ഇനി ഒട്ടകം വിചാരിച്ചാൽ 'അൽഷിമേഴ്‌സ്' രോഗം മാറും; ലോകത്തിന് വെളിച്ചമായി ഞെട്ടിപ്പിക്കുന്ന കണ്ടെത്തലുമായി ഗവേഷകർ; ഗുണത്തിൽ കേമൻ; അറിയാം ചിലത്
ഓർമ്മയും ചിന്താശേഷിയും ക്രമേണ നശിപ്പിച്ച് മരണത്തിലേക്ക് നയിക്കുന്ന അൽഷിമേഴ്‌സ് രോഗത്തിന് പ്രതിവിധി കണ്ടെത്താനുള്ള ഗവേഷണത്തിൽ നിർണായക വഴിത്തിരിവ്. മരുഭൂമിയിലെ ജീവിയായ ഒട്ടകങ്ങളിൽ നിന്നും അവയുടെ വർഗ്ഗത്തിൽപ്പെട്ട അൽപഗ, ലാമ എന്നിവയിൽ നിന്നും ലഭിക്കുന്ന 'നാനോബോഡി'ക്ക് തലച്ചോറിനെ സംരക്ഷിക്കാൻ കഴിയുമെന്നാണ് പുതിയ കണ്ടെത്തൽ. ഫ്രാൻസിലെ സെന്റർ നാഷണൽ ഡെ ല റിസെർച്ചെ സൈന്റിഫിക്കിലെ (CNRS) ഗവേഷകരാണ് ഈ കണ്ടെത്തലിന് പിന്നിൽ.
സാധാരണയായി മനുഷ്യരിലെ പ്രതിരോധ സംവിധാനം വൈറസുകൾ ഉൾപ്പെടെയുള്ള അണുക്കളെ നേരിടാൻ ആന്റിബോഡികൾ നിർമ്മിക്കുന്നു. ഇതിനേക്കാൾ ചെറുതും കാര്യക്ഷമവുമായ ഘടനയാണ് നാനോബോഡികൾക്ക്. ഇവയ്ക്ക് തലച്ചോറിനെ ബാധിക്കുന്ന അൽഷിമേഴ്‌സ്, സ്കിസോഫ്രീനിയ പോലുള്ള രോഗങ്ങളിൽ നിന്ന് സംരക്ഷണം നൽകാൻ കഴിവുണ്ടെന്ന് ഗവേഷകർ കണ്ടെത്തി. പ്രകൃതിയിൽ ഒട്ടകങ്ങളുടെ കുടുംബത്തിലും സ്രാവുകളിലുമാണ് ഇത്തരം നാനോബോഡികൾ കാണപ്പെടുന്നത്.
ഗവേഷണശാലകളിൽ ഈ നാനോബോഡികളെ പത്തിരട്ടി ചെറുതാക്കിയാണ് ചികിത്സയ്ക്കായി ഉപയോഗിക്കുന്നത്. പാർശ്വഫലങ്ങൾ കുറഞ്ഞ ചികിത്സ തലച്ചോറിന് നൽകാൻ ഇവ അനുയോജ്യമാണെന്ന് CNRS റിപ്പോർട്ട് ചെയ്യുന്നു. നിലവിൽ ശരീരത്തിലെ മറ്റു നാല് ഭാഗങ്ങളിൽ നാനോബോഡി തെറാപ്പികൾക്ക് അനുമതി ലഭിച്ചിട്ടുണ്ട്. ഇൻഫ്ലുവൻസ എ, ബി, നോറോ വൈറസ്, കോവിഡ്, എച്ച്ഐവി തുടങ്ങിയ രോഗങ്ങൾക്കുള്ള ചികിത്സയിലും ഇവ ഉപയോഗിക്കപ്പെടുന്നുണ്ട്.