ഇടയ്ക്കിടെയുള്ള ജലദോഷം ഒക്കെ പമ്പ കടക്കും; 'വിറ്റാമിൻ ഡി' ലഭിക്കാനായി ചെയ്യേണ്ട ചില കാര്യങ്ങൾ അറിയാം..
ശരീരത്തിൻ്റെ ആരോഗ്യത്തിന് ഒഴിച്ചുകൂടാനാവാത്ത വിറ്റാമിൻ ഡി യുടെ കുറവ് ഇന്ത്യൻ ജനതക്കിടയിൽ വ്യാപകമാണെന്ന് പഠനങ്ങൾ വ്യക്തമാക്കുന്നു. പ്രായഭേദമന്യേ 70 മുതൽ 100 ശതമാനം വരെ ഇന്ത്യക്കാർക്ക് വിറ്റാമിൻ ഡിയുടെ അളവ് കുറവാണെന്ന് കണക്കുകൾ സൂചിപ്പിക്കുന്നു. കാൽസ്യം ആഗിരണത്തിനും ശക്തമായ അസ്ഥികൾ രൂപീകരിക്കുന്നതിനും രോഗപ്രതിരോധ ശേഷി വർദ്ധിപ്പിക്കുന്നതിനും വിറ്റാമിൻ ഡി അനിവാര്യമാണ്.
സൂര്യപ്രകാശം ഏൽക്കുമ്പോഴാണ് ശരീരം വിറ്റാമിൻ ഡി ഉത്പാദിപ്പിക്കുന്നത്. ഇതുകൂടാതെ ചിലതരം ഭക്ഷണങ്ങളിലും വിറ്റാമിൻ ഡി അടങ്ങിയിട്ടുണ്ട്. ശരീരത്തിൽ വിറ്റാമിൻ ഡി യുടെ അളവ് കുറയുന്നത് എല്ലുകൾക്ക് ബലക്ഷയം, റിക്കറ്റുകൾ (കുട്ടികളിൽ), ഓസ്റ്റിയോപൊറോസിസ് (മുതിർന്നവരിൽ), പേശീബലഹീനത എന്നിവയ്ക്ക് കാരണമാകാം. കൂടാതെ, വിറ്റാമിൻ ഡി കുറവ് ഹൃദ്രോഗം, പ്രമേഹം, മാനസികാരോഗ്യ പ്രശ്നങ്ങൾ എന്നിവയ്ക്കുള്ള സാധ്യത വർദ്ധിപ്പിക്കുന്നു. അണുബാധകളെ പ്രതിരോധിക്കുന്നതിലും വിറ്റാമിൻ ഡിക്ക് നിർണായക പങ്കുണ്ട്.
രാവിലെയും ഉച്ചയ്ക്കും 10-20 മിനിറ്റ് നേരം വെയിൽ കൊള്ളുന്നത് ശരീരത്തിൽ വിറ്റാമിൻ ഡി ഉത്പാദിപ്പിക്കാൻ സഹായിക്കും. വിറ്റാമിൻ ഡി സമൃദ്ധമായ ഭക്ഷണങ്ങളിൽ ചിലത് താഴെ പറയുന്നവയാണ്:
*മത്സ്യങ്ങൾ: സാൽമൺ, അയല, ട്യൂണ, സാർഡിൻ തുടങ്ങിയ മത്സ്യങ്ങളിൽ വിറ്റാമിൻ ഡി ധാരാളമായി അടങ്ങിയിട്ടുണ്ട്. ഇവ ഒമേഗ-3 ഫാറ്റി ആസിഡുകൾ നിറഞ്ഞവയാണ്.
*മുട്ടയുടെ മഞ്ഞക്കരു: ആഴ്ചയിൽ രണ്ടോ മൂന്നോ തവണ മുട്ടയുടെ മഞ്ഞക്കരു കഴിക്കുന്നത് വിറ്റാമിൻ ഡി വർദ്ധിപ്പിക്കാൻ സഹായിക്കും.
*കൂണുകൾ: ഷിറ്റേക്ക് പോലുള്ള ചില കൂണുകൾ വിറ്റാമിൻ ഡി 2 യുടെ നല്ല സ്രോതസ്സുകളാണ്. സലാഡുകളിലോ സൂപ്പുകളിലോ ഇവ ഉൾപ്പെടുത്താം.