മുന്‍ ബ്രിട്ടീഷ് പ്രധാനമന്ത്രിക്ക് പുതിയ ഇന്നിംഗ്‌സ്; ഓക്സ്‌ഫോര്‍ഡ്, സ്റ്റാന്‍ഫോര്‍ഡ് യൂണിവേഴ്സിറ്റികളില്‍ വിസിറ്റിംഗ് പ്രൊഫസറായി ഋഷി സുനക്

ഓക്സ്‌ഫോര്‍ഡ്, സ്റ്റാന്‍ഫോര്‍ഡ് യൂണിവേഴ്സിറ്റികളില്‍ വിസിറ്റിംഗ് പ്രൊഫസറായി ഋഷി സുനക്

Update: 2025-01-24 04:49 GMT

ലണ്ടന്‍: ബ്രിട്ടനിലും അമേരിക്കയിലും രണ്ട് പുതിയ ജോലികള്‍ സ്വീകരിച്ചുകൊണ്ട് മുന്‍ ബ്രിട്ടീഷ് പ്രധാനമന്ത്രി തന്റെ യൂണിവേഴ്സിറ്റികളിലേക്ക് തിരിച്ചുപോകാന്‍ ഒരുങ്ങുന്നു. ഓക്സ്‌ഫോര്‍ഡ് യൂണിവേഴ്സിറ്റിയുടെ ബ്ലവാട്‌നിക് സ്‌കൂള്‍ ഓഫ് ഗവണ്മെന്റില്‍, അവരുടെ ലോക നേതാക്കളുടെ സര്‍ക്കിളില്‍ ഒരാളായി ചേരാന്‍ പോവുകയാണെന്ന് ഋഷി സുനക് തന്നെയാണ് പ്രഖ്യാപിച്ചത്.

അതിനോടൊപ്പം കാലിഫോര്‍ണിയയിലെ സ്റ്റാന്‍ഫോര്‍ഡ് യൂണിവേഴ്സിറ്റിയുടെ ഹൂവര്‍ ഇന്‍സ്റ്റിറ്റിയൂഷനില്‍ വിസിറ്റിംഗ് ഫെല്ലോഷിപ്പ് ആയും അദ്ദേഹം ചുമതല ഏറ്റെടുക്കും. ഓക്സ്‌ഫോര്‍ഡ് യൂണിവേഴ്സിറ്റിയില്‍ നിന്നും ഫിലോസഫി, പൊളിറ്റിക്സ്, എക്കണോമിക്സ് എന്നിവയില്‍ ബിരുദമെടുത്ത ഋഷി സുനക് സ്റ്റാന്‍ഫോര്‍ഡ് യൂണിവേഴ്സിറ്റിയില്‍ നിന്നാണ് ബിസിനസ്സ് അഡ്മിനിസ്‌ട്രേഷനില്‍ മാസ്റ്റേഴ്സ് എടുത്തത്. ഈ തിരിച്ചു പോക്കില്‍ താന്‍ ഏറെ സന്തോഷിക്കുന്നു എന്നാണ് ഋഷി സുനക് പറയുന്നത്.

ഈ മഹത്തരങ്ങളായ രണ്ട് സ്ഥാപനങ്ങളിലും പഠിക്കാന്‍ കഴിഞ്ഞത് തന്റെ ഭാഗ്യമാണെന്ന് പറഞ്ഞ സുനക്, തന്റെ ജീവിതവും തൊഴില്‍ രംഗവും രൂപപ്പെടുത്തുന്നതില്‍ ഈ രണ്ട് സ്ഥാപനങ്ങളും വലിയ പങ്കാണ് വഹിച്ചതെന്നും പറഞ്ഞു. ഈ രണ്ട് സ്ഥാപനങ്ങളെയും ഇന്നും താന്‍ അതിയായി സ്നേഹിക്കുന്നതായും ഋഷി സുനക് പറഞ്ഞു. സ്റ്റാന്‍ഫോര്‍ഡിലെ പഠനകാലത്തായിരുന്നു മുന്‍ ബ്രിട്ടീഷ് പ്രധാനമന്ത്രി അദ്ദേഹത്തിന്റെ ഭാര്യയായ അക്ഷത മൂര്‍ത്തിയെ കണ്ടുമുട്ടുന്നത്.

Tags:    

Similar News