75000 രൂപ സ്റ്റാന്റേര്‍ഡ് ഡിഡക്ഷന്‍ ഉള്ളതിനാല്‍ 7.75 ലക്ഷം വരെ വാര്‍ഷിക വരുമാനം വാങ്ങുന്നവര്‍ നിലവില്‍ നികുതി നല്‍കേണ്ടതില്ല; പുതിയ ബജറ്റില്‍ നികുതി ആനുകൂല്യ പരിധി 14 ലക്ഷമാക്കുമോ? ഡല്‍ഹിയില്‍ വോട്ടുകൂട്ടാന്‍ നിര്‍മലാ സീതാരാമന്‍ ഇത്തവണ അവതരിപ്പിക്കുക ടാക്‌സ് ഡിഡക്ഷന്‍ ബജറ്റ്? ഫെബ്രുവരി ഒന്നില്‍ പ്രതീക്ഷകള്‍ ഏറെ
ന്യൂഡല്‍ഹി: ഡല്‍ഹിയിലെ തിരഞ്ഞെടുപ്പ് കേന്ദ്രബജറ്റിനെ ജനപ്രിയമാക്കുമോ? ലോക്‌സഭാ തിരഞ്ഞെടുപ്പിന് തൊട്ടു മുമ്പുള്ള ബജറ്റില്‍ പോലും സാധാരണക്കാര്‍ക്ക് ഒന്നും മോദി സര്‍ക്കാര്‍ നല്‍കിയില്ല. അധികാരത്തില്‍ തിരിച്ചെത്തിയെങ്കിലും മോദിക്ക് ഒറ്റയ്ക്ക് ഭൂരിപക്ഷവും കിട്ടിയില്ല. മഹാരാഷ്ട്രയിലും ഹരിയാനയിലും ബിജെപിക്ക് നിയമസഭാ ഭരണം അതിന് ശേഷം കിട്ടി. ഡല്‍ഹിയില്‍ അധികാരം കിട്ടേണ്ടത് അനിവാര്യതയും. അതുകൊണ്ട് തന്നെ ഈ കേന്ദ്ര ബജറ്റില്‍ സാധാരണക്കാരെ കൈയ്യിലെടുക്കാന്‍ മോദി സര്‍ക്കാര്‍ ശ്രമിക്കുമെന്നാണ് പ്രതീക്ഷ. കേന്ദ്രബജറ്റില്‍ ആദായനികുതി ഇളവുകളടക്കം വലിയ നികുതി പരിഷ്‌കാരങ്ങള്‍ ധനമന്ത്രി നിര്‍മല സീതാരാമന്‍ പ്രഖ്യാപിക്കുമെന്നാണ് സൂചന. നേരിട്ടു പ്രഖ്യാപനങ്ങള്‍ ഉണ്ടാകില്ലെങ്കിലും ഫെബ്രുവരി അഞ്ചിന് വോട്ടെടുപ്പ് നടക്കുന്ന ഡല്‍ഹിയിലെയും വൈകാതെ തെരഞ്ഞെടുപ്പ് നടക്കുന്ന ബിഹാറിലെയും വോട്ടര്‍മാരെ ലക്ഷ്യമിട്ടുള്ള പൊതുപ്രഖ്യാപനങ്ങളും ഇളവുകളും ബജറ്റില്‍ ഉണ്ടായേക്കും. ഡല്‍ഹിയിലെ 70 നിയമസഭാ മണ്ഡലങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പ് ഫെബ്രുവരി 5നാണ്. ഒറ്റഘട്ടമായാണു വോട്ടെടുപ്പ്. ഫെബ്രുവരി എട്ടിനാണു വോട്ടെണ്ണല്‍. അതുകൊണ്ട് തന്നെ കേന്ദ്ര ബജറ്റില്‍ ഡല്‍ഹിയ സ്വാധീനിക്കാനുള്ള ഘടകങ്ങള്‍ ഉറപ്പാണ്.
പ്രതിവര്‍ഷം 14 ലക്ഷം രൂപ വരെ സമ്പാദിക്കുന്നവര്‍ക്ക് നികുതി ആനുകൂല്യങ്ങള്‍ നല്‍കാനാണ് ആലോചന. ആദായനികുതി ഇളവുകളോടൊപ്പം നികുതി ഫയലിംഗ് ചട്ടങ്ങള്‍ ലളിതമാക്കുന്നത് അടക്കമുള്ള പരിഷ്‌കാരങ്ങളും കേന്ദ്രബജറ്റില്‍ പ്രഖ്യാപിച്ചേക്കും. അങ്ങനെ വന്നാല്‍ വമ്പന്‍ ജനപ്രിയ ബജറ്റായി അതു മാറും. ഫെബ്രുവരി ഒന്നിന് രാവിലെ 11നാകും ലോക്‌സഭയില്‍ ധനമന്ത്രി നിര്‍മല സീതാരാമന്‍ തന്റെ തുടര്‍ച്ചയായ എട്ടാമത്തെ ബജറ്റ് അവതരിപ്പിക്കുക. ശനിയാഴ്ചയാണെങ്കിലും പാര്‍ലമെന്റിന്റെ പ്രത്യേക സിറ്റിംഗ് നടത്തിയാകും ഈ വര്‍ഷത്തെ സന്പൂര്‍ണ പൊതുബജറ്റ് അവതരിപ്പിക്കുക. രാജ്യത്തിന്റെ സാന്പത്തികനില വിലയിരുത്തുന്ന സര്‍വേ റിപ്പോര്‍ട്ട് ഈ മാസം 31ന് ലോക്‌സഭയില്‍ സമര്‍പ്പിക്കും. നികുതിഘടനയും ആദായനികുതി (ഐടിആര്‍) ഫയലിംഗ് പ്രക്രിയയും ലളിതമാക്കാനാകും ശ്രമിക്കുക.
രാജ്യത്തെ വ്യക്തിഗത ആദായനികുതി വരവ് ഏപ്രില്‍- നവംബര്‍ കാലയളവില്‍ 25 ശതമാനം ഉയര്‍ന്ന് 7.41 ലക്ഷം കോടി രൂപയായിരുന്നു. പ്രതിവര്‍ഷം 14 ലക്ഷം രൂപവരെ സമ്പാദിക്കുന്ന വ്യക്തികളുടെ ഭാരം ലഘൂകരിക്കുന്നതാകും പുതിയ നികുതി ഘടന. എന്നാല്‍ മറ്റു നികുതിനിരക്കുകളിലും നയങ്ങളിലും കാര്യമായ മാറ്റങ്ങള്‍ ഉണ്ടായേക്കില്ല. മൂന്നു ലക്ഷം മുതല്‍ ആറു ലക്ഷം രൂപ വരെ വരുമാനത്തിന് അഞ്ചു ശതമാനമാണു നിലവിലെ നികുതി. ഇതില്‍ നേരിയ പരിഷ്‌കാരത്തിലൂടെ 14 ലക്ഷം രൂപ വരെ വാര്‍ഷിക വരുമാനമുള്ളവര്‍ക്ക് ഇളവ് നല്‍കാനാകും ശ്രമം. പുതിയ നികുതി സമ്പ്രദായത്തിലാണ് മാറ്റം പ്രതീക്ഷിക്കുന്നത്. നിലവില്‍ ഈ വിഭാഗത്തില്‍ മൂന്ന് ലക്ഷം വരെയാണ് ആദായ നികുതി അടക്കേണ്ടാത്തത്. മൂന്ന് മുതല്‍ ആറ് ലക്ഷം വരെ അഞ്ച് ശതമാനവും ഒന്‍പത് ലക്ഷം വരെ 10 ശതമാനവും 12 ലക്ഷം വരെ 15 ശതമാനവും 15 ലക്ഷം വരെ 20 ശതമാനവുമാണ് നികുതി നല്‍കേണ്ടത്.
15 ലക്ഷത്തിന് മേലെ ശമ്പളക്കാര്‍ 30 ശതമാനം നികുതി നല്‍കണം. എന്നാല്‍ എന്നാല്‍ 75000 രൂപ സ്റ്റാന്റേര്‍ഡ് ഡിഡക്ഷന്‍ ഉള്ളതിനാല്‍ 7.75 ലക്ഷം വരെ വാര്‍ഷിക വരുമാനം വാങ്ങുന്നവര്‍ നിലവില്‍ നികുതി നല്‍കേണ്ടതില്ല. പുതിയ ബജറ്റില്‍ ഏറ്റവും കുറഞ്ഞ നികുതി പരിധി മൂന്ന് ലക്ഷത്തില്‍ നിന്ന് നാല് ലക്ഷത്തിലേക്ക് ഉയര്‍ത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. നാല് മുതല്‍ ഏഴ് ലക്ഷം വരെ 5 ശതമാനം നികുതിയാകാനും സാധ്യതയുണ്ട്. സ്റ്റാന്റേര്‍ഡ് ഡിഡക്ഷന്‍ കൂടെ വരുമ്പോള്‍ 15 ലക്ഷം വരെയുള്ള നികുതി ദായകര്‍ക്ക് വലിയ ആശ്വാസം ലഭിക്കുമെന്നാണ് വിലയിരുത്തല്‍. ഉപഭോഗം കുറയുന്നതായുള്ള വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് കേന്ദ്ര സര്‍ക്കാര്‍ നികുതി ഘടന പരിഷ്‌കരിക്കാന്‍ നീങ്ങുന്നത്. നഗരമേഖലയിലാണ് ആദായ നികുതി നല്‍കുന്നവര്‍ ഏറെയും താമസിക്കുന്നത്. 20 ശതമാനം വരെ നികുതി നല്‍കുന്ന വിഭാഗത്തില്‍ ഇളവ് നല്‍കിയാല്‍ വലിയ മാറ്റം ഉപഭോഗത്തിലുമുണ്ടാകുമെന്നാണ് പ്രതീക്ഷ.
മൂന്നാം നരേന്ദ്ര മോദി സര്‍ക്കാരിന്റെ രണ്ടാം ബജറ്റ് അവതരിപ്പിക്കുന്ന 2025 ഫെബ്രുവരി ഒന്നിന് അവധി ഒഴിവാക്കി ഓഹരി വിപണികളും സജീവമാകും. ദേശീയ ഓഹരി വിപണിയും (എന്‍എസ്ഇ) ബോംബെ സ്റ്റോക്ക് എക്‌സ്‌ചേഞ്ചും (ബിഎസ്ഇ) സര്‍ക്കുലറിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. പൊതുവേ ശനിയും ഞായറും ഓഹരി വിപണികള്‍ക്ക് അവധിയാണ്. ഇക്കുറി ഫെബ്രുവരി ഒന്ന് ശനിയാഴ്ചയുമാണ്. എന്നാല്‍, ബജറ്റ് പ്രഖ്യാപനങ്ങളോട് സമയബന്ധിതമായി പ്രതികരിക്കാന്‍ നിക്ഷേപകര്‍ക്ക് അവസരം ഉറപ്പാക്കുകയെന്നോണം ഫെബ്രുവരി ഒന്നിലെ അവധി ഒഴിവാക്കി. സാധാരണ പ്രവൃത്തിദിനത്തിലെന്ന പോലെ രാവിലെ മുതല്‍ വൈകിട്ടുവരെ അന്ന് വിപണി പ്രവര്‍ത്തിക്കും. മുമ്പ് ബജറ്റ് അവതരിപ്പിക്കപ്പെട്ട ശനിയാഴ്ചകളായ 2015 ഫെബ്രുവരി 28, 2020 ഫെബ്രുവരി ഒന്ന് തീയതികളിലും ഓഹരി വിപണികള്‍ പ്രവര്‍ത്തിച്ചിരുന്നു. പൊതുവേ ബജറ്റില്‍ കൂടുതല്‍ ഊന്നലുണ്ടാകുക അടിസ്ഥാന സൗകര്യവികസനം, ബാങ്കിങ്, മാനുഫാക്ചറിങ്, ആരോഗ്യ സേവനമേഖലകള്‍ക്കായിരിക്കും. പുറമേ നികുതി, വിവിധ മേഖലകള്‍ക്കായുള്ള നയങ്ങള്‍, ഫണ്ട് വകയിരുത്തലുകള്‍ എന്നിവ സംബന്ധിച്ച പ്രഖ്യാപനങ്ങളുമുണ്ടാകും.
ബജറ്റിന് മുന്നോടിയായി ധനമന്ത്രി നിര്‍മ്മല സീതാരാമനുമായി നടത്തിയ യോഗത്തില്‍ കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാരുടെ ട്രേഡ് യൂണിയനുകള്‍ എട്ടാം ശമ്പള കമ്മീഷന്‍ ഉടനടി രൂപീകരിക്കണമെന്ന് ആവശ്യപ്പെട്ടു. കഴിഞ്ഞ ബജറ്റിലും പുതിയ ശമ്പള കമ്മീഷന്‍ വേണമെന്ന ആവശ്യം എംപ്ലോയീസ് യൂണിയനുകള്‍ ഉന്നയിച്ചിരുന്നു. 2014 ഫെബ്രുവരിയില്‍ ആയിരുന്നു ഏഴാം ശമ്പള ഏഴാം ശമ്പള കമ്മീഷന്‍ രൂപീകരിച്ചത്. നിലവില്‍ 10 വര്‍ഷം കഴിഞ്ഞു. ഇത്തവണയും പുതിയ ശമ്പള കമ്മീഷന്‍ വന്നില്ലെങ്കില്‍ അത് മറ്റു പ്രശ്‌നങ്ങളിലേക്ക് നയിച്ചേക്കാം. എട്ടാം ശമ്പള കമ്മീഷന്‍ ഉടന്‍ രൂപീകരിക്കണമെന്ന് സി.ഐ.ടി.യു ദേശീയ സെക്രട്ടറി സ്വദേശ് ദേവ് റോയ് ആവശ്യപ്പെട്ടിരുന്നു.