രക്തസമ്മര്‍ദ്ദം കുറയ്ക്കുന്നതിനായി നമ്മള്‍ സ്വീകരിക്കുന്ന ഭക്ഷണക്രമവും ടൈപ്പ് ടൂ പ്രമേഹം വരാതെ തടയാന്‍ സഹായകരം; ടൈപ്പ് ടൂ ഇനത്തില്‍ പെട്ട പ്രമേഹം തടയുന്നതിന് സഹായകരമായ ചില ഭക്ഷണ സാധനങ്ങളുടെ പട്ടിക ഇങ്ങനെ

Update: 2025-08-01 08:34 GMT

ടൈപ്പ് ടൂ ഇനത്തില്‍ പെട്ട പ്രമേഹം തടയുന്നതിന് സഹായകരമായ ചില ഭക്ഷണ സാധനങ്ങളുടെ പട്ടിക പുറത്തു വിട്ടിരിക്കുകയാണ് ആരോഗ്യ മേഖലയിലെ ഒരു സംഘം ഗവേഷകര്‍. കൂടുതല്‍ പഴങ്ങള്‍, പച്ചക്കറികള്‍, ധാന്യങ്ങള്‍ എന്നിവ കഴിക്കുന്നതില്‍ എല്ലാവരും ശ്രദ്ധ കേന്ദ്രീകരിക്കണം എന്നാണ് ഇവര്‍ നിര്‍ദ്ദേശിക്കുന്നത്. കേംബ്രിഡ്ജ് സര്‍വകലാശാലയിലെ ഗവേഷകര്‍ 826,000 പേരിലാണ് ഈ പഠനം നടത്തിയത്.

വ്യത്യസ്ത ഭക്ഷണക്രമങ്ങളെക്കുറിച്ചുള്ള 33 പഠനങ്ങളാണ് ഇവര്‍ വിശകലനം ചെയ്തത്. ഒലിവ് ഓയില്‍, പച്ചക്കറികള്‍, പഴങ്ങള്‍, നട്‌സ്, മത്സ്യം എന്നിവ ഉള്‍പ്പെടുത്തിയുള്ള മെഡിറ്ററേനിയന്‍ ഭക്ഷണക്രമം ആരോഗ്യത്തിന് ഏറെ നല്ലതാണ്. പഴങ്ങള്‍, പച്ചക്കറികള്‍, ധാന്യങ്ങള്‍, ആരോഗ്യകരമായ പ്രോട്ടീനുകള്‍, എണ്ണകള്‍ എന്നിവയുടെ പ്രാധാന്യം ഊന്നിപ്പറയുന്ന ആള്‍ട്ടര്‍നേറ്റീവ് ഹെല്‍ത്തി ഈറ്റിംഗ് ഇന്‍ഡെക്സാണ് അടുത്തത്. ഈ ഭക്ഷണക്രമങ്ങള്‍ പാലിച്ചവരില്‍ ഏറ്റവും മികച്ച 10 ശതമാനം പേര്‍ക്ക് അവരുടെ താഴെയുള്ള 10 ശതമാനത്തേക്കാള്‍ ടൈപ്പ് 2 പ്രമേഹ സാധ്യത വളരെ കുറവാണെന്ന് പഠനം കണ്ടെത്തിയിരുന്നു.

രക്തസമ്മര്‍ദ്ദം കുറയ്ക്കുന്നതിനായി നമ്മള്‍ സ്വീകരിക്കുന്ന ഭക്ഷണക്രമവും ടൈപ്പ് ടൂ പ്രമേഹം വരാതെ തടയാന്‍ സഹായകരമാണ്. ഉപ്പും കൊളസ്ട്രോളും എല്ലാം വളരെ കുറഞ്ഞ അളവിലുള്ള ഭക്ഷണരീതി പ്രമേഹത്തെയും ഒപ്പം തടഞ്ഞു നിര്‍ത്തും. ഇന്‍സുലിന്‍ എന്ന ഹോര്‍മോണ്‍ ശരിയായി പ്രവര്‍ത്തിക്കാത്തതും ഇത് രക്തത്തിലെ പഞ്ചസാരയുടെ തോത് ഉയര്‍ത്തുന്നതുമാണ് ടൈപ്പ് 2 പ്രമേഹം ഉണ്ടാകാനുള്ള പ്രധാന കാരണം. പ്രമേഹത്തിന്റെ അളവ് കുറയ്ക്കുന്നതിനും മരുന്നുകള്‍ ഒഴിവാക്കുന്നതിനും സഹായിക്കുന്ന ആരോഗ്യകരമായ ഭക്ഷണക്രമം, വ്യായാമം തുടങ്ങിയ ജീവിതശൈലി മാറ്റങ്ങള്‍ ഈ ചികിത്സയില്‍ ഉള്‍പ്പെടുത്താവുന്നതാണ്.

ഓരോ വംശീയ വിഭാഗങ്ങളും അവരവരുടെ ഭക്ഷണക്രമങ്ങളാണ് എത്രയോ കാലമായി പിന്തുടരുന്നത്. ഇക്കാര്യം കൃത്യമായി പാലിക്കുന്നത് അവരുടെ ആരോഗ്യം മെച്ചപ്പെടുത്തുന്നതില്‍ പ്രധാന പങ്ക് വഹിക്കും എന്നാണ് ഗവേഷകര്‍ പറയുന്നത്. അടുത്ത മാസം വിയന്നയില്‍ നടക്കുന്ന യൂറോപ്യന്‍ അസോസിയേഷന്‍ ഫോര്‍ ദി സ്റ്റഡി ഓഫ് ഡയബറ്റിസില്‍ ഈ കണ്ടെത്തലുകള്‍ അവതരിപ്പിക്കും.

Similar News