ദൈവികതയും മാനവികതയും വിളക്കിച്ചേര്‍ത്ത ചെറിയ പെരുന്നാള്‍
കുവൈത്ത് സിറ്റി : ചെറിയ പെരുന്നാള്‍ ആഘോഷം ദൈവികതയും മാനവികതയും വിളക്കിച്ചേര്‍ത്തതാണെന്നും ഒരു മാസത്തെ നോമ്പിന്റെ വിശുദ്ധിയുടെ നിറവിലൂടെ സ്വീകരിച്ച ശക്തിയും സഹിഷ്ണുതയും നല്‍കിയതിന് അല്ലാഹുവിനെ ബഹുമാനിക്കുന്നതിനായി നാം ആഘോഷിക്കുന്ന ഈദ് അല്‍ ഫിത്തറിലൂടെ ഭക്തിപൂര്‍വ്വം മുന്നോട്ട് പോകാന്‍ വിശ്വാസി സമൂഹം തയ്യാറാകണമെന്ന് ഈദ് സന്ദേശത്തിലൂടെ ഐ.ഐ.സി ഖത്തീബുമാര്‍ വിശദീകരിച്ചു.
കുവൈത്ത് ഔക്കാഫ് മതകാര്യ വകുപ്പിന് കീഴില്‍ ഇന്ത്യന്‍ ഇസ്ലാഹി സെന്റര്‍ സാല്‍മിയ മലയാളം ഖുതുബ നടക്കുന്ന മസ്ജിദ് അല്‍ വുഐബില്‍ നടന്ന പെരുന്നാള്‍ നമസ്‌കാരത്തിന് സാജിദ് റഹ്മാന്‍ ഫാറൂഖി നേതൃത്വം നല്‍കി. മങ്കഫിലെ മസ്ജിദ് ഫാത്തിമ്മ അല്‍ അജ്മിയില്‍ മൌലവി അബ്ദുന്നാസര്‍ മുട്ടിലും മഹ്ബൂല ഓള്‍ഡ് എന്‍.എസ്.സി ക്യാമ്പ് മസ്ജിദില്‍ മുഹമ്മദ് ഷാനിബും പെരുന്നാള്‍ നമസ്‌കാരത്തിനും ഖുതുബയ്ക്കും നേതൃത്വം നല്‍കി. സ്ത്രീകളും കുട്ടികളുമടക്കം നൂറ് കണക്കിന് ആളുകള്‍ പങ്കെടുത്തു. ഈദ് സന്ദേശ ലഘുലേഖയും മധുരവും വിതരണം ചെയ്തു.