സമുദ്ര തീരത്തെയും സമൃദ്ധമായ സസ്യ ജൈവ ജാലത്തെയും ശാസ്ത്രീയവും സാംസ്‌കാരികവുമായ നിലയില്‍ പ്രചരിപ്പിക്കുന്നതിനുള്ള വിപ്ലവ നീക്കം; കൊല്ലത്ത് ഓഷ്യനേറിയവും മറൈന്‍ ബയോളജിക്കല്‍ മ്യൂസിയവും: ധരണാപത്രം ഒപ്പിട്ടു
തിരുവനന്തപുരം: കൊല്ലത്ത് ഓഷ്യനേറിയവും മറൈന്‍ ബയോളജിക്കല്‍ മ്യൂസിയവും സ്ഥാപിക്കുന്ന പദ്ധതിക്കായി ധാരണാപത്രത്തില്‍ ഒപ്പിട്ടു. ധനകാര്യ മന്ത്രി കെ എന്‍ ബാലഗോപാലിന്റെ സാന്നിധ്യത്തില്‍ സംസ്ഥാന തീരദേശ വികസന കോര്‍പറേഷന്‍ എംഡി ഷേയ്ക്ക് പരീത്, പദ്ധതിയുടെ ട്രാന്‍സാക്ഷന്‍ അഡൈ്വസറായി തെരഞ്ഞെടുക്കപ്പെട്ട ഏണസ്റ്റ് ആന്‍ഡ് യങ്ങിന്റെ മാനേജിങ് പാര്‍ട്ണര്‍ സത്യം ശിവം സുന്ദരം എന്നിവരാണ് ധാരണാപത്രത്തില്‍ ഒപ്പിട്ടത്.
ഫിഷറീസ് പ്രിന്‍സിപ്പല്‍ സെക്രട്ടറി കെ എസ് ശ്രീനിവാസന്‍, ഫഷറീസ് ഡയറക്ടര്‍ അബ്ദുള്‍ നാസര്‍, തീരദേശ വികസന കോര്‍പറേഷന്‍ എന്‍ജിനിയര്‍ ടി വി ബാലകൃഷ്ണന്‍, ഏണസ്റ്റ് ആന്‍ഡ് യങ് അസോസിയേറ്റ് വൈസ് പ്രസിഡന്റ് നമന്‍ മോഗ്ങ എന്നിവര്‍ പങ്കെടുത്തു.
മത്സ്യ ടൂറിസം രംഗത്ത് അന്താരാഷ്ട്ര തലത്തില്‍ കേരളത്തിന്റെ അഭിമാനം ഉയര്‍ത്തിക്കാട്ടുന്നതിനും സമുദ്ര ശാസ്ത്ര ഗവേഷണവും ബോധവത്ക്കരണവും ലക്ഷ്യമിട്ടുള്ള സംസ്ഥാനത്തെ ആദ്യത്തെ ബൃഹത് സംരംഭമാണ് കൊല്ലത്ത് യാഥാര്‍ത്ഥ്യമാകുന്നത്. പൊതു-സ്വകാര്യ പങ്കാളിത്തത്തോടെ 300 കോടി രൂപയുടെ പദ്ധതിയാണ് നടപ്പാക്കുന്നത്. സംസ്ഥാന ബജറ്റില്‍ പ്രഖ്യാപിച്ച പദ്ധതിയുടെ പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ക്കായി 10 കോടി രൂപയും അനുവദിച്ചിരുന്നു.
സംസ്ഥാനത്തെ സമുദ്ര തീരത്തെയും സമൃദ്ധമായ സസ്യ ജൈവ ജാലത്തെയും ശാസ്ത്രീയവും സാംസ്‌കാരികവുമായ നിലയില്‍ പ്രചരിപ്പിക്കുന്നതിനുള്ള വിപ്ലവകരമായ ചുവടുവയ്പായി പദ്ധതി മാറുമെന്ന് ധനകാര്യ മന്ത്രി കെ എന്‍ ബാലഗോപാല്‍ വ്യക്തമാക്കി. സമുദ്രജൈവ വൈവിധ്യങ്ങളുടെ സംരക്ഷണം, അത് സംബന്ധിച്ച ശാസ്ത്രിയ പഠനങ്ങളുടെ പ്രോത്സാഹനം, പരിസ്ഥിതി സംരക്ഷണം, ടൂറിസം വികസനം, സാംസ്‌കാരിക പാരമ്പര്യ സംരക്ഷണം, പൊതുജന പങ്കാളിത്തം എന്നീ പ്രധാന മേഖലകളെ കേന്ദ്രീകരിച്ചായിരിക്കും പദ്ധതിയുടെ രൂപകല്‍പ്പന. ടൂറിസം പ്രോത്സാഹിപ്പിച്ച് സംസ്ഥാനത്തിന്റെ സാമ്പത്തികാവസ്ഥ മെച്ചപ്പെടുത്തുക എന്നതും ഈ പദ്ധതിയുടെ പ്രധാന ലക്ഷ്യങ്ങളിലൊന്നാണെന്നും മന്ത്രി പറഞ്ഞു.
സമുദ്രത്തിന്റെ ജൈവ പൈതൃകത്തെ അതിന്റെ സങ്കീര്‍ണമായ ശാസ്ത്രീയ രഹസ്യങ്ങളെ വിശദീകരിക്കുകയും ചെയ്യുന്ന ഒരു വിദ്യാഭ്യാസാനുസൃത കേന്ദ്രമായും 'ഓഷ്യനേറിയം പ്രവര്‍ത്തിക്കും. മത്സ്യ പവിലിയനുകള്‍, ടച്ച് ടാങ്കുകള്‍, തീം ഗാലറികള്‍, ടണല്‍ ഓഷ്യനേറിയം, ആംഫി തിയറ്റര്‍, സൊവിനിയര്‍ ഷോപ്പുകള്‍, മര്‍ട്ടി മീഡിയ തിയറ്റര്‍, മറൈന്‍ ബയോളജിക്കല്‍ ലാബ്, ഡിസ്‌പ്ലേ സോണ്‍, കഫറ്റേരിയ എന്നിവയൊക്കെയാണ് പദ്ധതിയില്‍ വിഭാവനം ചെയ്തിരിക്കുന്നത്. ഇതിലൂടെ സ്‌കൂള്‍, കോളേജ് വിദ്യാര്‍ത്ഥികള്‍ക്കൊപ്പം ഗവേഷകര്‍ക്കും പഠന കേന്ദ്രം തുറക്കപ്പെടും.
കേരള സംസ്ഥാന തീരദേശ വികസന കോര്‍പ്പറേഷനാണ് പദ്ധതി നടത്തിപ്പിന്റെ നോഡല്‍ ഏജന്‍സി. പദ്ധതി നടപ്പാക്കുന്ന സ്ഥലത്തിന്റെ അനുയോജ്യത, വിശദമായ മാതൃകാ പഠനം, വിശദ പദ്ധതി രേഖ തയ്യാറാക്കല്‍, കണ്‍സഷനറെ തെരഞ്ഞെടുക്കല്‍, പദ്ധതി പൂര്‍ത്തീകരണം വരെയുളള സാങ്കേതിക സഹായം എന്നീ ചുമതലകള്‍ക്കായാണ് ട്രാന്‍സാക്ഷന്‍ അഡൈ്വസറായി ഏണസ്റ്റ് ആന്‍ഡ് യങ് പ്രവര്‍ത്തിക്കുക. മത്സാധിഷ്ടിത ടെണ്ടറിലൂടെയായിരുന്നു തെരഞ്ഞെടുപ്പ്. നടപടി ക്രമങ്ങള്‍ പുര്‍ത്തീകരിച്ച് എത്രയും പെട്ടെന്ന് പദ്ധതി നിര്‍വഹണ പ്രവര്‍ത്തനങ്ങളിലേക്ക് കടക്കുകയാണ് ലക്ഷ്യം.