കെ.ടി.എം.സി.സി ടാലെന്റ് ടെസ്റ്റ് സെപ്റ്റംബര്‍ 4 ന്

Update: 2025-08-18 13:50 GMT

കുവൈറ്റ് സിറ്റി: കുവൈറ്റ് ടൗണ്‍ മലയാളി ക്രിസ്ത്യന്‍ കോണ്‍ഗ്രിഗേഷന്‍ (കെ.ടി.എം.സി.സി) യുടെ 10-മത് ടാലെന്റ് ടെസ്റ്റ് സെപ്റ്റംബര്‍ മാസം നാലാം തീയതി വ്യാഴാഴ്ച സംഘടിപ്പിക്കും.

എന്‍.ഈ.സി.കെ അങ്കണത്തില്‍ വിവിധ വേദികളിലായി രാവിലെ 8 നു ആരംഭിക്കുന്ന മത്സരത്തില്‍ എന്‍.ഈ.സി.കെയിലും അഹമ്മദി സെന്റ് പോള്‍സിലും ഉള്‍പ്പെട്ട മാര്‍ത്തോമാ, സി.എസ്.ഐ, ഇവാഞ്ചലിക്കല്‍, ബ്രദറണ്‍, പെന്തക്കോസ്ത് സഭകളിലുള്ള 34 സഭകളില്‍ നിന്നായി 500 ല്‍ പരം മത്സരാര്‍ത്ഥികള്‍ മാറ്റുരയ്ക്കും.

സംഗീതം, സമൂഹഗാനം, പ്രസംഗം, ചെറുകഥ, വാദ്യോപകരണം, ഉപന്യാസം, ക്വിസ്, ചിത്രരചന, ഫോട്ടോഗ്രാഫി തുടങ്ങിയ ഇനങ്ങളില്‍ മത്സരങ്ങള്‍ ഉണ്ടാകും. മത്സര ദിനത്തെ ആസ്പദമാക്കി വീഡിയോ ന്യൂസ് ബുള്ളറ്റിന്‍ മത്സരവും ഉണ്ടാകും. പ്രായം അടിസ്ഥാനമാക്കി 3 ഗ്രൂപ്പുകളിലാകും മത്സരം. പരിപാടി ഹാര്‍വെസ്‌റ് ടി.വി. തല്‍സമയം സംപ്രേഷണം ചെയ്യും.

കെ.ടി.എം.സി.സി സണ്‍ഡേ സ്‌കൂളിന്റെ നേതൃത്വത്തില്‍ 70ല്‍ പരം സണ്‍ഡേസ്‌കൂള്‍ പ്രവര്‍ത്തകര്‍ അണിനിരന്നു കൊണ്ട് കെ.ടി.എം.സി.സി ഓഫീസില്‍ നിന്ന് ആരംഭിക്കുന്ന ദീപശിഖാ റാലി എന്‍.ഈ.സി.കെ യുടെ വ്യത്യസ്ത കോണുകളിലൂടെ പ്രയാണം ചെയ്ത് ചര്‍ച്ച് ആന്‍ഡ് പാരിഷ് ഹാളിന്റെ മുന്‍പില്‍ ഒരുക്കുന്ന ഉദ്ഘാടന വേദിയില്‍ എത്തുന്നതോടുകൂടിയാണ് ഈ വര്‍ഷത്തെ ടാലെന്റ് ടെസ്റ്റിന് ഔപചാരികമായ ഉദ്ഘാടനം കുറിക്കുന്നത്.

എന്‍. ഈ. സി .കെ ചെയര്‍മാന്‍ റവ .ഇമ്മാനുവേല്‍ ഗരീബ് ഉദ്ഘാടനം ചെയ്യും . ഉച്ചയ്ക്ക് 1 മണിക്ക് നടക്കുന്ന സമാപന സമ്മേളനത്തില്‍ സെന്റ് തോമസ് ഇവാഞ്ചലിക്കല്‍ ചര്‍ച്ച് ഓഫ് ഇന്ത്യയുടെ പ്രിസൈഡിങ് ബിഷപ്പ് മോസ്റ്റ്. റവ. ഡോ. തോമസ് എബ്രഹാം തിരുമേനി ഉദ്ഘാടനം ചെയ്യും. വിശിഷ്ട അതിഥികള്‍ക്ക് പുറമെ വിവിധ സഭകളില്‍ നിന്നുള്ള ആത്മീയ നേതൃത്വവും, സാമൂഹിക സാംസ്‌കാരിക നേതാക്കളും പങ്കെടുക്കും , വിജയികള്‍ക്കുള്ള സമ്മാനങ്ങളും വിതരണം ചെയ്യും.

ടാലെന്റ് ടെസ്റ്റിന്റെ വിജയത്തിനായി ഷിജോ തോമസ് (ജനറല്‍ കണ്‍വീനര്‍), ഷിബു വി. സാം (പ്രോഗ്രാം കോര്‍ഡിനേറ്റര്‍), വര്‍ഗീസ് മാത്യു (പ്രസിഡന്റ്), അജോഷ് മാത്യു (സെക്രട്ടറി), ടിജോ സി . സണ്ണി (ട്രെഷറര്‍), റോയ് കെ. യോഹന്നാന്‍ (എന്‍. ഈ. സി. കെ സെക്രട്ടറി), സജു വാഴയില്‍ തോമസ്, ദീപക് ഫിലിപ്പ് തോമസ്, റെജു ഡാനിയേല്‍ ജോണ്‍, ജിനോ അരീക്കല്‍ എന്നിവരുടെ നേതൃത്വത്തില്‍ 100 അംഗ കമ്മറ്റി പ്രവര്‍ത്തിക്കുന്നു.

Tags:    

Similar News