നിർത്തിയിട്ടിരുന്ന ടെമ്പോ ട്രാവലറിൽ പിക്കപ്പ് വാൻ ഇടിച്ച് അപകടം; കേസെടുത്തപ്പോൾ വാദി പ്രതിയായി; ടെമ്പോ ഡ്രൈവറെ കുടുക്കി പൊലീസ്; അപകടത്തിൽ കാഴ്ച നഷ്ടപ്പെട്ട്, വൃക്കകൾ തകരാറിലായി ഇരിഞ്ഞാലക്കുട സ്വദേശി അനീഷ് കിടപ്പിൽ; കേസ് നടത്തി മുടിഞ്ഞെന്ന് ഭാര്യ ജയശ്രീ; നീതി തേടി കുടുംബം
തൃശൂർ: പുന്നക്കബസാറിൽ ഉണ്ടായ അപകടത്തിൽ വാദിയെ പ്രതിയാക്കിയ പൊലീസ് നടപടിയിൽ നീതി തേടി യുവതി. 2018 ലാണ് അപകടമുണ്ടായത്. റോഡരികിൽ നിർത്തിയിട്ടിരുന്ന ടെമ്പോ ട്രാവലറിൽ പിക്കപ്പ് വാൻ ഇടിക്കുകയായിരുന്നു. അപകടത്തിൽ പിക്കപ്പ് വാൻ ഓടിച്ചിരുന്ന ചെമ്മന്നൂർ സ്വദേശിയായിരുന്ന കുഞ്ഞിമുഹമ്മദ് മരിക്കുകയായിരുന്നു. പിക്കപ്പ് വാനിലുണ്ടായിരുന്ന മറ്റൊരാൾക്കും, ടെമ്പോ ട്രാവലർ ഡ്രൈവർ അനീഷിനും ഗുരുതര പരിക്കേറ്റു. എന്നാൽ കൃത്യമായി വിവരങ്ങൾ ശേഖരിക്കാതെ മതിലകം പൊലീസ് അനീഷിനെതിരെ കേസെടുക്കുകയായിരുന്നു. അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ അനീഷ് കിടപ്പിലായതോടെ കേസ് നടത്താൻ പോലും കഷ്ടപ്പെടുകയാണ് ഭാര്യ ജയശ്രീ. പിക്കപ്പ് വാനിന് ഇൻഷുറൻസോ, വാൻ ഓടിച്ചിരുന്ന ഡ്രൈവർക്ക് ലൈസൻസോ ഇല്ലായിരുന്നുവെന്നാണ് അനീഷിന്റെ ഭാര്യ ജയശ്രീ പറയുന്നത്.
അപകടത്തിൽ അനീഷിന്റെ കണ്ണിന്റെ കാഴ്ച നഷ്ടമായി. വൃക്കകളും തകരാറിലായി. ഇതോടെ ജോലിക്ക് പോകാൻ പോലും കഴിയാതെയായി. ആകെ ഉണ്ടായിരുന്ന സമ്പാദ്യം വെച്ചാണ് അനീഷ് ട്രാവലർ എടുത്തത്. ഇൻഷുറൻസ് മുടങ്ങിയതോടെ വാഹനം ഇൻഷുറൻസ് കമ്പനിക്കാർ കൊണ്ട് പോയി.നിർത്തിട്ടിരുന്ന ട്രാവലറിൽ പിക്കപ്പ് വാൻ വന്ന് ഇടിക്കുകയായിരുന്നുവെന്നാണ് അനീഷ് പറയുന്നത്. പിക്കപ്പ് വാഹനം ഓടിച്ചിരുന്ന ഡ്രൈവറുടെ അശ്രദ്ധ കാരണമുണ്ടായ അപകടത്തിൽ താൻ എങ്ങനെ പ്രതിയാകുമെന്നും അനീഷ് ചോദിക്കുന്നു. പിക്കപ്പ് വാൻ ഡ്രൈവർ മരിച്ചതിനെ തുടർന്ന് അനീഷിന്റെ പേരിൽ പൊലീസ് എഫ്ഐആർ രജിസ്റ്റർ ചെയ്തിരുന്നു.
2018 ലാണ് അനീഷിന്റെ ജീവിതം തന്നെ മാറ്റി മറിച്ച അപകടം ഉണ്ടാകുന്നത്. 6.30 യോടെ പാപ്പിനിവട്ടം പുന്നക്കബസാറിൽ വെച്ചായിരുന്നു സംഭവമുണ്ടായത്. ഓച്ചിറയിൽ നിന്നും കരിമ്പ് കേറ്റി വന്ന പിക്കപ്പ് വാൻ റോഡരികിൽ ഒതുക്കി ഇട്ടിരിക്കുകയായിരുന്ന ടെമ്പോ ട്രാവലറിൽ ഇടിക്കുകയായിരുന്നു. അമിത വേഗതയിലാണ് പിക്കപ്പ് വാൻ എത്തിയത്. അനീഷ് ട്രാവലറിൽ നിന്നും പുറത്ത് ഇറങ്ങുന്ന സമയത്താണ് അപകടമുണ്ടാകുന്നത്. ഇടിയുടെ ആഘാതത്തിലാണ് അനീഷിന് ഗുരുതര പരിക്കേറ്റത്. പിക്കപ്പ് വാനിന്റെ ഡ്രൈവർ ഉറങ്ങി പോയത് കാരണമാണ് അപകടമുണ്ടായതെന്നും ആക്ഷേപമുണ്ട്.
എന്നാൽ പിക്കപ്പ് വാനിന്റെ ഡ്രൈവർ അപകടത്തിൽ മരണപ്പെട്ടതോടെ പൊലീസ് അനീഷിനെതിരെ കേസ്സ് രജിസ്റ്റർ ചെയ്യുകയായിരുന്നു. അപകടത്തിന്റെ തെളിവുകൾ പോലും ശേഖരിക്കാതെയാണ് പൊലീസ് അനീഷിനെതിരെ കേസെടുത്തതെന്നും ആരോപണമുണ്ട്. സംഭവം നടന്ന സ്ഥലത്തെ സിസിടിവി ദൃശ്യങ്ങൾ പരിശോധിക്കാനും പോലും തയ്യാറായിട്ടില്ലെന്നാണ് ജയശ്രീ പറയുന്നത്. അനീഷും കിടപ്പിലായതോടെ കേസ് നടത്താൻ പോലും കഴിയാതെ ബുദ്ധിമുട്ടുകയാണ് ഭാര്യ ജയശ്രീ. മതിലകം പൊലീസിനോട് കേസ് പുനരന്വേഷിക്കണമെന്ന് കോടതി ആവശ്യപ്പെട്ടിട്ടും നടപടിയുണ്ടായില്ലെന്നാണ് ജയശ്രീ പറയുന്നത്. വർഷങ്ങളോളം കേസ് നടത്തി കുടുംബം കടബാധ്യത്തിലായി.
ഒടുവിൽ അധികാരികൾക്ക് നിരന്തരം പരാതികൾ നൽകിയതിനെ തുടർന്ന് 2024ൽ പൊലീസ് മറ്റൊരു കേസ് കൂടി രജിസ്റ്റർ ചെയ്യുകയായിരുന്നു. പിക്കപ്പ് വാഹനം ഓടിച്ച കുഞ്ഞിമുഹമ്മദ്, നൗഷാദ്, വാഹനത്തിന്റെ ഉടമ എന്നിവർക്കെതിരെയാണ് ഇത്തവണ കേസെടുത്തത്. എന്നാൽ അനീഷിനെതിരെ പൊലീസ് ആദ്യം രജിസ്റ്റർ ചെയ്ത കേസ് നിലനിൽക്കുകയാണ്. അനീഷിനെതിരെയുള്ള കേസ് പിൻവലിക്കണമെന്നതാണ് ഭാര്യ ജയശ്രീ ആവശ്യപ്പെടുന്നത്. കേസ് പുനരന്വേഷണത്തിന് വെച്ചാൽ സത്യാവസ്ഥ പുറത്ത് വരുമെന്നും ജയശ്രീ പറയുന്നു. എന്നാൽ സംഭവസ്ഥലത്തെ സിസിടിവി ദൃശ്യങ്ങൾ പോലും പൊലീസ് ശേഖരിച്ചിട്ടില്ലെന്നാണ് സൂചന. അപകടം നടന്ന് 6 വർഷം കഴിയുന്നു. ഇനി ഈ ദൃശ്യങ്ങൾ ലഭിക്കുമോയെന്ന ആശങ്കയും നിലനിൽക്കുന്നു.