മകളുടെ വീട്ടിൽ നിന്ന് യാത്ര പറഞ്ഞ് ഇറങ്ങി കാണാതായി; ഏറെ നേരെത്തെ തിരച്ചിലിനൊടുവിൽ വയോധികയെ കണ്ടെത്തിയത് കിണറ്റിൽ നിന്ന്; പോലീസ് അന്വേഷണം തുടങ്ങി
കൊല്ലം: പുനലൂരിൽ വീടിന് സമീപത്തെ ഉപയോഗശൂന്യമായ കിണറ്റിൽ വീണ എഴുപത്തിയെട്ടുകാരിയെ അഗ്നിരക്ഷാ സേനയുടെ നേതൃത്വത്തിൽ സാഹസികമായി പുറത്തെടുത്തു. പുനലൂർ സ്വദേശിനി ലീലാമ്മയെയാണ് (78) അപകടത്തിൽ നിന്ന് രക്ഷപ്പെടുത്തിയത്.
വ്യാഴാഴ്ച മകളുടെ വീട്ടിൽ നിന്ന് തിരിച്ചെത്തിയ ലീലാമ്മയെ കാണാതാവുകയായിരുന്നു. തുടർന്ന് ബന്ധുക്കളും പോലീസും തിരച്ചിൽ ആരംഭിച്ചെങ്കിലും കണ്ടെത്താനായില്ല. തിരച്ചിലിനിടെയാണ് സംഭവം നടന്ന് ഒരു ദിവസത്തോളം കഴിഞ്ഞ ഇന്നലെ വൈകിട്ട് വീടിന് സമീപത്തെ ഉപേക്ഷിക്കപ്പെട്ട കിണറ്റിൽ നിന്ന് ഇവരെ കണ്ടെത്തുന്നത്.
വിവരമറിഞ്ഞെത്തിയ അഗ്നിരക്ഷാ സേനാംഗങ്ങൾ ഏറെ ശ്രമപ്പെട്ടാണ് കിണറ്റിൽ വീണ വയോധികയെ പുറത്തെത്തിച്ചത്. തുടർന്ന് പരിക്കുകളോടെ ഇവരെ സമീപത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവത്തെക്കുറിച്ച് പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. കിണറ്റിൽ വീണത് എങ്ങനെ എന്നത് സംബന്ധിച്ചുള്ള വിവരങ്ങൾ ലഭ്യമായിട്ടില്ല.