ജോജോ ദേവസി ലിമെറിക്കിലെ പീസ് കമ്മീഷണര്‍; അയര്‍ലണ്ട് മലയാളി സമൂഹത്തിന് വീണ്ടും ഐറീഷ് സര്‍ക്കാരിന്റെ അംഗീകാരം
ലിമെറിക്ക്: ലിമെറിക്കില്‍ പീസ് കമ്മീഷണറായി ജോജോ ദേവസിയെ സര്‍ക്കാര്‍ നിയമിച്ചു.അയര്‍ലണ്ടിലെ ലിമെറിക്കില്‍ താമസിക്കുന്ന കൊരട്ടി,തിരുമുടിക്കുന്ന് ചിറയ്ക്കല്‍ ദേവസ്സി-ത്രേസ്യ ദമ്പതികളുടെ മകനായ ജോജോ ദേവസിക്കാണ് ഡിപ്പാര്‍ട്ടമെന്റ് ഓഫ് ജസ്റ്റിസ്, പീസ് കമ്മീഷണര്‍ സ്ഥാനം നല്‍കിയത്. ഇത് സംബന്ധിച്ച ഉത്തരവ് മിനിസ്റ്റര്‍ ഓഫ് ജസ്റ്റിസ് TD Niall Collines ജോജോ ദേവസിക്ക് കൈമാറി.
ലിമെറിക്ക് കൗണ്ടിയില്‍ പ്രവര്‍ത്തനാധികാരമുള്ള ചുമതലയാണ് ജോജോ ദേവസിക്ക് ലഭിച്ചിരിക്കുന്നത്. അയര്‍ലണ്ടിലെ വിവിധ സേവനങ്ങള്‍ക്കു ആവശ്യമായ രേഖകളും , സര്‍ട്ടിഫിക്കറ്റുകളും സാക്ഷ്യപെടുത്തുക, ഓര്‍ഡറുകള്‍ ഒപ്പിടുക എന്നിവയാണ് പീസ് കമ്മീഷണറുടെ പ്രധാന ചുമതലകള്‍. അത്യാവശ്യമായ സാഹചര്യങ്ങളില്‍ സമന്‍സും വാറന്റുകളും പുറപ്പെടുവിക്കാനുള്ള അധികാരവും പീസ് കമ്മീഷണര്‍മാര്‍ക്ക് സര്‍ക്കാര്‍ നല്‍കിയിട്ടുണ്ട്.
ഭക്ഷ്യ ശുചിത്വ ചട്ടങ്ങള്‍ പ്രകാരം മനുഷ്യ ഉപഭോഗത്തിന് അനുയോജ്യമല്ലാത്ത ഭക്ഷണം നശിപ്പിക്കുന്നതിനോ നീക്കം ചെയ്യുന്നതിനോ ഉള്ള സര്‍ട്ടിഫിക്കറ്റുകളിലും ഉത്തരവുകളിലും ഒപ്പിടാന്‍ അയര്‍ലണ്ടിലെ പീസ് കമ്മീഷണര്‍മാര്‍ക്ക് അധികാരമുണ്ട്.
2005 ഇല്‍ ലിമെറിക്കില്‍ എത്തിയ ജോജോ അക്കാലംമുതല്‍ ലിമെറിക്കിലെ ആരോഗ്യമേഖലയില്‍ ജോലി ചെയ്ത് വരുന്നു.അതുപോലെ കഴിഞ്ഞ പത്തുവര്‍ഷത്തിലേറെയായി ലിമെറിക്ക് സെന്റ് മേരീസ് സിറോ മലബാര്‍ ചര്‍ച്ചിലെ കമ്മറ്റി മെമ്പറായും,പലതവണ കൈക്കാരനായും പ്രവര്‍ത്തിച്ചിട്ടുള്ള ജോജോ വേദപാഠ അധ്യാപകന്‍,സെക്രട്ടറി എന്നീ നിലകളിലും കഴിവ് തെളിയിച്ച ആളാണ്.ഒപ്പം സീറോ മലബാര്‍ ചര്‍ച്ച് സെന്‍ട്രല്‍ കമ്മറ്റി മെമ്പറായും പ്രവര്‍ത്തിച്ചിട്ടുണ്ട്.
കൂടാതെ സെന്റ് പോള്‍സ് ചര്‍ച്ച് Dooradoyle eucharist മെമ്പറും,വിന്‍സന്റ് ഡി പോള്‍ സൊസൈറ്റിയുടെ സജീവ പ്രവത്തകനുമായിരുന്നു ജോജോ ദേവസ്സി.പ്രൊഫ്രെഷണല്‍ വിദ്യാഭ്യാസത്തോടൊപ്പം തിയോളജിയില്‍ മാസ്റ്റേഴ്‌സ് ഡിഗ്രിയും കരസ്ഥമാക്കിയിട്ടുണ്ട്.ഇങ്ങനെ സഭാ ശുസ്രൂഷകന്‍ എന്ന നിലയില്‍ തന്റെതായ വ്യക്തിമുദ്ര പതിപ്പിച്ച വ്യക്തിയാണ് ജോജോ ദേവസി.
ലിമെറിക്ക് യൂണിവേഴ്‌സിറ്റി ഹോസ്പിറ്റലില്‍ നഴ്‌സായി ജോലിചെയ്യുന്ന ഷൈനി ഭാര്യയും,Joylin ,Jovin എന്നിവര്‍ മക്കളുമാണ്.
വാര്‍ത്ത: ജോബി മാനുവല്‍
