രണ്ടു വര്‍ഷം മുന്‍പ് ഒരു ബിറ്റ്കോയിന്റെ വില 17000 ഡോളര്‍; ഇപ്പോള്‍ അത് ഒരു ലക്ഷം ഡോളര്‍ കടന്നു; മാസങ്ങള്‍ക്കുള്ളില്‍ ഇരട്ടിയാകും; എല്ലാ ക്രിപ്‌റ്റോ കറന്‍സികളെയും വിശ്വസിക്കാനാവില്ലെങ്കിലും ബിറ്റ്കോയിന്‍ മുന്‍പോട്ട്
രണ്ടു വര്‍ഷം മുന്‍പ് ഒരു ബിറ്റ്കോയിന്റെ വില 17000 ഡോളര്‍
ന്യൂയോര്‍ക്ക്: കഴിഞ്ഞ ദിവസമാണ് ക്രിപ്റ്റോ കറന്‍സിയായ ബിറ്റ്കോയിന്റെ വില ആദ്യമായി ഒരു ലക്ഷം ഡോളര്‍ കടന്നത്. കഴിഞ്ഞ വ്യാഴാഴ്ച ഒരു ബിറ്റ്കോയിന്റെ വില വ്യാഴാഴ്ച ഒരു ബിറ്റ്കോയിന്റെ വില 1,03,719 ഡോളറില്‍ അഥവാ 87.87 ലക്ഷം രൂപയില്‍ റെക്കോര്‍ഡിട്ടത്. രണ്ടു വര്‍ഷം മുമ്പ് ഒരു ബിറ്റ്കോയിന്റെ വില പതിനേഴായിരം ഡോളറായിരുന്നു. എല്ലാ ക്രിപ്റ്റോ കറന്‍ികളേയും വിശ്വസിക്കാന്‍ കഴിയില്ലെങ്കിലും ബിറ്റ്കോയിന്‍ ഇപ്പോഴും കുതിപ്പ് തുടരുകയാണ്. സാമ്പത്തിക മേഖലയിലെ നിരവധി വിദഗ്ധരാണ് ഇപ്പോള്‍ ബിറ്റ്കോയിന്റെ ശുഭകരമായ ഭാവിയെ കുറിച്ചുള്ള പ്രവചനങ്ങളുമായി രംഗത്ത് എത്തിയിരിക്കുന്നത്.
ഏറ്റവും വിറ്റ് പോയ പുസ്തകമായ ദി ക്രിപ്റ്റോ ട്രേഡറിന്റെ രചതിയാവായ ഗ്ലെന്‍ ഗുഡ്മാന്‍ പറയുന്നത് അടുത്ത വര്‍ഷം ജനുവരി അവസാനത്തോടെ ഒരു ബിറ്റ്കോയിന്റെ വില 120000 ഡോളറാകുമെന്നാണ്. ഭാവിയില്‍ ഒരു പക്ഷെ ബിറ്റ്കോയിന്റെ വില ഇടിയാനുള്ള സാധ്യത തള്ളിക്കളയാകാന്‍ ആകില്ലെങ്കിലും നിലവില്‍ ബിറ്റ്കോയിന് ശോഭനമായ ഭാവിയാണ് ഉള്ളതെന്നാണ്. ഡൊണാള്‍ഡ് ട്രംപ് അമേരിക്കന്‍ പ്രസിഡന്റായത് തന്നെയാണ് ബിറ്റ്കോയിന്റെ വില ഉയരാന്‍ കാരണമെന്നാണ് ഗുഡ്മാന്‍ പറയുന്നത് എന്നാല്‍ ട്രംപിന്റെ ഇഷ്ടാനിഷ്ടങ്ങള്‍ എപ്പോഴും മാറിക്കൊണ്ടിരിക്കുന്നത് കൊണ്ട് ഇക്കാര്യത്തില്‍ ഉറപ്പുകളൊന്നും നല്‍കാന്‍ കഴിയില്ലെന്നും അദ്ദേഹം വ്യക്തമാക്കുന്നു.
എന്നാല്‍ പ്രമുഖ ക്രിപ്റ്റോ കറന്‍സി ട്രേഡറായ പീറ്റര്‍ ക്രോമി പറയുന്നത് അടുത്ത നാല് മാസത്തിനകം ഒരു ബിറ്റ്കോയിന്റെ വില രണ്ട് ലക്ഷം
ഡോളറായി ഉയരുമെന്നാണ്. എന്നാല്‍ ഈ അസാധാരണമായ ഉയര്‍ച്ച ചിലപ്പോള്‍ തകര്‍ച്ചയില്‍ കൊണ്ടെത്തിക്കാനും സാധ്യതയുണ്ടെന്നാണ് അദ്ദേഹം പറയുന്നത്. എന്നാല്‍ അടുത്ത ആറ് മാസത്തിനും ഒരു വര്‍ഷത്തിനുമിടയില്‍ ഒരു ബിറ്റ്കോയിന്റെ വില രണ്ടര ലക്ഷം ഡോളറായി ഉയരുമെന്നാണ് കോയിന്‍കോം എന്ന ക്രിപ്റ്റോ ട്രേഡിംഗ് സ്ഥാപനത്തിന്റെ മേധാവിയായ ഡാനി സ്‌ക്കോട്ട് പ്രവചിക്കുന്നത്. അതേ സമയം ക്രിസ് ബ്യൂചാമ്പ് എന്ന സാമ്പത്തിക കാര്യ വിദഗ്ധന്‍ പറയുന്നത് അടുത്ത വര്‍ഷം ഒരു ബിറ്റ്കോയിന്റെ വില 280000 ആകുമെന്നാണ്.
സൈമണ്‍ പീറ്റേവ്സ് എന്ന ഈ മേഖലയിലെ തന്നെ മറ്റൊരു പ്രമുഖന്‍ പ്രവചിക്കുന്നത് ബിറ്റ്കോയിന്റെ വില അടുത്ത വര്‍ഷം അവസാനവും 2026 ന്റെ തുടക്കത്തിലും ഉയരുമെന്ന് തന്നെയാണ്. അമേരിക്കയില്‍ ക്രിപ്റ്റോ കറന്‍സിയുടെ നിയന്ത്രണവുമായി ബന്ധപ്പെട്ട് കൂടുതല്‍ വ്യക്തത കൈവരുന്നതും അനുകൂലമായ വിപണിസാഹചര്യവും ഇ.ടി.എഫ്. സ്ഥാപനങ്ങള്‍ ബിറ്റ്കോയിന്‍ അംഗീകരിക്കാന്‍ തുടങ്ങുന്നതായുള്ള സൂചനകളുമാണ് വില ഉയരാന്‍ കാരണമായതെന്നാണ് വിദഗ്ധര്‍ പറയുന്നത്.
ആഗോളതലത്തില്‍ സര്‍ക്കാരുകളും വിവിധ സ്ഥാപനങ്ങളും ബ്ലോക്ക് ചെയിന്‍ സാങ്കേതികവിദ്യ കൂടുതലായി ഉപയോഗിക്കാന്‍ ആരംഭിച്ചിട്ടുണ്ട്. ഇത് ഡിജിറ്റല്‍ ആസ്തികളിലുള്ള നിക്ഷേപത്തിന്റെ സ്വീകാര്യത കൂട്ടുമെന്നാണ് സാമ്പത്തിക കാര്യ വിദഗ്ധര്‍ അഭിപ്രായപ്പെടുന്നത്.ബിറ്റ്കോയിന്‍ ഉള്‍പ്പെട്ട ക്രിപ്റ്റോകറന്‍സി സംവിധാനം സുസ്ഥിരമായി വളരുമെന്നതാണ് വില ഉയരുന്നതിലൂടെ പ്രതിഫലിക്കുന്നതെന്നും അവര്‍ ചൂണ്ടിക്കാട്ടുന്നു. ആഗോളതലത്തില്‍ ക്രിപ്റ്റോ വിപണിയുടെ മൊത്തം വിപണിമൂല്യം 3.5 ലക്ഷം കോടി ഡോളര്‍ കടന്നതായാണ് കണക്കാക്കുന്നത്.
അമേരിക്കയില്‍ ഡൊണാള്‍ഡ് ട്രംപ് പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടതിനുശേഷമാണ് ബിറ്റ്കോയിന്‍ വില അസാധാരണമായ രീതിയില്‍ ഉയരാന്‍ തുടങ്ങിയത്. അന്ന് 72,000 ഡോളറിനടുത്തായിരുന്ന വില ഏതാനും ആഴ്ചകള്‍കൊണ്ട് 31,000 ഡോളറിനടുത്ത് വര്‍ദ്ധിച്ചു കഴിഞ്ഞു. ഈ വര്‍ഷംമാത്രം 45 ശതമാനത്തിനടുത്താണ് വില ഉയര്‍ന്നത്. യു.എസ്. സെക്യൂരിറ്റീസ് ആന്‍ഡ് എക്സ്ചേഞ്ച് കമ്മിഷന്‍ മേധാവിയായി, ക്രിപ്റ്റോ കറന്‍സിയെ പിന്തുണയ്ക്കുന്ന പോള്‍ അറ്റ്കിന്‍സിനെ നിയമിക്കുമെന്ന സൂചനകളാണ് ഇപ്പോഴത്തെ മുന്നേറ്റത്തിന് പിന്നിലെന്നാണ് കരുതപ്പെടുന്നത്. അമേരിക്കയിലെ എക്സ്ചേഞ്ച് ട്രേഡഡ് ഫണ്ടുകള്‍ കൂടുതലായി ബിറ്റ്കോയിനില്‍ നിക്ഷേപിക്കാന്‍ തുടങ്ങിയിട്ടുണ്ട്. ഈ വര്‍ഷം 3200 കോടി ഡോളറാണ് ബിറ്റ്കോയിനിലേക്ക് ഇവര്‍ നിക്ഷേപിച്ചത്.
ട്രംപ് തിരഞ്ഞെടുക്കപ്പെട്ടശേഷംമാത്രം 800 കോടി ഡോളറിന്റെ നിക്ഷേപമെത്തിയതായി ബ്ലൂംബെര്‍ഗിന്റെ കണക്കുകള്‍ സൂചിപ്പിക്കുന്നു. ഭരണകൂടങ്ങളുടെ അംഗീകാരമോ കേന്ദ്ര ബാങ്കുകളുടെ നിയന്ത്രണമോ ഇല്ലാതെ ലോകം മുഴുവന്‍ ക്രയവിക്രയം ചെയ്യുന്ന കറന്‍സികളാണ് ക്രിപ്‌റ്റോ കറന്‍സികള്‍. വിവിധ തരം ക്രിപ്‌റ്റോ കറന്‍സികളില്‍ ഏറ്റവും ജനപ്രിയമാണ് ബിറ്റ്കോയിന്‍.