ട്രംപ് മൂന്ന് മാസത്തേക്ക് താരിഫ് വര്‍ധന തടഞ്ഞത് ലോക വിപണി കരകയറാതെ തുടര്‍ന്നതോടെ ഗതികെട്ട്; ഞൊടിയിടയില്‍ ഷെയര്‍ മാര്‍ക്കറ്റ് ഉയര്‍ന്ന് പൊങ്ങി; ചൈനക്ക് താരിഫ് വീണ്ടും വര്‍ധിപ്പിച്ചത് പ്രതിസന്ധി നിലനിര്‍ത്തും; അമേരിക്കന്‍ ഉത്പ്പന്നങ്ങള്‍ക്കെല്ലാം വില ഉയരും

Update: 2025-04-10 03:56 GMT

മേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് താരിഫ് വര്‍ദ്ധന തടഞ്ഞത് ലോകവിപണി കരകയറാതെ വന്ന അവസരത്തില്‍ ഗതികെട്ട അവസ്ഥയില്‍. ഇതിന് തുടര്‍ച്ചയായി ഓഹരി വിപണിയും കുതിച്ചുയര്‍ന്നു. എന്നാല്‍ ചൈനക്ക് താരിഫ് വര്‍ദ്ധിപ്പിച്ചത് പ്രതിസന്ധി തുടരാന്‍ കാരണമായേക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്. അമേരിക്കന്‍ ഉത്പ്പന്നങ്ങ്ള്‍ക്കെല്ലാം വില ഉയരാനും സാധ്യതയുണ്ട്.

ഓഹരി വിപണിയിലെ തകര്‍ച്ച താന്‍ കാണുന്നതായി ട്രംപ് വ്യക്തമാക്കി. ആളുകള്‍ അസ്വസ്ഥരാകുന്നത് താന്‍ കണ്ടു എന്നും ഇപ്പോള്‍ സ്ഥിതിഗതികള്‍ മനോഹരമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. അതേ സമയം താരിഫ് വര്‍ദ്ധന തടഞ്ഞത് താത്ക്കാലിക നടപടി മാത്രമാണെന്നും ട്രംപ് പറഞ്ഞു. എന്നാല്‍ ചൈനക്കാര്‍ക്ക് എന്ത് ചെയ്യണമെന്ന് അറിയില്ലെന്നും ട്രംപ് കുറ്റപ്പെടുത്തി. താരിഫിന്റെ കാര്യത്തില്‍ ആരെങ്കിലും തിരിച്ചടിക്കാന്‍ ഒരുങ്ങിയാല്‍ താരിഫ ്ഇരട്ടിയാക്കുമെന്ന് താന്‍ നേരത്തേ പ്രഖ്യാപിച്ചതിന്റെ അടിസ്ഥാനത്തിലാണ് അവരുടെ മേല്‍ വീണ്ടും താരിഫ് ഏര്‍പ്പെടുത്തിയതെന്നും അദ്ദേഹം വ്യക്തമാക്കി.

ചൈനയുടെ മേല്‍ നിലവില്‍ 125 ശതമാനം താരിഫാണ് അമേരിക്ക എര്‍പ്പെടുത്തിയിരിക്കുന്നത്. ചൈന ഒഴികെയുള്ള മറ്റു രാജ്യങ്ങള്‍ക്ക് അടിസ്ഥാന തീരുവ 10 ശതമാനമായിരിക്കും. അധികമായി ചുമത്തിയ തീരുവയാണ് 90 ദിവസത്തേക്ക് മരവിപ്പിച്ചിരിക്കുന്നത്. വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി കരോലിന്‍ ലീവിറ്റാണ് ഇക്കാര്യം അറിയിച്ചത്. വ്യാപാര യുദ്ധം കനക്കുന്നതിനിടെ ചൈനയ്ക്ക് ബുധനാഴ്ച 104 ശതമാനം തീരുവ ഏര്‍പ്പെടുത്തിയിരുന്നു. ഇതിന് പിന്നാലെ അതേനാണയത്തില്‍ ചൈന തിരിച്ചടിച്ചു. യുഎസില്‍നിന്ന് ഇറക്കുമതിചെയ്യുന്ന സാധനങ്ങള്‍ക്ക് ചൈന 84 ശതമാനം തീരുവ പ്രഖ്യാപിച്ചു. ഇത് വ്യാഴാഴ്ച ഉച്ചയ്ക്ക് 12.01-ന് നിലവില്‍വരുമെന്നും അറിയിച്ചു.

ഈ പ്രഖ്യാപനം നടത്തി 24 മണിക്കൂര്‍ പിന്നിടുംമുമ്പാണ് അമേരിക്ക ചൈനീസ് ഉത്പന്നങ്ങള്‍ക്കുള്ള തീരുവ വീണ്ടും ഉയര്‍ത്തി 125 ശതമാനത്തിലെത്തിച്ചിരിക്കുന്നത്.വ്യാപാര പങ്കാളികളുള്‍പ്പെടെ അറുപതോളം രാജ്യങ്ങള്‍ക്ക് ട്രംപ് പകരച്ചുങ്കം ഏര്‍പ്പെടുത്തിയിരുന്നു. ഇത് ബുധനാഴ്ച നിലവില്‍വരികയും ചെയ്തിരുന്നു. ഇതാണ് 90 ദിവസത്തേക്ക് മരവിപ്പിച്ചിരിക്കുന്നത്. ഇന്ത്യക്ക് അമേരിക്ക ചുമത്തിയത് 26 ശതമാനമായിരുന്നു. ചൈനയ്ക്ക് 34 ശതമാനവും. എന്നാല്‍, അതിനുമുന്‍പ് രണ്ടുതവണയായി ചുമത്തിയ 10 ശതമാനം വീതം തീരുവകൂടിചേര്‍ന്നപ്പോള്‍ അത് 54 ശതമാനമായി. ഇതിനുള്ള മറുപടിയായി ചൈന യുഎസ് ഉത്പന്നങ്ങള്‍ക്ക് 34 ശതമാനം ഇറക്കുമതിത്തീരുവ ചുമത്തി. അത് ബുധനാഴ്ച നിലവില്‍വരുമെന്ന് പ്രഖ്യാപിച്ചു. പ്രകോപിതനായ ട്രംപ്, ചൊവ്വാഴ്ച ചൈനയ്ക്ക് 50 ശതമാനം തീരുവകൂടി ചുമത്തി.

അതോടെയാണ് ചൈന യുഎസിനു നല്‍കേണ്ട ഇറക്കുമതിത്തീരുവ 104 ശതമാനമായി. ഇത് ബുധനാഴ്ച നിലവില്‍വരുകയും ചെയ്തു. ഈ പശ്ചാത്തലത്തിലാണ് പ്രതികാരനടപടിയായി യുഎസ് ഉത്പന്നങ്ങള്‍ക്ക് 84 ശതമാനം തീരുവ ചുമത്തുന്നതായി ചൈനീസ് ധനമന്ത്രാലയം അറിയിച്ചത്. മണിക്കൂറുകള്‍ക്കകം ചൈനയ്ക്കുള്ള തീരുവ 125 ശതമാനമാക്കി ട്രംപ് തിരിച്ചടിക്കുകയും ചെയ്തു. എന്നാല്‍ ചൈന അമേരിക്കയുടെ ഈ നീക്കത്തോട് ഇനിയും പ്രതികരിച്ചിട്ടില്ല. എന്നാല്‍ ഇത് വലിയ സാമ്പത്തിക പ്രതിസന്ധിയിലേക്ക്് എത്തിക്കുമെന്ന് തന്നെയാണ് കരുതപ്പെടുന്നത്. അതേ സമയം ഓഹരി വിപണിയില്‍ ട്രംപിന്റെ പ്രഖ്യാപനവുമായി ബന്ധപ്പെട്ട് വലിയ ഉണര്‍വാണ് ഉണ്ടായത്. ആപ്പിളിനും ടെസ്ലയ്ക്കും എല്ലാം ഇത് വലിയ നേട്ടമാണ് ഉണ്ടാക്കിയത്.

ടെസ്ലയുടെ ഓഹരി വില 22.7 ശതമാനവും, ആപ്പിള്‍ 15 ശതമാനത്തിലധികവും ഉയര്‍ന്നപ്പോള്‍ ആമസോണ്‍ 12 ശതമാനവും ഉയര്‍ന്നു. ചിപ്പ് നിര്‍മ്മാതാക്കളായ എന്‍വിഡിയ 18.72 ശതമാനവും ഉയര്‍ന്നു. സാമ്പത്തിക മാന്ദ്യ ഭീതിയെത്തുടര്‍ന്ന് 60 ഡോളറില്‍ താഴെയെത്തിയ എണ്ണയുടെ വില ബാരലിന് 65 ഡോളറിലെത്തി. നേരത്തേ ജെ.പി മോര്‍ഗന്‍ ഉള്‍പ്പെടെയുള്ള വമ്പന്‍ ധനകാര്യ സ്ഥാപനങ്ങള്‍ ട്രംപിന്റെ താരിഫ് ഉയര്‍ത്തിയ തീരുമാനം വലിയ പ്രത്യാഘാതം ഉണ്ടാക്കുമെന്ന് മുന്നറിയിപ്പ് നല്‍കിയിരുന്നു.

Similar News