'ഇത് ഫിറ്റ്നസിന്റെ ഉത്സവം..'; കൊച്ചി നേവി മാരത്തണിന്റെ ആറാം പതിപ്പ് ഡിസംബര്‍ 21ന് നടക്കും; കടുത്ത ആവേശത്തിൽ കായികപ്രേമികൾ

Update: 2025-10-16 07:29 GMT

കൊച്ചി: ദക്ഷിണ നാവിക കമാന്‍ഡ് സംഘടിപ്പിക്കുന്ന കൊച്ചിയുടെ സ്വന്തം കായികോത്സവമായ കൊച്ചി നേവി മാരത്തണിന്റെ (കെഎന്‍എം-25) ആറാം പതിപ്പ് ഡിസംബര്‍ 21ന് നടക്കും. നാവിക ദിനാഘോഷങ്ങളുടെ ഭാഗമായി നടക്കുന്ന മാരത്തണില്‍ ഇത്തവണ ഏഴായിരത്തിലധികം കായികപ്രേമികള്‍ പങ്കെടുക്കുമെന്നാണ് കണക്കാക്കുന്നത്. 21 കിലോമീറ്റര്‍ ഹാഫ് മാരത്തണ്‍, 10 കിലോമീറ്റര്‍ റണ്‍, 5 കിലോമീറ്റര്‍ ഫണ്‍ റണ്‍ എന്നിങ്ങനെ 3 വിഭാഗങ്ങളിലായാണു മത്സരം നടത്തുക.

ഇതാദ്യമായി കുടുംബങ്ങള്‍ക്കായുള്ള 'ഫാമിലി റണ്ണും' മാരത്തണിലുണ്ട്. 5 കിലോമീറ്റര്‍ ഫണ്‍ റണ്ണിന്റെ ഭാഗമായിട്ടാണ് ഇത് നടത്തുന്നതെന്ന് റേസ് ഓര്‍ഗനൈസറും നേവല്‍ എയര്‍ക്രാഫ്റ്റ് യാഡ് സൂപ്രണ്ടുമായ കമഡോര്‍ സുധീര്‍ റെഡ്ഡി പറഞ്ഞു. മത്സരം എന്നതിനപ്പുറം ആരോഗ്യത്തിന്റെയും ഫിറ്റ്നസിന്റെയും സാഹോദര്യത്തിന്റെയും ഉത്സവമായാണ് നേവി ഇതിനെ കാണുന്നത് എന്നും അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. 12 വയസ്സിനു താഴെയുള്ള കുട്ടികളുള്ള കുടുംബങ്ങള്‍ക്ക് ഈ വിഭാഗത്തില്‍ ഒരുമിച്ച് ഓടാം.

മാതാപിതാക്കള്‍ക്കും രണ്ടു കുട്ടികള്‍ക്കുമാണ് പങ്കെടുക്കാന്‍ അവസരം. ഇതരസംസ്ഥാനങ്ങളില്‍നിന്നും കേരളത്തിലെ സ്‌കൂളുകള്‍, കോളേജുകള്‍, കോര്‍പ്പറേറ്റ് കമ്പനികള്‍ എന്നിവിടങ്ങളില്‍നിന്നും സ്ഥിരമായി മാരത്തണില്‍ പങ്കെടുക്കുന്നവര്‍, അമേച്ചര്‍ ഓട്ടക്കാര്‍, കുടുംബങ്ങള്‍ എന്നിങ്ങനെ വിവിധ വിഭാഗങ്ങളില്‍നിന്ന് റെക്കോഡ് പങ്കാളിത്തമാണ് നേവി ഇത്തവണ പ്രതീക്ഷിക്കുന്നത്. ഇക്കാരണത്താല്‍ ഒരുക്കങ്ങളും വിപുലമായ തോതിലാണ്. മാരത്തണിന്റെ പ്രചാരണാര്‍ഥം നവംബര്‍, ഡിസംബര്‍ മാസങ്ങളില്‍ കൊച്ചിയിലെ പ്രധാന സ്ഥലങ്ങളില്‍ 'പ്രമോ റണ്‍' നടക്കും.

വില്ലിങ്ഡന്‍ ഐലന്‍ഡിലെ പോര്‍ട്ട് ട്രസ്റ്റ് കേന്ദ്രീയ വിദ്യാലയത്തിനു (പോര്‍ട്ട് ട്രസ്റ്റ് ഗ്രൗണ്ട്) സമീപമുള്ള കെ.കെ. പ്രേമചന്ദ്രന്‍ സ്‌പോര്‍ട്‌സ് കോംപ്ലക്‌സില്‍ നിന്നാണു മാരത്തണ്‍ തുടങ്ങുക. 31ന് മുമ്പ് റജിസ്റ്റര്‍ ചെയ്യുന്നവര്‍ക്ക് റജിസ്‌ട്രേഷന്‍ ഫീസില്‍ 25% സൂപ്പര്‍ ഏര്‍ലി ബേഡ് ഇളവു ലഭിക്കും. നവംബര്‍ 15ന് മുന്‍പു റജിസ്റ്റര്‍ ചെയ്യുന്നവര്‍ക്കു 10 ശതമാനവും ഇരുപതോ അതിലധികമോ പേരുള്ള സംഘമായി റജിസ്റ്റര്‍ ചെയ്യുന്നവര്‍ക്ക് 20 ശതമാനവും ഇളവുണ്ട്. 5 കിലോമീറ്റര്‍ മാരത്തണിന് 600 രൂപയും 10 കിലോമീറ്റര്‍ മാരത്തണിനു 900 രൂപയുമാണു റജിസ്ട്രേഷന്‍ ഫീസ്. 21 കിലോമീറ്റര്‍ ഹാഫ് മാരത്തണിന് 1,100 രൂപയാണ് റജിസ്ട്രേഷന്‍ ഫീസ്. ഫാമിലി ഫണ്‍ റണ്ണില്‍ പങ്കെടുക്കുന്ന ഒരു കുടുംബത്തിന് 600 രൂപയാണ് രജിസ്ട്രേഷന്‍ ഫീസ്. ഏര്‍ലി ബേര്‍ഡ് ഇളവെന്ന നിലയില്‍ 450 രൂപയാണ് നല്‍കിയാല്‍ മതി. റജിസ്‌ട്രേഷൻ ചെയ്യാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യൂ.

www.kochinavymarathon.com .

Tags:    

Similar News