രഹസ്യവിവരത്തിൽ പരിശോധന; പിടിച്ചെടുത്തത് 5 ലക്ഷം ക്യാപ്റ്റഗൺ ഗുളികകളും ആയുധങ്ങളും; രണ്ട് പേർ അറസ്റ്റിൽ
കുവൈത്ത് സിറ്റി: രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിൽ കുവൈത്തിൽ മയക്കുമരുന്നുകളും ആയുധങ്ങളും പിടികൂടി. സംഭവവുമായി ബന്ധപ്പെട്ട് രണ്ടുപേരെ അധികൃതർ അറസ്റ്റ് ചെയ്തു. കുവൈത്തിലെ ജനറൽ ഡിപ്പാർട്ട്‌മെന്റ് ഫോർ ഡ്രഗ് കൺട്രോളിന്റെ നേതൃത്വത്തിൽ നടത്തിയ നീണ്ട അന്വേഷണത്തിനും നിരീക്ഷണങ്ങൾക്കും ഒടുവിലാണ് ഈ നടപടി.
പൊതു പ്രോസിക്യൂഷന്റെ അനുമതിയോടെ, സുരക്ഷാ ഉദ്യോഗസ്ഥർ സാൽമിയയിൽ നടത്തിയ റെയ്ഡിലാണ് പ്രതികളെ പിടികൂടിയത്. ഇവരിൽ നിന്ന് ഏകദേശം 5,00,000 ക്യാപ്റ്റഗൺ ഗുളികകളും 1,00,000 ലൈറിക കാപ്സ്യൂളുകളും പിടിച്ചെടുത്തു. കൂടാതെ, വെടിയുണ്ടകളുള്ള രണ്ടു തോക്കുകളും സംഘത്തിൽ നിന്ന് കണ്ടെടുത്തു.
അയൽരാജ്യത്തുനിന്നുള്ള രഹസ്യവിവരമാണ് ഈ നീക്കങ്ങൾക്ക് പിന്നിൽ. കുവൈത്തിലേക്ക് വൻതോതിൽ മയക്കുമരുന്ന് എത്താൻ സാധ്യതയുണ്ടെന്ന് ലഭിച്ച സൂചനയെ തുടർന്ന് സുരക്ഷാ നിരീക്ഷണം ശക്തമാക്കുകയും സംശയിക്കുന്നവരെ നിരീക്ഷിക്കുകയും ചെയ്തു. മയക്കുമരുന്ന് കേസുകളിൽ മുമ്പ് ശിക്ഷിക്കപ്പെട്ടവരാണ് ഇതിന് പിന്നിലെന്ന് പ്രാഥമിക അന്വേഷണത്തിൽ കണ്ടെത്തുകയായിരുന്നു. പിടിയിലായവർ അനധികൃത താമസക്കാരാണെന്നും അധികൃതർ സ്ഥിരീകരിച്ചു.