കുവൈത്തിൽ വിഷമദ്യ ദുരന്തം: 10 പ്രവാസികൾ മരിച്ചു; നിരവധി പേർ ഗുരുതരവാസ്ഥയിൽ; മലയാളികളും ഉണ്ടെന്ന് സൂചന
കുവൈത്ത് സിറ്റി: കുവൈത്തിൽ വിഷമദ്യം കഴിച്ച് പത്ത് പ്രവാസികൾ മരിച്ചു. മരിച്ചവരിൽ മലയാളികളും ഉൾപ്പെട്ടതായി പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. വിഷബാധയേറ്റ നിരവധി പേർ ഗുരുതരാവസ്ഥയിൽ ആശുപത്രികളിൽ ചികിത്സയിൽ കഴിയുകയാണ്.
കഴിഞ്ഞ ഞായറാഴ്ചയാണ് വിഷബാധയേറ്റ നിലയിൽ ഏകദേശം 15 പ്രവാസികളെ ഫർവാനിയ, അദാൻ ആശുപത്രികളിൽ പ്രവേശിപ്പിച്ചത്. ചികിത്സയിലിരിക്കെയാണ് കഴിഞ്ഞ ദിവസങ്ങളിലായി പത്തുപേർ മരിച്ചു. ജലീബ് അൽ-ഷുയൂഖ് ബ്ലോക്ക് നാലിൽ നിന്ന് വാങ്ങിയ മദ്യമാണ് ദുരന്തത്തിന് കാരണമായതെന്നാണ് വിവരം.
പ്രാഥമിക പരിശോധനയിൽ മദ്യത്തിൽ നിന്നുള്ള വിഷബാധയാണ് മരണകാരണമെന്ന് അധികൃതർ സ്ഥിരീകരിച്ചിട്ടുണ്ട്. അഹമ്മദി ഗവർണറേറ്റിലും സമാനമായ രീതിയിൽ വിഷമദ്യം കഴിച്ച നിരവധിപ്പേർ ഗുരുതരാവസ്ഥയിലാണെന്ന് റിപ്പോർട്ടുകളുണ്ട്. സംഭവത്തിൽ കൂടുതൽ വിവരങ്ങൾ ലഭ്യമാകുന്നതേയുള്ളൂവെന്നും അന്വേഷണം പുരോഗമിക്കുകയാണെന്നും അധികൃതർ അറിയിച്ചു.