നിങ്ങളുടെ ഡിജിറ്റല്‍ രേഖകള്‍ മുഴുവനും തന്നെ മോഷ്ടിക്കപ്പെടാന്‍ ഇടയുള്ള വലിയൊരു തട്ടിപ്പിനെതിരെ ജാഗ്രത പുലര്‍ത്തണമെന്ന് ആപ്പിള്‍ ഐഫോണ്‍ ഉപയോക്താക്കള്‍ക്ക് മുന്നറിയിപ്പ് നല്‍കുന്നു. ആളുകളുടെ വിവരങ്ങള്‍ ചോര്‍ത്താനുള്ള സ്മിഷിംഗ് ആക്രമണങ്ങള്‍ ശക്തമാകുന്നതിനിടയിലാണ് ഈ മുന്നറിയിപ്പ്. ആപ്പിളില്‍ നിന്നെന്നപോലുള്ള സന്ദേശങ്ങളാണ് തട്ടിപ്പുകാര്‍ ഇരകള്‍ക്ക് അയയ്ക്കുന്നത്. സാധാരണയായി ഇത്തരം സന്ദേശങ്ങള്‍ ഉപഭോക്താക്കളോട് ആവശ്യപ്പെടുക ഒരു പ്രശ്നം പരിഹരിക്കണമെന്നതിനാല്‍ അത്യാവശ്യമായി ലോഗ് ഇന്‍ ചെയ്യാന്‍ ആയിരിക്കും.

എന്നാല്‍, ആ സന്ദേശത്തിലുള്ള ലോഗ് ഇന്‍ പേജിന്റെ ലിങ്ക് നിങ്ങളെ എത്തിക്കുക ഒരു വ്യാജ ഐ ക്ലൗഡ് വെബ്‌സൈറ്റിലേക്കായിരിക്കും. അത് നിങ്ങളുടെ വ്യക്തിഗത വിവരങ്ങള്‍ എല്ലാം ചോര്‍ത്തിയെടുക്കും. നിങ്ങളുടെ വിവരങ്ങള്‍ ലഭിച്ചു കഴിഞ്ഞാല്‍ പിന്നെ തട്ടിപ്പുകാര്‍ക്ക് നിങ്ങളുടെ അക്കൗണ്ടില്‍ സ്റ്റോര്‍ ചെയ്തിരിക്കുന്ന ഏതിലേക്കും ആക്സസ് നേടാനാകും. സൈന്‍ ഇന്‍ വിവരങ്ങള്‍, സെക്യൂരിറ്റി കോഡുകള്‍, സാമ്പത്തിക വിവരങ്ങള്‍ തുടങ്ങിയവ നല്‍കാന്‍ ആളുകളെ നിര്‍ബന്ധിതരാക്കുന്ന വിധത്തില്‍ കൗശലപൂര്‍വ്വമായിരിക്കും തട്ടിപ്പുകാര്‍ ഇടപെടുക എന്നും കമ്പനി മുന്നറിയിപ്പില്‍ പറയുന്നു.

ആപ്പിളില്‍ നിന്നെതു പോലെയുള്ള വ്യാജ ഈമെയില്‍ സന്ദേശമോ അതല്ലെങ്കില്‍ ആപ്പിള്‍ സപ്പോര്‍ട്ടില്‍ നിന്ന് എന്ന വ്യാജേനയുള്ള ഫോണ്‍ കോളോ വഴിയായിരിക്കും തട്ടിപ്പുകാര്‍ ഇരകളുമായി ബന്ധപ്പെടുക. ചിലപ്പോള്‍, നിങ്ങള്‍ ഉപയോഗിക്കുന്ന ഡിവൈസിന് എന്തോ പ്രശ്നം ഉണ്ടെന്ന സൂചന നല്‍കുന്ന പോപ്പ് അപ് സന്ദേശമായും തട്ടിപ്പുകാര്‍ പ്രത്യക്ഷപ്പെടാം. ഡിവൈസിന്റെ പ്രശ്നം പരിഹരിക്കാന്‍ അവര്‍ തന്നിരിക്കുന്ന ലിങ്കില്‍ ക്ലിക്ക് ചെയ്യാന്‍ ആവശ്യപ്പെടും.

സ്പൂഫിംഗ് എന്ന സങ്കേതം ഉപയോഗിക്കുന്നതിനാല്‍ തട്ടിപ്പുകാര്‍ ഉപയോഗിക്കുന്ന ഫോണ്‍ നമ്പറുകളും, ഈ മെയില്‍ ഐഡികളും കണ്ടാല്‍ അവ യഥാര്‍ത്ഥ കമ്പനിയുടെതാണെന്ന് എളുപ്പം തെറ്റിദ്ധരിച്ചേക്കും. മാത്രമല്ല, നിങ്ങളെ കുറിച്ചുള്ള ചില പ്രാഥമിക വിവരങ്ങള്‍ നിങ്ങളുമായി പങ്കുവച്ച് നിങ്ങളുടെ വിശ്വാസം പിടിച്ചുപറ്റാനും അവര്‍ ശ്രമിച്ചേക്കും. ഇത്തരം സംശയകരമായ സന്ദേശങ്ങള്‍ ലഭിച്ചാല്‍, അതിനോട് പ്രതികരിക്കാതെ ആപ്പിള്‍ സപ്പോര്‍ട്ടുമായി ബന്ധപ്പെടാനാണ് കമ്പനി നിര്‍ദ്ദേശിക്കുന്നത്.