യു.എസ്.ടി ഡീകോഡ് 2025 ഹാക്കത്തോണ്‍ 5 രാജ്യങ്ങളിലായി നടക്കും; ആഗോള വിജയിക്ക് 10,000 യുഎസ് ഡോളര്‍ ക്യാഷ് പ്രൈസ്

യു.എസ്.ടി ഡീകോഡ് 2025 ഹാക്കത്തോണ്‍ 5 രാജ്യങ്ങളിലായി നടക്കും

Update: 2025-09-09 12:13 GMT

തിരുവനന്തപുരം: മുന്‍നിര എ ഐ, ടെക്‌നോളജി ട്രാന്‍സ്‌ഫോര്‍മേഷന്‍ സൊല്യൂഷന്‍സ് കമ്പനിയായ യു എസ് ടി, ഇന്ത്യ, യു എസ്, യു കെ, മെക്‌സിക്കോ, മലേഷ്യ എന്നീ അഞ്ച് രാജ്യങ്ങളിലായി സംഘടിപ്പിക്കുന്ന ആഗോള ഇന്നൊവേഷന്‍ മത്സരമായ ഡീകോഡ് 2025 ഹാക്കത്തോണിന്റെ അഞ്ചാം പതിപ്പിന് തുടക്കം കുറിച്ചു. ഇന്നത്തെ സുപ്രധാനങ്ങളായ ആഗോള വെല്ലുവിളികള്‍ക്ക് നൂതനമായ സൊല്യൂഷനുകള്‍ ഒരുക്കുന്നതില്‍ ബാച്ചിലേഴ്‌സ് അല്ലെങ്കില്‍ മാസ്റ്റേഴ്‌സ് കോഴ്‌സുകള്‍ പഠിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് അവരുടെ കഴിവുകള്‍ പ്രകടിപ്പിക്കുന്നതിനുള്ള വേദിയാണ് ഡീകോഡ് 2025 ഹാക്കത്തോണ്‍.

'പുതിയ അതിര്‍ത്തികളുടെ രൂപപ്പെടുത്തല്‍ - ഡാറ്റ, ഇന്റലിജന്‍സ്, ക്വാണ്ടം' എന്നതാണ് അഞ്ചാം പതിപ്പിന്റെ പ്രധാന വിഷയം. എ ഐ, ക്വാണ്ടം കമ്പ്യൂട്ടിംഗ്, ഇന്റലിജന്റ് ഡാറ്റ ഇക്കോസിസ്റ്റംസ് എന്നിവയുള്‍പ്പെടെയുള്ള നൂതന സാങ്കേതികവിദ്യകള്‍ ഉപയോഗിച്ച് സൊല്യൂഷനുകള്‍ കണ്ടെത്താന്‍ ഈ മത്സരം പ്രോത്സാഹിപ്പിക്കുന്നു. രജിസ്റ്റര്‍ ചെയ്ത ടീമുകള്‍ക്ക് വിവിധ തലങ്ങളിലുള്ള കര്‍ശനമായ വിധിനിര്‍ണ്ണയ പ്രക്രിയയിലൂടെ കടന്നുപോകേണ്ടിവരും. മറ്റ് ഘടകങ്ങള്‍ക്കൊപ്പം ആശയത്തിന്റെ മൗലികത, സാധ്യത, പരിഹാരത്തിന്റെ വളര്‍ച്ചാ സാദ്ധ്യതകള്‍, ഉപയോക്തൃ അനുഭവം എന്നിവ മത്സരം വിലയിരുത്തും. ഡീകോഡ് 2025 ഹാക്കത്തോണിനായുള്ള രജിസ്‌ട്രേഷനുകള്‍ ആരംഭിച്ചു കഴിഞ്ഞു. പങ്കെടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് അതത് മേഖലയുടെ രജിസ്‌ട്രേഷന്‍ ലിങ്കിലൂടെ പങ്കാളിത്തം ഉറപ്പാക്കാം. 2025 സെപ്റ്റംബര്‍ 10 വരെയാണ് രജിസ്ട്രേഷന്‍.

ഒരു ഹാക്കത്തോണ്‍ എന്നതിലുപരി മികച്ച സൊല്യൂഷനുകള്‍ കണ്ടെത്തുന്നതിനുള്ള തുടക്കമാണ് ഡീകോഡ്. ഇതു വരെയുള്ള വര്‍ഷങ്ങളില്‍ നടന്ന ഡീകോഡ് ഹാക്കത്തോണുകളില്‍ മത്സരാര്‍ത്ഥികള്‍ വെറും ആശയങ്ങള്‍ക്കപ്പുറം യഥാര്‍ത്ഥ ലോകത്തിനാവശ്യമായ പ്രായോഗിക ആപ്ലിക്കേഷനും വാണിജ്യ സാധ്യതകളും ഉള്ള ഉപകരണങ്ങള്‍ എങ്ങനെ സൃഷ്ടിക്കാന്‍ കഴിയുമെന്നും തെളിയിച്ചിട്ടുണ്ട്.

2019ലാണ് ഡീകോഡ് ഹാക്കത്തോണ്‍ ആരംഭിച്ചത്. ആദ്യ വര്‍ഷങ്ങളില്‍ 840 അപേക്ഷകള്‍ ലഭിച്ച മത്സരത്തില്‍ നിന്ന് സമീപകാല പതിപ്പുകളില്‍ 12,000-ത്തിലധികം അപേക്ഷകളായി മത്സരം വളര്‍ന്നു. ഐ ഐ ടി റൂര്‍ക്കി, ഫ്‌ലോറിഡ നാഷണല്‍ യൂണിവേഴ്‌സിറ്റി, ഗുരു ഗോബിന്ദ് സിംഗ് ഇന്ദ്രപ്രസ്ഥ യൂണിവേഴ്‌സിറ്റി തുടങ്ങിയ പ്രശസ്ത വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ നിന്നുള്ള മത്സരാര്‍ത്ഥികള്‍ സാങ്കേതികവിദ്യ മുതല്‍ പരിസ്ഥിതി സുസ്ഥിരത വരെയുള്ള എല്ലാ ആവശ്യങ്ങള്‍ക്കുമുള്ള സൊല്യൂഷനുകള്‍ സൃഷ്ടിച്ചു വരുന്നു.

'നാളത്തെ ഇന്നോവേറ്റര്‍മാര്‍ സാങ്കേതികവിദ്യകളെ യഥാര്‍ത്ഥ ലോക ഫലങ്ങളാക്കി മാറ്റുന്ന ഇടമാണ് ഡീകോഡ്. ഡാറ്റ, ജെന്‍ എ ഐ, ഭാവിയ്ക്കാവശ്യമായ സാങ്കേതികവിദ്യകള്‍ എന്നിവ വ്യവസായത്തെയും സമൂഹത്തെയും വേഗത്തില്‍ പുനര്‍നിര്‍മ്മിക്കുമ്പോള്‍, പ്രോട്ടോടൈപ്പുകള്‍ക്കപ്പുറം ഉത്തരവാദിത്തത്തോടെ സൊല്യൂഷനുകള്‍ കണ്ടെത്താന്‍ വിദ്യാര്‍ത്ഥികള്‍ക്ക് ഞങ്ങള്‍ ഒരുക്കുന്ന വേദി ആണ് ഇത്. ഇന്നവേറ്റര്‍മാരെ നയിക്കുന്നതിനും അവരെ ഒരു ആഗോള സമൂഹവുമായി ബന്ധിപ്പിക്കുന്നതിനും, അവരുടെ നൂതന ആശയങ്ങളില്‍ മികച്ചവ കണ്ടെത്തുന്നതിനും ഞങ്ങള്‍ ആവേശത്തോടെ കൂടെയുണ്ട്,' യുഎസ് ടി ചീഫ് ടെക്‌നോളജി ഓഫീസര്‍ നിരഞ്ജന്‍ റാം പറഞ്ഞു.

നാലു ഘട്ടങ്ങളിലായാണ് ഡീകോഡ് 2025 സംഘടിപ്പിക്കുന്നത്. ആശയ അവതരണ റൗണ്ടുകളില്‍ തുടങ്ങി, ഹാക്കത്തോണ്‍ ഘട്ടം വരെയുള്ള മത്സരങ്ങള്‍ക്കു ശേഷം വ്യക്തിഗത ഹാക്കത്തോണുകളിലേക്ക് നയിക്കും. പങ്കെടുക്കുന്ന അഞ്ച് രാജ്യങ്ങളില്‍ നിന്നുള്ള പ്രാദേശിക വിജയികള്‍ 2025 സെപ്റ്റംബര്‍ 25 മുതല്‍ 30 വരെ വെര്‍ച്വലായി നടക്കുന്ന ഗ്ലോബല്‍ ഫിനാലെയിലേക്ക് മുന്നേറും. ആഗോള വിജയികളാകുന്ന ടീമിന് 10,000 യുഎസ് ഡോളറും പ്രാദേശിക വിജയികള്‍ക്ക് സമ്മാനത്തുകയും ലഭിക്കും. പങ്കെടുക്കുന്നവര്‍ക്ക് അവരുടെ സൊല്യൂഷനുകള്‍ പരിഷ്‌കരിക്കുന്നതിനും വളര്‍ച്ചാസാധ്യത ഉറപ്പാക്കുന്നതിനും യുഎസ് ടി യില്‍ നിന്ന് വിദഗ്ദ്ധരുടെ മെന്റര്‍ഷിപ്പും പിന്തുണയും ലഭിക്കും. തിരുവനന്തപുരത്ത് നടക്കുന്ന പ്രശസ്തമായ ഡി ത്രീ കോണ്‍ഫറന്‍സില്‍ വിജയികള്‍ക്ക് അവര്‍ രൂപപ്പെടുത്തിയ സൊല്യൂഷനുകള്‍ അവതരിപ്പിക്കാന്‍ അവസരമൊരുക്കുകയും ചെയ്യും.

2019-ല്‍ ആരംഭിച്ചഡീകോഡ്, വരും തലമുറയിലെ പ്രതിഭകളെ അര്‍ത്ഥവത്തായ സാമൂഹിക സ്വാധീനം സൃഷ്ടിക്കുന്നതിനും, സഹകരണം, സര്‍ഗ്ഗാത്മകത, ആഗോള നവീകരണ സംസ്‌കാരം എന്നിവ വളര്‍ത്തുന്നതിനും ശാക്തീകരിക്കുന്നതിനുമായി രൂപകല്‍പ്പന ചെയ്ത യു എസ് ടി യുടെ മുന്‍നിര ഇന്നൊവേഷന്‍ സംരംഭമായി വളര്‍ന്നിട്ടുണ്ട്. രജിസ്റ്റര്‍ ചെയ്യാന്‍ ഈ ലിങ്ക് സന്ദര്‍ശിക്കാം: https://unstop.com/p/d3code-2025-india-edition-ust-global-1537313.

Tags:    

Similar News