കുവൈറ്റിലെ പ്രഥമ മലയാളി പെന്തക്കോസ്ത് സഭയ്ക്ക് 60 വയസ്
കുവൈറ്റ് സിറ്റി: കുവൈറ്റിലെ മലയാളി പെന്തക്കോസ്ത് സമൂഹത്തിന്റെ ആത്മീയ ചരിത്രത്തോടൊപ്പം വളര്‍ന്ന പ്രഥമ സഭയായ പെന്തക്കോസ്തല്‍ ചര്‍ച്ച് ഓഫ് കുവൈറ്റ് (പി.സി.കെ) അറുപതാം വാര്‍ഷികം നടത്തി .ഡയമണ്ട് ജൂബിലി വര്‍ഷാഘോഷങ്ങളുടെ പ്രൗഢഗംഭീരമായ യോഗം കുവൈറ്റ് ആസ്പര്‍ ഓഡിറ്റോറിയത്തില്‍ നടന്നു.
സഭാ പാസ്റ്റര്‍ എബ്രഹാം വര്‍ഗീസിന്റെ അധ്യക്ഷതയില്‍ നടന്ന സമ്മേളനത്തില്‍ കുവൈറ്റിലെ സാമൂഹിക-ആത്മീയ രംഗത്തെ പ്രമുഖര്‍ പങ്കെടുത്തു. അല്‍മുല്ല എക്‌സ്‌ചേഞ്ച് ജനറല്‍ മാനേജര്‍ ഫിലിപ്പ് കോശി , നാഷണല്‍ ഇവാഞ്ചലിക്കല്‍ ചര്‍ച്ച് സെക്രട്ടറി റോയി കെ. യോഹന്നാന്‍, കെ.ടി.എം.സി.സി സെക്രട്ടറി അജോഷ് മാത്യു, പാസ്റ്റര്‍ ബെന്‍സണ്‍ തോമസ്, പാസ്റ്റര്‍ വി.ടി. എബ്രഹാം, സഭാ സെക്രട്ടറി സുനില്‍ വര്‍ഗ്ഗീസ് എന്നിവര്‍ ആശംസാപ്രസംഗങ്ങള്‍ നടത്തി.
സഭയുടെ വളര്‍ച്ചയില്‍ നിര്‍ണ്ണായക പങ്കുവഹിച്ച പ്രാരംഭകാല പ്രവര്‍ത്തകനായിരുന്ന യശ:ശരീരനായ മാത്തുണ്ണി മാത്യൂസിന്റെ ( ടൊയോട്ട സണ്ണി മാത്തുണ്ണി ) സഹധര്‍മ്മിണി മോളി മാത്യുവിനെ പ്രത്യേകമായി ആദരിക്കുകയും സ്‌നേഹോപഹാരം കൈമാറുകയും ചെയ്തു. മകന്‍ ജെയിംസ് മാത്യുവും ചടങ്ങില്‍ സന്നിഹിതനായിരുന്നു.
സഭയുടെ ആറ് പതിറ്റാണ്ടുകാലത്തെ ചരിത്രം ദൃശ്യവല്‍ക്കരിച്ചുകൊണ്ട് ഹാര്‍വെസ്റ്റ് ടെലിവിഷന്‍ തയ്യാറാക്കിയ ഡോക്യുമെന്ററി പ്രദര്‍ശനം ശ്രദ്ധേയമായി. വാര്‍ഷികത്തോടനുബന്ധിച്ച് പുറത്തിറക്കുന്ന 'പ്രയാണം' എന്ന പ്രത്യേക സ്മരണിക പാസ്റ്റര്‍ എബ്രഹാം വര്‍ഗീസ് നഹ്ദത് ഗ്രൂപ്പിലെ എം.ഡി. മാത്യു പണിക്കര്‍ക്ക് നല്‍കി പ്രകാശനം ചെയ്തു.
ഗായകന്‍ ഷാരൂണ്‍ വര്‍ഗ്ഗീസ് ആലപിച്ച ഗാനങ്ങള്‍ ചടങ്ങിന് മിഴിവേകി.ജനറല്‍ കോഡിനേറ്റര്‍ റെജി വലിയ മണ്ണില്‍ , പ്രോഗ്രാം കോഡിനേറ്റര്‍ മനോജ് പുന്നൂസ്,ട്രഷറാര്‍ സജി ജോണ്‍ , സെക്രട്ടറി സുനില്‍ വര്‍ഗ്ഗീസ് എന്നിവര്‍ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കി.
നൂറുകണക്കിന് വിശ്വാസികളും വിവിധ സഭാ പ്രതിനിധികളും പങ്കെടുത്ത ഈ ചടങ്ങ് കുവൈറ്റിലെ പെന്തക്കോസ്ത് ചരിത്രത്തിലെ ഒരു സുപ്രധാന ഏടായി മാറി.