ബ്രെസ്റ്റ് ക്യാന്‍സര്‍ ബാധിതര്‍ക്ക് ആശ്വാസ വാര്‍ത്ത! രക്തസമ്മര്‍ദ്ദം കുറയ്ക്കുന്നതിനായി ആളുകള്‍ കഴിക്കുന്ന വില കുറഞ്ഞ മരുന്ന് സ്തനാര്‍ബുദത്തെ ചെറുക്കുമെന്ന് കണ്ടെത്തല്‍

ബ്രെസ്റ്റ് ക്യാന്‍സര്‍ ബാധിതര്‍ക്ക് ആശ്വാസ വാര്‍ത്ത!

Update: 2025-08-22 08:55 GMT

മെല്‍ബണ്‍: ദശലക്ഷക്കണക്കിന് ആളുകള്‍ ഉപയോഗിക്കുന്ന വിലകുറഞ്ഞ മരുന്ന് ഏറ്റവും മാരകമായ സ്തനാര്‍ബുദത്തെ ചെറുക്കുമെന്ന് കണ്ടെത്തല്‍. രക്തസമ്മര്‍ദ്ദം കുറയ്ക്കുന്നതിനായി ആളുകള്‍ കഴിക്കുന്ന വില കുറഞ്ഞ ഒരു മരുന്നാണ് ഏറ്റവും മാരകമായ സ്തനാര്‍ബുദത്തില്‍ നിന്ന് സ്ത്രീകളെ സംരക്ഷിക്കുമെന്ന് പുതിയ ഗവേഷണങ്ങള്‍ സൂചിപ്പിക്കുന്നത്.

മെല്‍ബണിലെ മോനാഷ് സര്‍വകലാശാലയിലെ ശാസ്ത്രജ്ഞര്‍ പറയുന്നത്, സ്ട്രെസ് ഹോര്‍മോണുകളുടെ ഫലങ്ങള്‍ കുറയ്ക്കുന്നതിലൂടെ പ്രവര്‍ത്തിക്കുന്ന ബീറ്റാ ബ്ലോക്കറുകള്‍ ചില രോഗികളില്‍ ട്രിപ്പിള്‍ നെഗറ്റീവ് സ്തനാര്‍ബുദത്തിന്റെ വളര്‍ച്ചയെ തടഞ്ഞേക്കാം എന്നാണ്.

ബീറ്റാ ബ്ലോക്കറുകളും സ്തനാര്‍ബുദവും തമ്മിലുള്ള ബന്ധം ആദ്യമായി ഉയര്‍ന്നുവന്നത് 2023-ലാണ്. എന്നാല്‍ ഇത് എന്തുകൊണ്ടെന്ന് വ്യക്തമല്ല. എന്നാല്‍ ഇപ്പോള്‍, ഗവേഷകര്‍ ഈ സംവിധാനം തിരിച്ചറിഞ്ഞു എന്നാണ് കരുതപ്പെടുന്നത്.

ഒപ്പം സ്തനാര്‍ബുദം പോലെയുള്ള മാരകമായ രോഗത്തിന് കുറഞ്ഞ ചെലവില്‍ ചികിത്സ നല്‍കാനുള്ള സാധ്യതയും തെളിഞ്ഞു. രോഗനിര്‍ണയ ഘട്ടത്തില്‍, ബീറ്റാ ബ്ലോക്കര്‍ തെറാപ്പിയില്‍ നിന്ന് ഏറ്റവും കൂടുതല്‍ പ്രയോജനം ലഭിക്കുന്ന രോഗികള്‍ ആരാണെന്ന് തിരിച്ചറിയാന്‍ പുതിയ കണ്ടെത്തല്‍ ഡോക്ടര്‍മാരെ സഹായിക്കുമെന്നാണ് ഗവേഷകര്‍ പറയുന്നത്. ട്രിപ്പിള്‍ നെഗറ്റീവ് സ്തനാര്‍ബുദമുള്ളവരുടെ മരണനിരക്കില്‍ ഗണ്യമായ കുറവുണ്ടായത് ബീറ്റാ ബ്ലോക്കറുകളുമായി ബന്ധപ്പെട്ടിരിക്കുന്നു എന്നാണ് മനസിലാക്കുന്നത്.

യു.കെയിലെ ഏഴ് സ്ത്രീകളില്‍ ഒരാള്‍ക്ക് വീതം സ്തനാര്‍ബുദം ബാധിക്കുന്നുണ്ട്. ഇത് യുകെയിലെ ഏറ്റവും സാധാരണമായ കാന്‍സറായി മാറിയിരിക്കുകയാണ്. സ്തനാര്‍ബുദം കണ്ടെത്തിയ സ്ത്രീകളില്‍ ഏകദേശം 85 ശതമാനം പേരും രോഗനിര്‍ണ്ണയത്തിന് ശേഷം അഞ്ച് വര്‍ഷത്തില്‍ കൂടുതല്‍ അതിജീവിക്കുന്നു. എന്നാല്‍ യുകെയിലെയും യുഎസിലും കാണപ്പെടുന്ന ട്രിപ്പിള്‍ നെഗറ്റീവ് സ്തനാര്‍ബുദം ചികിത്സിക്കാന്‍ വളരെ വെല്ലുവിളി നിറഞ്ഞതാണ്.

സാധാരണയായി, ഇത് മറ്റ് സ്തനാര്‍ബുദ തരങ്ങളെ അപേക്ഷിച്ച് വേഗത്തില്‍ വളരുകയും പടരുകയും ചെയ്യുന്നു. ഇതിനുള്ള ഒരു കാരണം, മറ്റ് സ്തനാര്‍ബുദങ്ങളെപ്പോലെ തന്നെ ഇത് ഈസ്ട്രജന്‍ പോലുള്ള ഹോര്‍മോണുകളുമായി ഇടപഴകുന്നില്ല എന്നതാണ്. ട്രിപ്പിള്‍ നെഗറ്റീവ് സ്തനാര്‍ബുദമുള്ള സ്ത്രീകളില്‍ ശരാശരി 77 ശതമാനം പേരും രോഗനിര്‍ണയം നടത്തിയതിന് ശേഷം അഞ്ച് വര്‍ഷമോ അതില്‍ കൂടുതലോ കാന്‍സറിനെ അതിജീവിക്കാറുണ്ട് എന്നാണ് ഗവേഷകര്‍ പറയുന്നത്.

Tags:    

Similar News