തീപിടിത്തത്തിനിടെ സൂപ്പര്‍ മാര്‍ക്കറ്റില്‍ മോഷണം; 10,000 രൂപയുടെ സാധനവുമായി നടന്നു മറഞ്ഞു; യുവതി പിടിയില്‍

Update: 2025-10-16 05:48 GMT

തളിപ്പറമ്പ്: തളിപ്പറമ്പിലെ അഗ്‌നിബാധയ്ക്കിടെ സമീപത്തെ സൂപ്പര്‍ മാര്‍ക്കറ്റില്‍ നിന്ന് മോഷണം നടത്തിയ യുവതി പിടിയിലായി. തളിപ്പറമ്പിലെ നബ്രാസ് ഹൈപ്പര്‍ മാര്‍ക്കറ്റില്‍ കവര്‍ച്ച നടത്തിയ യുവതിയാണ് പിടിയിലായത്. കെ.വി.കോംപ്ലക്‌സില്‍ ഉണ്ടായ അഗ്‌നിബാധയില്‍ നഗരം നടുങ്ങി നില്‍ക്കുമ്പോള്‍ പര്‍ദ ധരിച്ചെത്തിയ യുവതി നബ്രാസ് സൂപ്പര്‍ മാര്‍ക്കറ്റില്‍ നിന്ന് പതിനായിരത്തോളം രൂപയുടെ സാധനങ്ങള്‍ എടുത്ത് പുറത്ത് അഗ്‌നിബാധ കാണുവാന്‍ തടിച്ച് കൂടിയ ജനക്കൂട്ടത്തിലേക്ക് നടന്നുമറയുകയായിരുന്നു.

യുവതി സാധനങ്ങള്‍ എടുക്കുന്നതിന്റെ സിസിടിവി ദൃശ്യങ്ങള്‍ മാധ്യമങ്ങളില്‍ ഏറെ ചര്‍ച്ച ചെയ്യപ്പെട്ടിരുന്നു. പൊലീസിലും പരാതി നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് യുവതി പിടിയിലായതെന്ന് നബ്രാസ് അധികൃതര്‍ സാമൂഹിക മാധ്യമങ്ങളിലൂടെ അറിയിച്ചു. തളിപ്പറമ്പിന്റെ സമീപ പഞ്ചായത്തിലെ യുവതിയാണ് പിടിയിലായത്. ഇവര്‍ എടുത്ത സാധനങ്ങളുടെ വില ഈടാക്കി താക്കീത് ചെയ്ത് വിട്ടയയ്ക്കുകയായിരുന്നു.

Similar News