ഐ.ഐ.സി സൗഹൃദ ഇഫ്ത്വാര്‍ ഇതര മതസ്ഥരുടെ സംഗമവേദിയായി
കുവൈത്ത് സിറ്റി : ഇതര മതസ്ഥര്‍ക്കായി ഇന്ത്യന്‍ ഇസ്ലാഹി സെന്റര്‍ കേന്ദ്ര കമ്മിറ്റി ഫര്‍വാനിയ ദുവൈഹി പാലസ് റെസ്റ്റോറന്റില്‍ സംഘടിപ്പിച്ച സൗഹൃദ സംഗമം ശ്രദ്ധേയമായി. അമ്പതിലധികം ഇതര മതസ്ഥര്‍ സംഗമത്തില്‍ പങ്കെടുത്തു.
ഇസ്ലാം സാഹോദര്യ മൂല്യം കാത്തുസൂക്ഷിക്കുന്ന മതമാണ്. പരസ്പരമുള്ള കലഹങ്ങളെക്കാള്‍ നമുക്ക് വേണ്ടത് പരസ്പരമുള്ള കൂടിയിരുത്തങ്ങളും ആരോഗ്യപരമായ ചര്‍ച്ചകളുമാണെന്ന് അതിഥിയായി എത്തിയ സാജിദ് റഹ്മാന്‍ ഫാറൂഖി വിശദീകരിച്ചു. സൗഹൃദ സംഗമത്തില്‍ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.
ഇസ്ലാം മുന്നോട്ട് വെക്കുന്നത് എല്ലാവരും ഒരു ദൈവത്തില്‍ നിന്ന് വന്നവരും ആ ദൈവത്തിലേക്ക് തന്നെ തിരിച്ചു പോകേണ്ടവരുമാണെന്നാണ്.
ആളുകള്‍ക്കിടയില്‍ തെറ്റിദ്ധരിക്കപ്പെടുന്നത് വാക്കുകളുടെ പ്രയോഗവും അതിന്റെ കൃത്യമായ അര്‍ഥങ്ങള്‍ മനസ്സിലാക്കുന്നതിടതുള്ള പരാജയവുമാണ്. കാഫിര്‍, ജിഹാദ്, മുശ്രിക് തുടങ്ങിയ പദങ്ങളെ അതിന്റെ തനതായ അര്‍ത്ഥത്തില്‍ നിന്ന് വായിക്കാന്‍ സാധിക്കാതെ പോകുമ്പോള്‍ തെറ്റിദ്ധാരണകള്‍ ഉണ്ടാവുന്നു. ലോകത്തേക്ക് വന്ന എല്ലാ പ്രവാചകന്മാരും മനുഷ്യരെ സംസ്‌കരിച്ചു ഏക ദൈവത്തിലേക്ക് ക്ഷണിക്കാന്‍ വന്നവരാണ്.അന്ത്യമ വേദമാണ് വിശുദ്ധ ഖുര്‍ആന്‍. അത് ലോക മനുഷ്യര്‍ക്ക് വേര്‍വഴി കാണിച്ചു തരുന്നു. സാജിദ് റഹ്മാന്‍ ഫാറൂഖി സൂചിപ്പിച്ചു.
ഐ.ഐ.സി ജനറല്‍ സെക്രട്ടറി യൂനുസ് സലീം അധ്യക്ഷത വഹിച്ചു. ചര്‍ച്ചയില്‍ ഫിലിപ്പ് തോമസ്, ശ്രീജിത്ത് താമരശ്ശേരി എന്നിവര്‍ സംസാരിച്ചു. ക്വിസ്സ് മത്സരത്തിന് ഷഹാസ് മൊയ്തുണ്ണി നേതൃത്വം നല്‍കി. അസ്ഹര്‍ ഖിറാഅത്തും പരിഭാഷ മുനീര്‍ കൊണ്ടോട്ടിയും നിര്‍വ്വഹിച്ചു. നബീല്‍ ഹമീദ്, മനാഫ് കൈപമംഗലം അബ്ദുല്‍ ഗഫൂര്‍ പെരുമ്പിലാവ്, ഇമ്രാന്‍ നൗഷാദ് എന്നിവര്‍ നേതൃത്വം നല്‍കി.