ആളുകളുടെ ജീവൻ രക്ഷിക്കുന്നതിനിടയിൽ പറ്റിയത്; ഇറാന്റെ ഡ്രോൺ ആക്രമണത്തിൽ പരിക്കേറ്റ സൈനികരെ കാണാൻ ആശുപത്രിയിലേക്ക് ഓടിയെത്തി നാഷണൽ ഗാർഡ് മേധാവി
കുവൈറ്റ്: ഡ്രോൺ ആക്രമണത്തിൽ പരിക്കേറ്റ നാഷണൽ ഗാർഡ് അംഗങ്ങളെ കുവൈത്ത് നാഷണൽ ഗാർഡിന്റെ മേധാവി ശൈഖ് മുബാറക് ഹമൂദ് അൽ-ജാബർ അൽ-സബാഹ് വെള്ളിയാഴ്ച ജാബർ അൽ-അഹ്മദ് ആശുപത്രിയിൽ സന്ദർശിച്ചു. വെടിനിർത്തൽ ധാരണ പ്രഖ്യാപിച്ചതിന് ശേഷം കുവൈത്തിനെ ലക്ഷ്യമിട്ടുണ്ടായ മിസൈൽ-ഡ്രോൺ ആക്രമണത്തിൽ നാഷണൽ ഗാർഡിന്റെ ഒരു സൈറ്റിന് വലിയ നാശനഷ്ടമുണ്ടായതായും സൈനികർക്ക് പരിക്കേറ്റതായും ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചു. സംഭവത്തിൽ ആളപായമൊന്നും രേഖപ്പെടുത്തിയിട്ടില്ല.
പരിക്കേറ്റ സൈനികരുടെ ആരോഗ്യനില നിരന്തരം നിരീക്ഷിക്കുമെന്നും ആവശ്യമായ മുഴുവൻ ചികിത്സയും ഉറപ്പാക്കുമെന്നും ശൈഖ് മുബാറക് ഹമൂദ് അൽ-ജാബർ അൽ-സബാഹ് വ്യക്തമാക്കി. രാജ്യത്തിനായി സേവനം ചെയ്യുന്നതിനിടെ സൈനികർ കാണിച്ച ധൈര്യത്തെയും അർപ്പണബോധത്തെയും അദ്ദേഹം പ്രശംസിച്ചു. രാജ്യത്തിന്റെയും ജനങ്ങളുടെയും സുരക്ഷ ഉറപ്പാക്കാൻ നാഷണൽ ഗാർഡ് പൂർണ സജ്ജതയിലും ജാഗ്രതയിലുമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പരിക്കേറ്റവർക്ക് വേഗത്തിൽ സുഖം പ്രാപിക്കട്ടെ എന്നും കുവൈത്തും അതിന്റെ നേതൃത്വവും ജനങ്ങളും സുരക്ഷിതരായിരിക്കട്ടെ എന്നും അദ്ദേഹം പ്രാർത്ഥിച്ചു.
ആക്രമണത്തിന് പിന്നാലെ, ബന്ധപ്പെട്ട അധികൃതർ സംഭവത്തിൽ നടപടികൾ ആരംഭിച്ചതായി ജനറൽ ഡോ. ജദ്ആൻ ഫാദൽ പ്രസ്താവനയിൽ അറിയിച്ചു. രാജ്യത്തിന്റെ പ്രധാന അടിസ്ഥാന സൗകര്യങ്ങൾ സംരക്ഷിക്കുന്നതിനായി നാഷണൽ ഗാർഡ് സേന ഉയർന്ന ജാഗ്രതയിലും പൂർണ്ണ സജ്ജതയിലും തുടരുകയാണെന്ന് അദ്ദേഹം വ്യക്തമാക്കി.
സൈന്യം, പോലീസ്, ജനറൽ ഫയർ ഫോഴ്‌സ് എന്നിവയുമായി സഹകരിച്ച് രാജ്യത്തിന്റെ സുരക്ഷയെ ബാധിക്കുന്ന ഏതൊരു ഭീഷണിയെയും ശക്തമായി നേരിടാൻ സേനകൾ പൂർണ്ണ സജ്ജമാണെന്നും ജനറൽ ഡോ. ജദ്ആൻ ഫാദൽ കൂട്ടിച്ചേർത്തു. ജനങ്ങൾ വിവരങ്ങൾ ഔദ്യോഗിക ഉറവിടങ്ങളിൽ നിന്നുമാത്രം സ്വീകരിക്കണമെന്നും അഭ്യൂഹങ്ങൾ പ്രചരിപ്പിക്കുന്നത് ഒഴിവാക്കണമെന്നും അദ്ദേഹം അഭ്യർത്ഥിച്ചു. രാജ്യത്തിന്റെ സുരക്ഷ ഉറപ്പാക്കാൻ കുവൈത്ത് അധികൃതർ അതീവ ജാഗ്രതയിൽ തുടരുന്നതായാണ് ഈ സംഭവങ്ങൾ വ്യക്തമാക്കുന്നത്.