ആര്‍ട്ടിസ്റ്റ് കേശവന്‍ സ്മാരക പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു; അംഗീകാരത്തിന്റെ നിറവില്‍ കുവൈത്തില്‍ നിന്നും ബാബുജി ബത്തേരി

Update: 2025-06-10 14:43 GMT

നാടകരംഗത്ത് സമഗ്രസംഭാവനകള്‍ നല്‍കുന്ന വ്യക്തിത്വങ്ങള്‍ ആണു എല്ലാ വര്‍ഷവും ആര്‍ട്ടിസ്റ്റ് കേശവന്‍ സ്മാരക അവാര്‍ഡുകള്‍ക്ക് അര്‍ഹര്‍ ആകുന്നത്. നാടക രചയിതാവും സംവിധായകനും സാമൂഹ്യപ്രവര്‍ത്തകനും കുവൈത്ത് പ്രവാസികള്‍ക്കിടയിലെ നിറസാനിധ്യവുമായ ബാബുജി ബത്തേരി, നാടകനടനും സംവിധായകനും ഗ്രന്ഥകാരനുമായ മീനമ്പലം സന്തോഷ്, നാടക സംവിധായകനും അധ്യാപകനും ആയ അന്‍സാര്‍ ഇബ്രാഹിം എന്നിവര്‍ ആണു ഈ വര്‍ഷത്തെ പുരസ്‌കാര ജേതാക്കള്‍.

25,000 രൂപയും ശില്‍പവും പ്രശസ്തിപത്രവും അടങ്ങുന്ന പുരസ്‌കാരം ജൂണ്‍ 22നു കോട്ടയം കെ.പി. എസ്. മേനോന്‍ ഹാളില്‍ നടക്കുന്ന ആത്മസിംഫണി വേദിയില്‍ വച്ച് ബഹു. സഹകരണ-തുറമുഖ-രെജിസ്‌റ്റ്രേഷന്‍ വകുപ്പ് മന്ത്രി വി.എന്‍ വാസവന്‍ ജേതാക്കള്‍ക്ക് സമര്‍പ്പിക്കും. തുടര്‍ന്ന് കൈതപ്രത്തിന്റെ രചനയില്‍, സംഗീത സംവിധായകര്‍ ഈണം നല്‍കിയ ഗാനങ്ങളുമായ് കൈതപ്രം സംഗീത നിശയുമുണ്ടായിരിക്കുന്നതാണു എന്ന് സംഘാടകര്‍ അറിയിക്കുന്നു.

നീതിമാന്റെ സിംഹാസനം, ഒരു വടക്കന്‍ വീരഗാഥ, സാന്റാ ദി റീഡൈമര്‍, ഒഥല്ലോ, മാക്ബത്ത് തുടങ്ങി ഒരുപാട് നാടകങ്ങളും തനിമ കുവൈത്തിന്റെ സംഘാടകന്‍ എന്ന നിലയില്‍ മെഗാ പ്രോഗ്രാമുകളും സാമൂഹ്യപരിപാടികളും സേവനപ്രവര്‍ത്തനങ്ങളും ബാബുജി ബത്തേരിയിലൂടെ പ്രവാസികള്‍ക്ക് ലഭ്യമായിട്ടുണ്ട്. 

Similar News