസപ്രവര്‍ത്തനം നടക്കുക. രക്തത്തിനകത്തുള്ളപ്പോള്‍ ഈ പഞ്ചസാരയുടെ വിവിധ രൂപങ്ങള്‍ മാംസകലള്‍, അതുപോലെ മറ്റ് അവയവങ്ങള്‍ എന്നിവയിലെ വിവിധ പ്രോട്ടീനുകളുമായി പ്രതിപ്രവര്‍ത്തനം നടത്തും. ഈ ഗ്ലൈക്കേഷന്റെ പ്രത്യാഘാതങ്ങളാണ്, അതറിയാതെ നാം അനുഭവിക്കുന്നത്. പാചക വിദഗ്ധര്‍ ഈ രാസപ്രവര്‍ത്തനം കാരമലുകള്‍ ഉണ്ടാക്കുന്നതിനായി ഉപയോഗിക്കാറുണ്ട്. എന്നാല്‍, പഞ്ചസാരയുടെ അമിതമായ ഉപയോഗം നമ്മുടെ ശരീരത്തിനകത്തും ഒരു കാരമലൈസേഷന്‍ പ്രക്രിയ നടക്കാന്‍ ഇടയാക്കുന്നു.
പഴച്ചാറുകളിലും മധുരപലഹാരങ്ങളിലും അടങ്ങിയിരിക്കുന്ന ഫ്രക്ടോസ് ആണ് ഇക്കൂട്ടത്തില്‍ ഏറ്റവും അപകടകാരി എന്ന് പ്രൊഫസര്‍ കപാഹി പറയുന്നു. ഇത് മനുഷ്യ ചംക്രമണ വ്യവസ്ഥയിലെക്ക് അതിവേഗം ആഗിരണം ചെയ്യപ്പെടുന്നു എന്നതാണ് ഇതിനു കാരണം. ഗ്ലൂക്കോസിനേക്കാള്‍ ഏഴിരട്ടി ഗ്ലൈക്കേഷന്‍ ത്വരിതപ്പെടുത്താന്‍ ഫ്രക്ടോസിന് കഴിയും. അതേസമയം, പഴവര്‍ഗ്ഗങ്ങളില്‍ അടങ്ങിയിരിക്കുന്ന പ്രകൃതിദത്തമായ ഫ്രക്ടോസ് താരതമ്യേന കുറഞ്ഞ അപകടകാരിയാണ്. പഴങ്ങളില്‍ അടങ്ങിയിരിക്കുന്ന നാരുകളും (ഫൈബര്‍) മറ്റ് ധാതുക്കളും ഇതിന്റെ ആഗീരണം സാവധാനത്തിലാക്കുന്നതാണ് കാരണം. മാത്രമല്ല, പഴവര്‍ഗ്ഗങ്ങളില്‍ നിന്നും ശരീരത്തിന് ലഭിക്കുന്ന വിറ്റാമിനുകള്‍ ഉള്‍പ്പടെയുള്ള മറ്റ് പോഷകങ്ങള്‍ കൂടി പരിഗണിക്കുമ്പോള്‍ പഴങ്ങള്‍ തിന്നുന്നത് വഴി ശരീരത്തില്‍ പ്രവേശിക്കുന്ന ഫ്രക്ടോസ് അത്ര വലിയ അപകടകാരിയല്ലെന്ന് പറയാം.
ഗ്ലക്കേഷന്‍ മൂലമുള്ള ഏറ്റവും ഗുരുതരമായ പ്രശ്‌നം അത് ശരീരത്തിലെ 20,000 ഓളം വരുന്ന പ്രോട്ടീനുകളുടെ ആകൃതിയും, ഘടനയും, പ്രവര്‍ത്തന രീതിയും മാറ്റുമെന്നതാണെന്ന് പ്രൊഫസര്‍ കപാഹിയും മറ്റ് ഗവേഷകരും പറയുന്നു. ഇതുവഴി നിങ്ങള്‍ക്ക് യഥാര്‍ത്ഥത്തില്‍ ഉള്ളതിലും അധികം പ്രായം തോന്നിപ്പിക്കും എന്ന് മാത്രമല്ല, പ്രായാധിക്യമായി എന്ന രീതിയിലുള്ള ഒരു ചിന്ത നിങ്ങളില്‍ തന്നെ ഉടലെടുക്കുകയും ചെയ്യും. മാത്രമല്ല, ശരീരത്തിലെ ദശാനാഡികള്‍, തരുണാസ്ഥികള്‍, അസ്ഥിസന്ധികള്‍, മാംസപേശികള്‍ എന്നിവയിലെ പ്രോട്ടീനുകളുമായി ഫ്രക്ടോസ് പ്രതിപ്രവര്‍ത്തനം നടത്തുന്നതിനാല്‍ ശാരീരികമായി പോലും, യഥാര്‍ത്ഥ പ്രായത്തില്‍ അനുഭവിക്കുന്നതിനേക്കാള്‍ ഏറെ പ്രയാസതകള്‍ അനുഭവിച്ചേക്കാം. ചിലപ്പൊള്‍ കാന്‍സറിനു വരെ എ ജി ഇകള്‍ കാരണമായേക്കാം.
ഏഷ്യന്‍ രാജ്യങ്ങളിലെ പരമ്പരാഗത പാചകങ്ങളിലെ കൂടുതല്‍ ജലം ഉപയോഗിച്ചുള്ള പാചകം എ ജി ഇകളുടെ ഉത്പാദനം പരിമിതപ്പെടുത്താന്‍ സഹായിക്കും എന്നാണ് ചില ഗവേഷകര്‍ പറയുന്നത്. റോസ്റ്റ് ചെയ്ത അല്ലെങ്കില്‍ ഗ്രില്‍ ചെയ്ത ചിക്കനേക്കാള്‍, ആവിയില്‍ വേവിച്ച ചിക്കന്‍ കുറഞ്ഞ അപകടകാരിയാണെന്ന് ഗവേഷണങ്ങള്‍ തെളിയിച്ചിട്ടുമുണ്ട്. കൂടുതല്‍ സമയമെടുത്ത്, സാവധാനത്തില്‍, കുറഞ്ഞ ചൂടിലുള്ള പാചകമായിരിക്കും, എ ജി ഇകളുടെ അപകടം തടയുന്നതിനുള്ള ഏറ്റവും മികച്ച വഴി എന്നും ഗവേഷകര്‍ പറയുന്നു.
